മുല്ലപ്പെരിയാര്‍: സുപ്രീംകോടതി വിധിയ്‌ക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ കേരളം
Daily News
മുല്ലപ്പെരിയാര്‍: സുപ്രീംകോടതി വിധിയ്‌ക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ കേരളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th May 2014, 12:04 pm

[share]

[] തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ കേരളം റിവ്യൂ ഹര്‍ജി നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ്. ജനങ്ങളുടെ സുരക്ഷ തന്നെ ആശങ്കയിലാണെന്നതു കോടതി പരിഗണിക്കാത്തത് ദുഖകരമെന്നും ഡാം സുരക്ഷിതമാണെന്ന കോടതിയുടെ നിരീക്ഷണം ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ക്കു സുപ്രീംകോടതി വേണ്ടത്ര പരിഗണന കൊടുത്തില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിന് ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. കേരളത്തിന്റെ ആശങ്ക ന്യായമാണ്. കോടതി വിധിയെ കുറിച്ചു മന്ത്രിസഭ ചര്‍ച്ച ചെയ്യും- അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതിയുടേത് നീതിരഹിതമായ വിധിയാണെന്ന് കെ.പി.സി,സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. ഒരു ജനതയുടെ ജീവനും സ്വത്തും സംബന്ധിച്ച് സംസ്ഥാനത്ത് ഉയര്‍ന്ന് ആശങ്കകളും റിപ്പോര്‍ട്ടുകളും പരിഗണിക്കാതെ വന്ന വിധി കനത്ത ആഘാതവും നീതിരഹിതവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഡാം സുരക്ഷിതമല്ലെന്നു നിരവധി പഠനങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. റൂര്‍ക്കി, ദല്‍ഹി ഐ.ഐ.ടിയുടെ പഠനങ്ങളില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ടെന്നും ഡാം നില്‍ക്കുന്ന മേഖല ഭൂചലനമുണ്ടാകുന്നതാണെന്നും ചൂണ്ടികാട്ടിയ അദ്ദേഹം ഇക്കാര്യങ്ങള്‍ സംബന്ധിച്ച ആധികാരിക റിപ്പോര്‍ട്ടുണ്ടെന്നും വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ സമരസമിതി സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്താകെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സമരനടപടികളുമായി മുന്നോട്ട് പോകുമെന്നും സമരസമതി അറിയിച്ചിട്ടുണ്ട്.