| Tuesday, 31st March 2020, 8:19 pm

കൊവിഡ് പ്രതിരോധത്തില്‍ അതിഥി സംസ്ഥാന തൊഴിലാളികളെയും ചേര്‍ത്ത് പിടിച്ച് കേരളം; സഹായങ്ങള്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് ഭീഷണി തടയുന്നതിനാണ് രാജ്യമെമ്പാടും ലോക്ക് ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ ആണ് അദ്ദേഹം പ്രഖ്യാപിച്ചത്. രാജ്യത്തെ പൗരന്മാര്‍ നിലവില്‍ എവിടെയാണോ നില്‍ക്കുന്നത് അവിടെ തന്നെ നില്‍ക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാല്‍ ഇതോടെ ഏറ്റവും കൂടുതല്‍ ആശങ്കയിലായത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലെടുക്കുന്ന ദിവസ വേതനക്കാരായ തൊഴിലാളികളായിരുന്നു. തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് തിരികെ പോകുന്നതിനായി എന്താണ് മാര്‍ഗം എന്ന് തൊഴിലാളികള്‍ അന്വേഷിക്കുകയും രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ നിന്ന് കാല്‍നട ആയിട്ടടക്കം തൊഴിലാളികള്‍ തങ്ങളുടെ നാടുകളിലേക്ക് യാത്ര തിരിച്ചു.

എന്നാല്‍ മറ്റും സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇത്തരം ആശങ്കകള്‍ കുറവായിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്ത് എത്തിയ അതിഥി തൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തിലും അവര്‍ക്കുള്ള ഭക്ഷണത്തിന്റെ കാര്യത്തിലും മുഖ്യമന്ത്രി വിവിധ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

തുടക്കത്തില്‍ ലോക്ക്ഡൗണില്‍ പെട്ട അതിഥി തൊഴിലാളികള്‍ക്ക് കരാറുകാര്‍ ഭക്ഷണം എത്തിക്കണമെന്നും ഇവരുടെ താമസ സ്ഥലങ്ങളിലെ ചുറ്റുപാടുകള്‍ ശരിയായ രീതിയില്‍ അല്ലെങ്കില്‍ അത്തരം തൊഴിലാളികള്‍ക്ക് താമസസൗകര്യവും ചികിത്സാസംവിധാനവും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഭക്ഷണം ഉറപ്പുവരുത്തുന്നതിന് കഴിയില്ലെന്ന് ചില കരാറുകാര്‍ പറഞ്ഞിരുന്നു.

ഇതിനിടെയാണ് കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തെരുവില്‍ ഒത്തുചേരുകയും തങ്ങള്‍ക്ക് തിരികെ നാടുകളിലേക്ക് പോകണമെന്നും ആവശ്യമുന്നയിച്ചത്.

സംഭവം ആസൂത്രിതമാണെന്നായിരുന്നു ജില്ലാ കളക്ടര്‍ പികെ സുധീര്‍ ബാബു പറഞ്ഞത്. ദല്‍ഹിയില്‍ നിന്ന തൊഴിലാളികളെ നാടുകളിലേക്ക് അയച്ചതിന് സമാനമായി കേരളത്തില്‍ നിന്നും അതിഥി തൊഴിലാളികളെ നാട്ടിലേയ്ക്ക് അയക്കുമെന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രതിഷേധത്തിന് തയ്യാറായതെന്നും കളക്ടര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഒരുക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളിലെ ഭക്ഷണം വേണെന്നും പകരം സാധനങ്ങള്‍ എത്തിച്ചാല്‍ തങ്ങള്‍ പാചകം ചെയ്യുമെന്നും തൊഴിലാളികള്‍ അറിയിച്ചിരുന്നു.

പായിപ്പാട്ടെ സംഭവം ആസുത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഇതിന് പിന്നാലെ അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ലോക്ക് ഡൗണ്‍ കാലഘട്ടത്തിലേക്ക് ചില നിര്‍ദ്ദേശങ്ങളും അദ്ദേഹം പുറപ്പെടുവിച്ചു. അതിഥി തൊഴിലാളിക്കായി ഭക്ഷണം, വൈദ്യ സഹായം എല്ലാം ഉറപ്പാക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും എവിടെയും ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കുന്ന അവസ്ഥയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികള്‍ക്ക് അവരുടെ ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് സാധിച്ച് കൊടുക്കാന്‍ നടപടിയെടുത്തെന്നും വിനോദത്തിനായി ടി.വിയടക്കമുള്ള സംഭവങ്ങള്‍ ഏര്‍പ്പാടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി 5178 ക്യാംപുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്.

തൊഴിലാളികളുടെ ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി അറിയുന്ന ഹോം ഗാര്‍ഡുകളെ നിയമിച്ചെന്നും ഇവര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിലപാടുകള്‍ ഇവര്‍ വിശദീകരിക്കും. ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളില്‍ നല്‍കുന്ന സന്ദേശം അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് പിന്നാലെ അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും ഈ കാര്‍ഡ് വഴി തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരാറുകാരുടെ കീഴിലല്ലാതെ ഒറ്റപ്പെട്ട് താമസിക്കുന്ന തൊഴിലാളികള്‍ക്കും എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തേണ്ടതുണ്ട്. അവര്‍ക്ക് മാന്യമായ ഭക്ഷണം ലഭ്യമാക്കണം. ഇതില്‍ വീഴ്ചയുണ്ടാകരുത്. സാധാരണ തൊഴില്‍ വകുപ്പാണ് തൊഴിലാളികളുടെ കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും സെക്രട്ടറിമാരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇതിന് പുറമെ സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് അരിയും ആട്ടയും നല്‍കാന്‍ ഭക്ഷ്യവകുപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. തൊഴിലാളികളുടെ കണക്കെടുത്ത് മറ്റ് ഭക്ഷ്യസാധനങ്ങള്‍ കൂടി നല്‍കാന്‍ ജില്ല കലക്ടര്‍മാരെ ചുമതലപ്പെടുത്തി.

അതേസമയം അതിഥി തൊഴിലാളികളുടെ കണക്കുകളുടെ കാര്യത്തില്‍ സര്‍ക്കാരിന് യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമല്ല എന്നതും ഒരാശങ്കയാണ്.
കേരളത്തിലെ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ എന്‍.ജി.ഒ ആയ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡവലപ്മെന്റ് [CMID] 2017 ല്‍ നടത്തിയ കണക്കെടുപ്പല്ലാതെ ക്രിയാത്മകമായ ഒരു പഠനം ഇതുവരെയും ഈ വിഷയത്തില്‍ കേരളത്തില്‍ നടന്നിട്ടില്ല.

2013 ല്‍ ഗുലാറ്റി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ നടത്തിയ പഠനത്തില്‍ കേരളത്തിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം 23 ലക്ഷം ആണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൂര്‍ണമായും കൃത്യമാണെന്ന് പറയാന്‍ പറ്റില്ല. കാരണം ഇവരുടെ പഠനം റെയില്‍വേയുടെ കണക്കുകള്‍ ആധാരമാക്കിയായിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more