| Friday, 23rd April 2021, 6:36 pm

കേരളം ഒരുങ്ങിതന്നെ; ആടിനെ വിറ്റ് വീണ്ടും ദുരിതാശ്വാസനിധിയിലേക്ക് പണമയച്ച് സുബൈദ, കേരളീയനായതില്‍ അഭിമാനം തോന്നുന്ന നിമിഷമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ കേരളം ഒന്നിച്ചിറങ്ങുന്നു. രണ്ട് ദിവസത്തിനുള്ളില്‍ വാക്‌സിനേഷനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയിലേറെ രൂപയാണ് സംഭാവനയായി എത്തിയത്.

കൊവിഡ് ഒന്നാം തരംഗ സമയത്ത് കഴിഞ്ഞ ഏപ്രിലില്‍ ആടിനെ വിറ്റ് 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച പോര്‍ട്ട് കൊല്ലം സ്വദേശിനി സുബൈദ ഇത്തവണ വാക്‌സിന്‍ വിതരണത്തിനായി 5000 രൂപ അയച്ചു.

ഇത്തവണയും ആടിനെ വിറ്റ് തന്നെയാണ് സുബൈദ പണം നല്‍കിയത്. പണം ജില്ലാ കളക്ടര്‍ക്കാണ് സുബൈദ കൈമാറിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊല്ലം പോര്‍ട്ട് ഓഫീസിനു സമീപം ചായക്കട നടത്തുകയാണ് സുബൈദ.

കൊവിഡ് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുമ്പോള്‍ വാക്സിന്‍ നയത്തില്‍ കേന്ദ്രം വരുത്തിയ മാറ്റം സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. വാക്സിന്റെ വില വര്‍ധന താങ്ങാനാകാതെ സംസ്ഥാനങ്ങള്‍ നട്ടംതിരിഞ്ഞപ്പോള്‍ അതില്‍ നിന്ന് കരകയറാന്‍ കേരളം മുന്നോട്ടുകൊണ്ടുവന്ന രീതി കൈയ്യടി നേടുകയാണ്.

വാക്സിന്‍ എന്നത് ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണെന്ന ബോധ്യമുള്ള കേരള ജനത, അതിന്റെ ഭാഗമായി നടത്തിയ സോഷ്യല്‍ മീഡിയ ക്യാംപെയ്നുകള്‍ സജീവമാകുകയും ചെയ്തു.

എന്ത് വിലകൊടുത്തും കേരളത്തില്‍ വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതോടെ ഈ ക്യാംപെയിന്‍ ആഗോള ശ്രദ്ധ നേടുകയും ചെയ്തു.

ആരുടേയും ആഹ്വാനമില്ലാതെ മലയാളികള്‍ ദുരിതാശ്വാസനിധിയിലേക്ക് പണമയയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളീയനെന്നതില്‍ അഭിമാനം തോന്നുന്ന നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് പുതിയ വാക്സിന്‍ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മെയ് 1 മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ വാക്സിന്‍ നല്‍കില്ല. പകരം ആശുപത്രികള്‍ നേരിട്ട് വാക്സിനുകള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങണം- ഇതായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന വാക്സിന്‍ കുത്തിവയ്ക്കാന്‍ 250 രൂപ ആണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ നേരിട്ട് വാക്സിന്‍ വാങ്ങുന്നതോടെ നിരക്ക് കുത്തനെ ഉയരും.

ഇതിനെതിരെയുള്ള കേരളത്തിന്റെ പ്രതിരോധ മാര്‍ഗ്ഗമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്ന വാക്സിന്‍ ചലഞ്ച് ഹാഷ്ടാഗ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Together Vaccine Challenge Subaida

We use cookies to give you the best possible experience. Learn more