| Friday, 27th September 2024, 9:10 pm

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോക ടൂറിസം ദിനത്തില്‍ കേരളത്തിന് ഇരട്ട പുരസ്‌കാരം; തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക ടൂറിസം ദിനത്തില്‍ ഇരട്ട പുരസ്‌കാരത്തിളക്കവുമായി കേരള ടൂറിസം. കേന്ദ്ര സര്‍ക്കാരിന്റെ ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡ് കാറ്റഗറിയിലാണ് കേരളത്തിന് രണ്ട് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ മികവുറ്റ പദ്ധതികളാണ് കേരളത്തെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

ഉത്തരവാദിത്ത മിഷന്‍ പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയ കടലുണ്ടി, കുമരകം എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കാണ് പുരസ്‌കാരം. കടലുണ്ടിക്ക് ബെസ്റ്റ് റെസ്‌പോണ്‍സിബിള്‍ ടൂറിസം വില്ലേജ് അവാര്‍ഡും കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്‌കാരവുമാണ് ലഭിച്ചത്.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന് ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്‌കാരം ലഭിക്കുന്നത്. കഴിഞ്ഞ തവണ ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയതോടെ കാന്തല്ലൂരിന് സുവര്‍ണ പുരസ്‌കാരം ലഭിച്ചിരുന്നു.

ന്യൂദല്‍ഹി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ സാന്നിധ്യത്തില്‍ കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

കേരള റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി സി.ഇ.ഒ കെ. രൂപേഷ് കുമാര്‍, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുഷ വി. വി. എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

പുരസ്‌കാര നേട്ടത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആര്‍.ടി മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനമറിയിച്ചു.

കടലുണ്ടിയെ ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷനാക്കുന്നതിനുള്ള ആര്‍.ടി മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ വിഭാഗത്തില്‍ കടലുണ്ടിയെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.

കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമേല്‍പ്പിക്കാതെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ വിനോദ സഞ്ചാരം വിജയകരമായി നടപ്പാക്കുന്നതിനാണ് കുമരകത്തിന് പുരസ്‌കാരം.

വ്യത്യസ്ത പരിശീലനങ്ങളായ തുണിസഞ്ചി, പേപ്പര്‍ ബാഗ്, വിത്ത് പേന, ഗ്രീന്‍ ഡെസ്റ്റിനേഷന്‍ പ്രോട്ടോകോള്‍ എന്നിവയിലൂടെ 300ലേറെ ആളുകള്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കി. ടൂറിസ്റ്റുകള്‍ക്ക് കുക്കിങ് എക്‌സ്പീരിയന്‍സ് നല്‍കിക്കൊണ്ട് ഭക്ഷണം ആസ്വദിക്കാന്‍ അവസരം നല്‍കുന്ന എക്‌സ്പീരിയന്‍സ് എത്‌നിക് ക്യുസീന്‍ യൂണിറ്റുകളും കടലുണ്ടിയിലുണ്ട്.

ഇന്ത്യയില്‍ ആദ്യം ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സ്ഥലമാണ് കുമരകം. ലോകം ശ്രദ്ധിച്ച കേരള മോഡല്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസത്തിന്റെ എല്ലാ മാതൃകകളും കുമരകത്തിന്റെ സംഭാവനയാണ്. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും ഉപാധിയായി ഉത്തരവാദിത്ത ടൂറിസത്തെ മാറ്റാമെന്ന് തെളിയിച്ച നാടാണ് കുമരകം.

കാര്‍ഷിക പ്രവര്‍ത്തനങ്ങളെ ടൂറിസ്റ്റുകള്‍ക്ക് ആസ്വാദ്യകരമാക്കിയ ഫാമിങ്ങ് എക്‌സ്പീരിയന്‍സ്, ഫിഷിങ്ങ് എക്‌സ്പീരിയന്‍സ്, എ ഡേ വിത്ത് ഫാര്‍മര്‍ തുടങ്ങി നിരവധി അനുഭവവേദ്യ ടൂര്‍ പാക്കേജുകള്‍ കുമരകത്ത് നടന്ന് വരുന്നു. ഗ്രാമീണ ടൂറിസം പാക്കേജുകളാണ് മറ്റൊരു പ്രധാന ആകര്‍ഷണം.

കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം റിസോര്‍ട്ടുകളുമായി ബന്ധിപ്പിച്ച് നടപ്പാക്കുന്നതും കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ പ്രത്യേകതയാണ്. പാടശേഖരത്തിലൂടെ നടത്തം മുതല്‍ എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളും ടൂര്‍ പാക്കേജിന്റെ ഭാഗമാകുന്നതും കുമരകത്തിന്റെ പ്രത്യേകതയാണ്.

Content Highlight: Kerala Tourism wins two awards on World Tourism Day

We use cookies to give you the best possible experience. Learn more