| Sunday, 17th October 2021, 10:55 am

രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യബന്ധന ബോട്ടുകള്‍, ഒഴുക്കില്‍പ്പെട്ടവര്‍ക്ക് രക്ഷകരായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍; കൈകോര്‍ത്ത് കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശനിയാഴ്ച സംസ്ഥാനത്തിന്റെ തെക്കന്‍ കേരളത്തില്‍ പെയ്ത കനത്ത മഴയിലും ഉരുള്‍പൊട്ടലിലും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത് നാട്ടുകാര്‍. കനത്ത മഴയില്‍ റോഡുകളിലെല്ലാം വെള്ളം കയറി ഗതാഗതം തടസപ്പെട്ട് രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരിതബാധിത മേഖലയിലേക്ക് പ്രവേശിക്കാനായിരുന്നില്ല.

പലയിടത്തും പ്രദേശവാസികള്‍ തന്നെയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഞായറാഴ്ചയോടെ ദുരന്തബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെത്തിയിട്ടുണ്ട്.

കൂട്ടിക്കല്‍ പ്ലാപ്പള്ളി ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഇടുക്കി കൊക്കയാറിലും സമാന സാഹചര്യത്തിലായിരുന്നു. ഇവിടെ ഉരുള്‍പൊട്ടലുണ്ടായത് വളരെ വൈകിയാണ് അറിഞ്ഞത്.

അതേസമയം നാവികസേനയുടെ ഹെലികോപ്ടറുകള്‍ കൂട്ടിക്കലിലേക്കെത്തും. ദുരന്തബാധിത മേഖലയില്‍പ്പെട്ടവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കും.

കൊല്ലത്ത് നിന്ന് ഏഴ് മത്സ്യബന്ധന ബോട്ടുകള്‍ പത്തനംതിട്ടയിലെത്തിയിട്ടുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളില്‍ ബോട്ടുകളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തും.

പുല്ലുപാറയിലെ ഉരുള്‍പൊട്ടലില്‍പ്പെട്ടവരെ രക്ഷിച്ചത് കെ.എസ്.ആര്‍.ടി.സി ജീവനക്കാരാണ്. എരുമേലിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ ജീവനക്കാരാണ് പുല്ലുപാറയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടെ രക്ഷയ്‌ക്കെത്തിയത്.

ശനിയാഴ്ച രാവിലെയാണ് പുല്ലുപാറയില്‍ ഉരുള്‍പൊട്ടിയത്. ആ സമയത്ത് നിരവധി വാഹനങ്ങള്‍ക്കൊപ്പം കെ.എസ്.ആര്‍.ടി.സി ബസും റോഡിലുണ്ടായിരുന്നു. വെള്ളം ഒഴുകി ബസിനടുത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഒരു കുട്ടിയും മറ്റൊരാളും ഒഴുകിവരുന്നത് കണ്ടക്ടര്‍ കണ്ടു.

അദ്ദേഹം പെട്ടെന്ന് അവരെ ചാടിപ്പിടിച്ച് വണ്ടിയില്‍ കയറ്റുകയായിരുന്നു. അതിനു ശേഷം കാറിനടിയില്‍ ഒരു സ്ത്രീയുടെ കാല്‍ ഉടക്കി കിടക്കുന്നത് കണ്ടു. കാര്‍ പൊക്കി അവരെ എഴുന്നല്‍പ്പിച്ച് അവരെയും ബസില്‍ കയറ്റി.

അവിടെയുണ്ടായിരുന്ന വാഹനങ്ങളില്‍ ഏതാണ്ട് നൂറോളം ആളുകള്‍ ഉണ്ടായിരുന്നുവെന്നും അവരെയെല്ലാം രണ്ടു മണിവരെ സുരക്ഷിതമായി വാഹനത്തില്‍ കയറ്റി ഇരുത്തുകയുമായിരുന്നെന്ന് ഡ്രൈവര്‍ പറയുന്നു.

അതേസമയം ദുരന്തബാധിത മേഖലയില്‍ നിന്നും മറ്റുമുള്ള വിവരങ്ങള്‍ കൈമാറുന്നതിനും സഹായമെത്തിക്കുന്നതിനും സോഷ്യല്‍ മീഡിയയിലും നിരവധി പേര്‍ രംഗത്തുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala together work for rescue Kerala Rain Landslide Koottikkal

We use cookies to give you the best possible experience. Learn more