കോഴിക്കോട്: കട്ടിപ്പാറയിലെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 14 ആയി. മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ നഫീസയുടെ മൃതദേഹം തിരച്ചിലില്‍ കണ്ടെടുത്തതോടെയാണ് മരണസംഖ്യ 14 ആയത്. ഇതോടെ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
അതേസമയം, സ്വകാര്യ ചെക്ക് ഡാമിന്റെ നിര്‍മാണമാണോ ഉരുള്‍പ്പൊട്ടലിനിടയാക്കിയതെന്ന് കണ്ടെത്താന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രദേശത്തെയാകെ ബാധിച്ച വിപത്തിനു കാരണമായത് കരിഞ്ചോലമലയില്‍ കെട്ടിയ തടയണകളാണോയെന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചംഗ സംഘത്തെ ചുമതലപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
കട്ടിപ്പാറയിലെ ദുരന്തം മനുഷ്യനിര്‍മിതമാണെന്നും ദുരന്തനിവാരണത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ഉരുള്‍പ്പൊട്ടലുണ്ടാകാന്‍ സാധ്യതയുള്ള ഭൂപ്രകൃതിയാണെന്നിരിക്കേ, കരിഞ്ചോലയില്‍ ചെക്ക് ഡാം നിര്‍മിക്കാന്‍ അനുമതി നല്‍കിയതെങ്ങനെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് പഞ്ചായത്ത് സെക്രട്ടറി, ഭൂമിശാസ്ത്ര വിദഗ്ധന്‍, സി.ഡബ്ലിയു.ആര്‍.ഡി.എമ്മിലെ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച വിവരം മുഖ്യമന്ത്രി പ്രസ്താവിച്ചത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിയെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും പാടെ നിഷേധിച്ചു. പ്രകൃതിദുരന്തങ്ങളുടെ സമയത്ത് ഉപയോഗപ്പെടുത്താനായി ഹെലികോപ്റ്റര്‍ ഒരുക്കുന്ന വിഷയം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.