| Tuesday, 21st April 2020, 9:23 am

കൊവിഡിനെ അതിജീവിച്ച് 81-കാരി ആശുപത്രി വിട്ടു; കേരളത്തില്‍ രോഗം ഭേദമാവുന്ന മൂന്നാമത്തെ പ്രായം കൂടിയ വ്യക്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കൊവിഡ് 19 നെ തുടര്‍ന്ന് കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശിനി 82-കാരിയായ ആയിഷ രോഗം ഭേദമായി ആശുപത്രി വിട്ടു.

സംസ്ഥാനത്ത് കൊവിഡ് 19 അതിജീവിക്കുന്ന പ്രായം കൂടിയ മൂന്നാമത്തെ വ്യക്തിയാണ് ആയിഷ. 93, 88 വയസുള്ള പത്തനംതിട്ട സ്വദേശികളായ ദമ്പതികളാണ് കൊവിഡ് ഭേദമായ പ്രായക്കൂടുതലുള്ള മറ്റ് രണ്ട് പേര്‍.

മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആയതോടെയാണ് തിങ്കളാഴ്ച ആയിഷയെ ഡിസ്ചാര്‍ജ് ചെയ്തത്. മാര്‍ച്ച് 30ന് ആണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യനിലയില്‍ പ്രശ്നങ്ങള്‍ നേരിട്ടതോടെ ഇവരെ മെഡിക്കല്‍ കോളെജിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.

മൂത്രത്തില്‍ പഴുപ്പ്, ശ്വാസതടസം, അമിത വണ്ണം എന്നിവയുള്‍പ്പെടെ വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഇവരെ അലട്ടിയിരുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എന്‍ റോയ്, മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ഡോ.കെ സുദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more