അഭിമന്യുമാര്‍ ഇനിയും ജീവിച്ചിരിപ്പുണ്ട്
ഷഫീഖ് താമരശ്ശേരി

2018 ജൂലൈ 1 രാത്രിയിലാണ് എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യൂ, ഒരു കൂട്ടം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റ് കൊല്ലപ്പെടുന്നത്. സമീപകാലത്തെ മറ്റേതൊരു വാര്‍ത്തയേക്കാളും മലയാളിയുടെ മനസ്സാക്ഷിയെ മുറിവേല്‍പ്പിക്കുന്നതായിരുന്നു അഭിമന്യുവിന്റെ കൊലപാതകം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു കലാലയത്തിലെ മുഴുവന്‍ ഹൃദയങ്ങളെയും കീഴടക്കിയിരുന്നു ആ ഇരുപത്തിയൊന്നുകാരന്‍. ചിരിക്കുന്ന മുഖവുമായി മാത്രം ക്യാമ്പസ്സിന് പരിചയമുള്ള അഭിമന്യുവിന്റെ ജീവിതത്തിന്റെ പിന്നാമ്പുറം പക്ഷേ, ഏറെ യാതനകള്‍ നിറഞ്ഞതായിരുന്നു. അഭിമന്യു ആദിവാസിയായിരുന്നു. ഭാഷാ ന്യൂനപക്ഷമായിരുന്നു. ഇടുക്കിയിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലൊന്നായ വട്ടവടയിലെ ഒരു കര്‍ഷക തൊഴിലാളി കുടുംബത്തില്‍ ജനിച്ചവനായിരുന്നു. എല്ലാത്തിലുമുപരി ചിതറിത്തെറിക്കപ്പെട്ട ഒരു ഗോത്രത്തിന്റെ പ്രതിനിധി കൂടിയായിരുന്നു അവന്‍. വിശപ്പും പട്ടിണിയുമെല്ലാം കഥകളില്‍ മാത്രം വായിച്ച് ശീലിച്ച മലയാളികള്‍ക്കിടയില്‍ ഇതെല്ലാം അനുഭവിച്ച് ജീവിച്ച ഒരുവന്‍. വട്ടവട ഗ്രാമത്തില്‍ നിന്നും കൊച്ചിയിലെ മഹാരാജാസ് കോളേജിലേക്കുള്ള അവന്റെ യാത്രകളുടെ ദൂരം ഒരു ഇരുപത്തിയൊന്നുകാരന് താണ്ടാന്‍ കഴിയുന്നതിനുമെത്രയോ അപ്പുറത്തായിരുന്നു.

രാമചന്ദ്രൻ ഇടമലക്കുടി

അഭിമന്യുവിന്റെ രക്തസാക്ഷിത്വം കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചു. പോപ്പലുര്‍ ഫ്രണ്ട് പോലുള്ള വര്‍ഗീയ ശക്തികളുടെ രാഷ്ട്രീയ ഇരട്ടത്താപ്പിനെ കേരളം ചോദ്യം ചെയ്തു. മനുഷ്യസ്നേഹികളായ ആയിരക്കണക്കിന് പേര്‍ നേരിട്ടും അല്ലാതെയും ആ രക്തസാക്ഷിത്വത്തെ ഹൃദയംകൊണ്ട് അഭിവാദ്യം ചെയ്തു. സ്വന്തം നാട്ടില്‍ ഒരു ലൈബ്രറി ഉണ്ടാവണമെന്ന അഭിമന്യുവിന്റെ ആഗ്രഹ സഫലീകരണത്തിനായി കേരളം ഒപ്പം നിന്നു.

ജയറാം, മഹാരാജാസ് കോളേജ്

എന്നാല്‍ അഭിമന്യുവിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇനിയെങ്കിലും നാം കൂട്ടിച്ചേര്‍ക്കേണ്ട ഒന്നുണ്ട്. രാഷ്ട്രീയമായ അഭിമന്യുവിന്റെ പ്രാതിനിത്യത്തൊടൊപ്പമോ, അതിനേക്കാള്‍ പ്രാധാന്യത്തോടുകൂടിയോ നാം പരിഗണിക്കേണ്ട ഒന്ന്. സമൂഹത്തിലെ ഏത് വിഭാഗത്തിന്റെ പ്രതിനിധി ആയിരുന്നു അഭിമന്യു എന്നത്. കാരണം, കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് വരെയുള്ള അഭിമന്യു, കേരളത്തിലെ ക്യാമ്പസ്സുകളില്‍ ജീവിതത്തോട് മല്ലിടുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ പരിച്ഛേദമായിരുന്നു. മലമുകളിലെ ഊരുകളില്‍ നിന്നും, കാടുകളില്‍ നിന്നും, തോട്ടങ്ങളിലെ ലയങ്ങളില്‍ നിന്നും മൂന്ന് സെന്റ് കോളനികളില്‍ നിന്നുമെല്ലാം വിദ്യാഭ്യാസ മോഹങ്ങളുമായി നമ്മുടെ നഗരങ്ങളിലെത്തുന്ന നിരവധി പേരുണ്ട്. ആദിവാസികളും ദളിതരുമായ വിദ്യാര്‍ത്ഥികള്‍. ഭക്ഷണത്തിനും താമസസൗകര്യത്തിനും മറ്റ് ഭൗതിക സാഹചര്യങ്ങള്‍ക്കും വേണ്ടി ഇന്നും നഗരങ്ങളിലലയേണ്ടി വരുന്ന ഈ വിദ്യാര്‍ത്ഥികളെക്കുറിച്ചും, ഇവര്‍ നേരിടുന്ന സാമൂഹികമായ അപരവല്‍ക്കരണത്തെക്കുറിച്ചമുള്ള രാഷ്ട്രീയ ചോദ്യങ്ങള്‍ ഇപ്പോഴെങ്കിലും ഉയരേണ്ടതില്ലേ?

പ്രാണവ്യ, എറണാംകുളം ലോ കോളേജ്

അഭിമന്യുമാര്‍ നിരവധിയാണ്. 2011 ലെ സെന്‍സസ് വിവരങ്ങള്‍ പ്രകാരം കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളത് വെറും 5297 ആദിവാസി വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. അതായത് കേരളത്തിലെ മൊത്തം ആദിവാസി ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രം. സാമ്പത്തിക പരാധീനതകളും ഭക്ഷണത്തിനും താമസത്തിനുമെല്ലാമുള്ള ബുദ്ധിമുട്ടുകളും കാരണം ഇവരില്‍ വലിയൊരും വിഭാഗവും പഠനം പൂര്‍ത്തിയാക്കാതെ പോവുകയാണ് പതിവ്. ആദിവാസി മേഖലകളുടെ വിദ്യാഭ്യാസപരമായ പിന്നേക്കാവസ്ഥയെക്കുറിച്ച് ആശങ്കപ്പെടുന്നതിനപ്പുറം ഈ മേഖല നേരിടുന്ന പാര്‍ശ്വവല്‍ക്കരണത്തിന്റെ കാരണങ്ങളാണ് നാം തിരയേണ്ടത്.

മല്ലേഷ്, മഹാരാജാസ് കോളേജ്

നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ താമസിക്കാനിടമില്ലാതെ നഗരങ്ങളിലലയുമ്പോഴും അത് കാണാന്‍ കൂട്ടാക്കാത്ത സര്‍ക്കാര്‍ അവരുടെ കണ്‍മുന്നില്‍ ആദിവാസി പൈതൃകസംരക്ഷണത്തിനായി കോടികളുടെ ചിലവില്‍ മ്യൂസിയം നിര്‍മിക്കാനൊരുങ്ങുകയാണ്. ജീവിച്ചിരിക്കുന്ന മനുഷ്യരെ കാണാതെ, അവരെ മ്യൂസിയത്തിലെ പ്രദര്‍ശനവസ്തുക്കളാക്കുന്ന വംശീയമായ അപരവത്കരണത്തിന്റെ വികസനപദ്ധതികളാണ് ഭരണകൂടം നടപ്പിലാക്കുന്നത്. കോടികളുടെ ക്ഷേമപദ്ധതികളല്ല ആദിവാസികളുടെ ആവശ്യം. നഷ്ടപ്പെട്ട അവരുടെ ഭൂമിയും വിഭവങ്ങള്‍ക്കുമേലുള്ള അധികാരവുമാണ്. ഒപ്പം സാമൂഹികമായ അംഗീകാരവും.

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍