തിരുവനന്തപുരം: കേരളീയം 2023 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പെറ്റ് ഫുഡ് ഫെസ്റ്റിന് തിരുവനന്തപുരം എൽ.എം.എസ്. കോമ്പൗണ്ടിൽ തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് വളർത്തു മൃഗങ്ങൾക്കായി ഫുഡ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്.
ഒമ്പത് കൊമേഴ്ഷ്യൽ സ്റ്റാളുകളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. എൽ.എം.എസ് കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ വളർത്തുനായയ്ക്ക് ഭക്ഷണം നൽകി സംസ്ഥാന മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പെറ്റ് ഫുഡ് ഫെസ്റ്റിവെൽ ഉദ്ഘാടനം ചെയ്തു.
മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും ഭക്ഷണ വൈവിധ്യം ആസ്വദിക്കേണ്ടതുണ്ടെന്നും അതിനായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനം കൂടുതൽ വളർത്തുമൃഗ സൗഹൃദമായി മാറി വരുന്നത് മനസ്സിലാക്കിയാണ് കേരളീയത്തിന്റെ ഭാഗമായി പെറ്റ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്നു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഫുഡ് ഫെസ്റ്റിവെൽ കമ്മിറ്റി ചെയർമാൻ എ.എ റഹീം എം.പി പറഞ്ഞു.
ഫുഡ് ഫെസ്റ്റിവെൽ കമ്മിറ്റി കൺവീനർ ശിഖാ സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് അഡീ. ഡയറക്ടർമാരായ ഡോ. വിനു, ഡോ. കെ. സിന്ധു, എൽ.എം.ടി.സി പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ ഡോ. റെനി ജോസഫ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. അരുണോദയ, ഫുഡ് കമ്മിറ്റി കോ ഓർഡിനേറ്റർ സജിത് നാസർ, കമ്മിറ്റി ചെയർമാൻ ഐ.പി. ബിനു എന്നിവർ പ്രസംഗിച്ചു. പെറ്റ് ഫുഡ് ഫെസ്റ്റിവൽ കൺവീനർ ടി.ടി. ആശ സ്വാഗതവും കുടപ്പനക്കുന്ന് എൽ.എം.ടി.സി. വെറ്ററിനറി സർജൻ നായർ എം. ശ്രീജ നന്ദിയും പറഞ്ഞു.
Content highlight: Kerala to host food festival for pets for the first time