| Thursday, 29th September 2022, 9:11 am

ജോഡോ യാത്രയുടെ കേരള പര്യടനം അവസാനിക്കുന്നു; സംഘാടനത്തിലും ജനപങ്കാളിത്വത്തിലും യാത്ര വിജയമെന്ന് വിലയിരുത്തി കെ.പി.സി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം ഇന്ന് അവസാനിക്കും. 19 ദിവസം നീണ്ട പര്യടനമാണ് ഇന്ന് പൂര്‍ത്തിയാക്കുന്നത്. ഇന്ന് രാവിലെ നിലമ്പൂര്‍ ചുങ്കത്തറയില്‍ നിന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്ര ഉച്ചയോടെ വഴിക്കടവ് മണിമൂളിയില്‍ സമാപിക്കും.

വലിയ ജനപങ്കാളിത്തമാണ് 19 ദിവസവും യാത്രക്ക് കേരളത്തിലുടനീളം ലഭിച്ചത്. ചില രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലും യാത്ര കേരളത്തില്‍ വിജയമായെന്നാണ് കെ.പി.സി.സിയും വിലയിരുത്തുന്നത്. പരിപാടിയുടെ സംഘാടനത്തിലും കൃത്യനിഷ്ഠതയിലും യാത്ര വലിയ വിജയമായിരുന്നെന്നും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

ദിവസം 25-30 കിലോമീറ്റര്‍ വെച്ച് 19 ദിവസമായി ഏതാണ്ട് 450- 500 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയും സംഘവും കേരളത്തില്‍ നടന്നുതീര്‍ത്തത്.

കേരളത്തില്‍ രാഷ്ട്രീയപരമായി എല്‍.ഡി.എഫ് സര്‍ക്കാരിനെയോ സി.പി.ഐ.എമ്മിനെയോ വിമര്‍ശിക്കാന്‍ മുതിരാതെ കേന്ദ്ര സര്‍ക്കാരിനെയും അവരുടെ നയങ്ങളേയും കേന്ദ്രീകരിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍. അതിനിടയിലും യാത്രയുടെ പേരില്‍ കോണ്‍ഗ്രസ്- സി.പി.ഐ.എം കേന്ദ്രങ്ങളില്‍ നിന്ന് ചേരി തിരിഞ്ഞ ചില സോഷ്യല്‍ മീഡിയ വിവാദത്തിനും യാത്ര സാക്ഷിയായി.

ഇതിനിടെ ഭാരത് ജോഡോ യാത്രയെ പരിഹസിക്കുന്ന തരത്തില്‍ ബാനറകളും ചര്‍ച്ചയായിരുന്നു. ‘പോരാട്ടമാണ് ബദല്‍ പൊറോട്ടയല്ല’ എന്നെഴുതിയ ഡി.വൈ.എഫ്.ഐയുടെ പേരിലെ ബാനറായിരുന്നു ഇത്തരത്തില്‍ ശ്രദ്ധനേടിയത്. ഇതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതൃത്വം തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

കാശ്മീര്‍ ലക്ഷ്യമാക്കിയുള്ള രാഹുലിന്റെ യാത്ര വൈകിട്ട് തമിഴ്‌നാട്ടിലെ നാടുകാണിയില്‍ നിന്ന് ഗൂഡല്ലൂരിലെത്തും. ഉച്ചക്ക് രണ്ടിന് ഗൂഡല്ലൂര്‍ റോഡിലുള്ള കോളേജ് പരിസരത്ത് നിന്നാണ് പദയാത്ര ആരംഭിക്കുന്നത്.
ഈറോഡ്, കോയമ്പത്തൂര്‍ ജില്ലകളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും യാത്രയില്‍ പങ്കെടുക്കുന്നതിനായി ഗൂഡല്ലൂരില്‍ എത്തിയിട്ടുണ്ട്.

ഒക്ടോബര്‍ നാലിന് ഗൂഡല്ലൂര്‍ ചുങ്കത്ത് പൊതുസമ്മേളനം. ഗൂഡല്ലൂരിലെ ഭൂമി പ്രശ്‌നം, ടാന്‍ടീ തോട്ടം തൊഴിലാളികളുടെ പ്രതിസന്ധി, തേയിലയുടെ വിലത്തകര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുന്നുണ്ട്.

CONTENT HIGHLIGHTS:  Kerala tour of Bharat Jodo Yatra led by Congress leader Rahul Gandhi will end today

We use cookies to give you the best possible experience. Learn more