| Friday, 13th March 2020, 9:50 am

പഞ്ചായത്തുകളില്‍ ആരോഗ്യജാഗ്രതാ സദസ്, നഴ്‌സാവാനും ഡ്രൈവറാവാനും സ്വയം മുന്നോട്ടുവന്ന് ആളുകള്‍; കൊവിഡ് 19 നെ നേരിടാന്‍ കേരളം ഒന്നിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ജാഗ്രതയോടെ ജനങ്ങള്‍. പരമാവധി ആളുകള്‍ കൂടുന്ന സാഹചര്യം ഒഴിവാക്കിയും ഉത്സവങ്ങളും വിവാഹങ്ങളുമടക്കമുള്ള ആഘോഷങ്ങള്‍ നിയന്ത്രിച്ചുമാണ് കേരളം കൊവിഡ് 19 നെ നേരിടാനൊരുങ്ങുന്നത്.

ശബരിമല, ഗുരുവായൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളില്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കും. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനെത്തുമ്പോള്‍ വിശ്വാസികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കണമെന്ന് ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കത്തോലിക്ക, ഓര്‍ത്തഡോക്‌സ് സഭകളും വിശ്വാസികളോട് ജാഗ്രത പാലിക്കാനും ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിദേശത്ത് നിന്ന് കേരളത്തിലെത്തുന്നവരെ കണ്ടെത്താന്‍ പൊലീസ് സഹായിക്കും.

കൊവിഡ് 19 പശ്ചാത്തലത്തില്‍ പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ഡി.ജി.പി മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി പൊലീസ് സഹകരിച്ച് പ്രവര്‍ത്തിക്കും.

കാസര്‍കോട് ചെങ്കല ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളിലും ആരോഗ്യജാഗ്രതാ സദസ് രൂപീകരിച്ചു. തിരുവനന്തപുരം ഫാര്‍മസി കോളേജ് സാനിറ്റൈസര്‍ സൗജന്യമായി നിര്‍മ്മിക്കാന്‍ ആരംഭിച്ചു.

ഒരുദിവസം കൊണ്ട് 100 സാനിറ്റൈസര്‍ ബോട്ടിലുകളാണ് കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും നിര്‍മ്മിക്കുന്നത്. 80 ശതമാനം ആല്‍ക്കഹോളും ബാക്കി ഹൈഡ്രജന്‍ പെറോക്‌സൈഡും ഗ്ലിസറിനും ചേര്‍ത്താണ് സാനിറ്റൈസര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

100 മി. ലിറ്റര്‍ വരുന്ന ബോട്ടിലുകള്‍ ഇതിനകം വിതരണം ചെയ്തുകഴിഞ്ഞു. എക്‌സൈസ് വകുപ്പ് കൂടുതല്‍ ആല്‍ക്കഹോള്‍ എത്തിച്ചുനല്‍കുന്നതോടെ കൂടുതല്‍ ബോട്ടിലുകള്‍ നിര്‍മ്മിച്ചുനല്‍കാനാണ് തീരുമാനം.

ഞായറാഴ്ച അടക്കമുള്ള ഒഴിവുദിവസങ്ങളില്‍ സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നുണ്ട്. 100 മി.ലി സാനിറ്റൈസറിന് വിപണിയില്‍ 300 രൂപ വരെ ഈടാക്കുമ്പോഴാണ് സൗജന്യമായി ഇവ വിതരണം ചെയ്യുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോട്ടയം കുറുവിലങ്ങാട്ടെ വ്യാപാരി വ്യവസായി ഏകോപനസമിതി വിഭാഗം വനിതകള്‍ മാസ്‌ക് നിര്‍മ്മാണം ഏറ്റെടുത്തിട്ടുണ്ട്. പ്രതിദിനം 150 ലേറെ മാസ്‌കുകള്‍ ഇവര്‍ നിര്‍മ്മിക്കുന്നു.

കൊവിഡ് 19 വിശദാംശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. പ്ലേ സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയിലാണ് കൊറോണ ബോധവല്‍ക്കരണ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

നേരത്തെ കൊറോണ വൈറസ് സംബന്ധിച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ സഹായവാഗ്ദാനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഭീതിയുടെ ഈ കാലത്ത് മാതൃകയാവുകയാണ് ഈ മനുഷ്യര്‍. നാടിന് വേണ്ടി ഒറ്റക്കെട്ടായി പോരാടാമെന്നും, ശമ്പളം വേണ്ട എന്നുമറിയിച്ചാണ് നഴ്സുമാര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഐസൊലേഷന്‍ വാര്‍ഡില്‍ സ്റ്റാഫ് കുറവുണ്ടെങ്കില്‍ ഞാന്‍ റെഡിയാണ് ശമ്പളം വേണ്ട, നാടിന് വേണ്ടി ഒറ്റക്കെട്ടായി പോരാടാമെന്നാണ് ബെയ്സി ബെന്നി എന്ന യുവതി കമന്റ് ചെയ്തിരിക്കുന്നത്. ആശുപത്രികളില്‍ ആംബുലന്‍സോ മറ്റ് വാഹനങ്ങളോ ഓടിക്കാന്‍ ഡ്രൈവറെ ആവശ്യം ഉണ്ടെങ്കില്‍ വരാന്‍ തയ്യാറാണ് എന്നാണ് അമല്‍ ജയകുമാര്‍ എന്നയാളുടെ കമന്റ്. ഇങ്ങനെ നിരവധി ആളുകളാണ് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

കൊച്ചിയില്‍ രണ്ട് രൂപയ്ക്ക് മാസ്‌ക് വില്‍പ്പനയുമായി കൊച്ചിന്‍ സര്‍ജിക്കല്‍സില്‍ മുന്നോട്ടുവന്നിട്ടുണ്ട്. 100 മാസ്‌കുകള്‍ അടങ്ങിയ ഒരു കവര്‍ 200 രൂപക്ക് ഇവിടെ ലഭ്യമാകും. ആശുപത്രികള്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് മാത്രമാണ് മാസ്‌കുകള്‍ വിതരണം ചെയ്യുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more