എ.ഐയെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രയോജനപ്പെടുത്താന്‍ കേരളം; അന്താരാഷ്ട്ര കോണ്‍ക്ലേവിലൂടെ തുടക്കം കുറിക്കും
തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഉന്നത വിഭ്യാഭ്യാസ മേഖലയില്‍ പ്രയോജനപ്പെടുത്താന്‍ കേരളം. ‘ജനറേറ്റീവ് എ.ഐയും ഭാവി വിദ്യാഭ്യാസവും’ എന്ന വിഷയത്തില്‍ ഐ.എച്ച്.ആര്‍.ഡി സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തിയതികളിലായി തിരുവനന്തപുരത്ത് ഐ.എം.ജിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോണ്‍ക്ലേവ് ഇതിന്റെ തുടക്കമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.
ഫാക്കല്‍റ്റി, വിദ്യാര്‍ത്ഥികള്‍, വ്യവസായ പ്രൊഫഷണലുകള്‍, നയരൂപകര്‍ത്താക്കള്‍ തുടങ്ങി വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരെ കോണ്‍ക്ലേവിന്റെ ഭാഗമാകുമെന്നും മന്ത്രി അറിയിച്ചു.
‘എ.ഐയുടെ സംയോജനം അധ്യയനത്തിലും അധ്യാപനത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും വിപ്ലവം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഈ സാങ്കേതികവിദ്യ വ്യക്തിഗത പഠനം, ഗവേഷണം, ഭരണനിര്‍വഹണം, ബഹുഭാഷാ വിദ്യാഭ്യാസം എന്നിവയില്‍ അഭൂതപൂര്‍വമായ മുന്നേറ്റത്തിന് വഴിയൊരുക്കും,’ ആര്‍. ബിന്ദു പറഞ്ഞു.
ആര്‍. ബിന്ദുവിന്റെ പ്രസ്താവനയിടെ പൂര്‍ണരൂപം
നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വികാസ പരിണാമങ്ങളില്‍ ഒരു നാഴികക്കല്ലാണ് ജനറേറ്റീവ് എ.ഐ.യുടെ ആവിര്‍ഭാവം. ലഭ്യമായ അറിവുകള്‍ അപഗ്രഥിച്ച് മനുഷ്യ നിര്‍മിതികളോട് കിടപിടിക്കുന്ന അറിവുള്ളടക്കങ്ങള്‍ നിര്‍മിക്കുന്നതില്‍ ഈ സാങ്കേതികവിദ്യ വിസ്മയകരമായ പ്രാഗല്‍ഭ്യം പ്രകടിപ്പിക്കുന്നു.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് ജനറേറ്റീവ് എ.ഐയുടെ സംയോജനം അധ്യയനത്തിലും അധ്യാപനത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും വിപ്ലവം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഈ സാങ്കേതികവിദ്യ വ്യക്തിഗത പഠനം, ഗവേഷണം, ഭരണനിര്‍വഹണം, ബഹുഭാഷാ വിദ്യാഭ്യാസം എന്നിവയില്‍ അഭൂതപൂര്‍വമായ മുന്നേറ്റത്തിന് വഴിയൊരുക്കും.
ജനറേറ്റീവ് എ.ഐയെ വിദ്യാഭ്യാസ പ്രക്രിയയിലേക്ക് ഉള്‍ച്ചേര്‍ക്കുന്നതിലൂടെ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനും നമ്മുടെ ഭാവിതലമുറ 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികള്‍ നേരിടുന്നതിന് പ്രാപ്തരാകുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഗതികോര്‍ജം ലഭ്യമാകും എന്നാണ് പ്രതീക്ഷ.
‘ജനറേറ്റീവ് എ.ഐയും ഭാവി വിദ്യാഭ്യാസവും’ എന്ന വിഷയത്തില്‍ ഐ.എച്ച്.ആര്‍.ഡി സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളിലായി തിരുവനന്തപുരത്ത് ഐ.എം.ജിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോണ്‍ക്ലേവ് ഇതില്‍ ഒരു നാഴികക്കല്ലാവും. ദേശീയ അന്തര്‍ദേശീയ വിദഗ്ദരും നയ രൂപീകരണത്തിന് ചുക്കാന്‍ പിടിക്കുന്നവരും വ്യവസായ പ്രമുഖരും കോണ്‍ക്ലേവില്‍ ഒത്തു ചേരും. നിര്‍മ്മിത ബുദ്ധിയുടെ ശക്തി സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനത്തില്‍ എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന ആലോചനകള്‍ക്കും ശ്രമങ്ങള്‍ക്കും കോണ്‍ക്ലേവില്‍ തുടക്കമിടും.
ഡൈനാമിക് പാനല്‍ ചര്‍ച്ചയാണ് കോണ്‍ക്ലേവിന്റെ ഒരു പ്രധാന ഹൈലൈറ്റ്. അക്കാദമിക് വിദഗ്ധര്‍, നയനിര്‍മ്മാതാക്കള്‍, ഭരണാധികാരികള്‍ എന്നിവരൊരുമിച്ച് സമഗ്ര സംവാദത്തില്‍ ഭാഗഭാകാക്കും. കോണ്‍ക്ലേവിന് മുന്നോടിയായി, കേരളത്തിലെ വിവിധ ഐഎച്ച്ആര്‍ഡി സ്ഥാപനങ്ങളില്‍ എഐ-തീം സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും ഉള്‍പ്പെടെയുള്ള പ്രീ-കോണ്‍ക്ലേവ് പ്രവര്‍ത്തനങ്ങളുടെ പരമ്പര ഒരുക്കും.
ഫാക്കല്‍റ്റി, വിദ്യാര്‍ത്ഥികള്‍, വ്യവസായ പ്രൊഫഷണലുകള്‍, നയരൂപകര്‍ത്താക്കള്‍ തുടങ്ങി വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരെ കോണ്‍ക്ലേവ് പ്രതീക്ഷിക്കുന്നുണ്ട്. ക്യാമ്പസില്‍ 150 പങ്കാളികളും രജിസ്‌ട്രേഷനിലൂടെ ഓണ്‍ലൈന്‍ പ്രേക്ഷകരും ചേരും. പ്രേക്ഷകര്‍ക്കും പങ്കാളിത്തം വഹിയ്ക്കാന്‍ കഴിയുംവിധം ഹൈബ്രിഡ് മോഡിലാണ് കോണ്‍ക്ലേവിന്റെ രൂപകല്പന.
ഈ മേഖലയിലെ ഏവരുടെയും സവിശേഷ ശ്രദ്ധ കോണ്‍ക്ലേവിലേക്ക് ക്ഷണിക്കുന്നു.
Content Highlight: Kerala to harness the potential of artificial intelligence in the higher education sector