തിരുവനന്തപുരം: കേരള വൈദ്യുത മേഖലയെ ആധുനികവത്കരിക്കുന്നതിനുള്ള നിരവധി പദ്ധതികളുമായി കെ.എസ്.ഇ.ബിയുടെ ഊര്‍ജ കേരള മിഷന്‍ വരുന്നു. ആധുനിക ഊര്‍ജസ്രോതസ്സുകളെ ഉള്‍പ്പെടുത്തി വീടുകള്‍ കേന്ദ്രീകരിച്ചുള്ള പദ്ധതികളാണ് മിഷന്റെ ഭാഗമായി പ്രധാനമായും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
വൈദ്യുതി വിതരണ മേഖലയെ നവീകരിക്കുന്ന “ദ്യുതി”, വീടിന്റെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന 1000 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതി, പ്രസരണ രംഗത്തെ ടാര്‍സ്ഗ്രിഡ് 2, ഫിലമെന്റ് രഹിത കേരളം, വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്ന ഇ-സേഫ് എന്നീ വ്യത്യസ്തങ്ങളായ പ്രവര്‍ത്തന പദ്ധതികളാണ് ഊര്‍ജകേരള മിഷന്റെ ഭാഗമായി സംസ്ഥാന വൈദ്യുത ബോര്‍ഡ് വിഭാവനം ചെയ്യുന്നത്. ഈ മാസം 14 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മിഷന്‍ ഉദ്ഘാടനം ചെയ്യും.
1000 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതി വിവിധ രീതികളിലാണ് നടപ്പിലാവുകയെന്ന് മിഷന്‍ മാര്‍ഗ്ഗരേഖകള്‍ വ്യക്തമാക്കുന്നു. വീടുകളുടെ മേല്‍ക്കൂരയില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകള്‍ വഴി 500 മെഗാവാട്ടും ഭൂമിയില്‍ സ്ഥാപിക്കുന്നവ, സോളാര്‍ പാര്‍ക്കിലുള്ളവ, വെള്ളത്തിലൊഴുകി നടക്കുന്നവ എന്നിവയിലൂടെ 500 മെഗാവാട്ടും ഉത്പാദിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
“ഫിലമെന്റ് രഹിത കേരളം” പദ്ധതിയിലൂടെ കെ.എസ്.ഇ.ബി വഴി എല്ലാ വീടുകളിലും എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം നടത്തി ഫിലമെന്റ് ബള്‍ബുകളെ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം.
4000 കോടി രൂപയുടെ ദ്യുതി പദ്ധതി പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി വൈദ്യുതവിതരണരംഗത്തെ തടസ്സങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിടുന്നു. പ്രസരണരംഗത്തെ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ടാര്‍സ്ഗ്രിഡ് 2 വിന്റെ ഉദ്ദേശം. 1000 കോടിയാണ് പദ്ധതിയാണിത്. വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കാനുള്ള വിപുലമായ ക്യാംപയിനാണ് ഇ-സേഫ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.