| Sunday, 12th August 2018, 11:10 am

സംഘപരിവാറിന് കേരളത്തിന്റെ മറുപടി: ദുരിതാശ്വാസത്തിന് ഹിന്ദുക്കള്‍ ഒരുരൂപപോലും നല്‍കരുതെന്ന് വിലക്കിയപ്പോള്‍ ഭണ്ഡാരം മുഴുവന്‍ നല്‍കി കണിയാശേരിയിലെ ക്ഷേത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രളയബാധിതര്‍ക്കുള്ള ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരുരൂപ പോലും ഹിന്ദുക്കള്‍ നല്‍കരുതെന്ന് സംഘപരിവാര്‍ ദേശീയതലത്തില്‍ പ്രചരണം നടത്തുമ്പോള്‍ ക്ഷേത്രഭണ്ഡാരത്തിലെ മുഴുവന്‍ തുകയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കി കേരളത്തിലെ ഒരു ക്ഷേത്രം. കീഴില്ലം കണിയാശേരി മഹാവിഷ്ണു ക്ഷേത്രമാണ് ഭണ്ഡാരം മുഴുവന്‍ ദുരിതാശ്വാസ ഫണ്ടിലേക്കു കൈമാറിയത്.

പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി കേരളം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ ഈ അവസരം ദേശീയ തലത്തില്‍ കേരളത്തിനെതിരെ വിദ്വേഷം വളര്‍ത്താനും മതസ്പര്‍ദ്ധ വളര്‍ത്താനും ധ്രുവീകരണത്തിനുമായി ഉപയോഗിക്കുന്ന സംഘപരിവാറിനുള്ള കേരളത്തിന്റെ മറുപടിയായിരിക്കുകയാണ് ക്ഷേത്ര ട്രസ്റ്റിന്റെ ഈ നീക്കം.

Also Read:രാഹുല്‍ ആലിംഗനം ചെയ്തപ്പോള്‍ എന്തായിരുന്നു മനസില്‍ തോന്നിയത്? മോദി പറയുന്നു

ക്ഷേത്രം തന്ത്രി അനില്‍ ദിവാകരന്‍ നമ്പൂതിരി ഭണ്ഡാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു.

പ്രളയക്കെടുതിയനുഭവിക്കുന്നവരെ രക്ഷിക്കാന്‍ കേരളമൊന്നടങ്കം ഒരുമിച്ചു നില്‍ക്കുമ്പോഴാണ് ദേശീയതലത്തില്‍ സംഘപരിവാര്‍ കേരളത്തിനെതിരെ വ്യാപകമായി വിദ്വേഷ പ്രചരണവുമായി രംഗത്തുവന്നത്. കേരളീയര്‍ ഈ ദുരന്തം അര്‍ഹിക്കുന്നവരാണെന്നും അവര്‍ക്ക് ഒരു സഹായവും ചെയ്യരുതെന്നുമായിരുന്നു സംഘപരിവാര്‍ നടത്തുന്ന പ്രചരണം.

” ഈ പണം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗിക്കില്ല. അതുകൊണ്ട് ഒരുരൂപ പോലും നല്‍കരുത്. ഇത് നക്സലുകള്‍ക്കും ജെ.എന്‍.യുവിലെ “ഛിദ്രശക്തി”കള്‍ക്കും നല്‍കി ഈ ഇടതുസര്‍ക്കാര്‍ രാജ്യത്തിനെതിരെ ഉപയോഗിക്കും. കേരളത്തിലുള്ളവരെ സഹായിക്കാന്‍ മറ്റുവഴികള്‍ കണ്ടെത്തൂ. ” എന്നായിരുന്നു ഇത്തരം പ്രചരണങ്ങളിലൊന്ന്.

Also Read:ജോലി സൃഷ്ടിക്കാത്തതല്ല, അതിന്റെ കണക്കില്ലാത്തതുകൊണ്ടാണ്: തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്ന ആരോപണങ്ങളെ മോദി പ്രതിരോധിച്ചതിങ്ങനെ

“കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലീങ്ങള്‍ക്കും ഹിന്ദുക്കളോടുള്ള വിദ്വേഷം ഏറെ പ്രശസ്തമാണ്. ഇപ്പോള്‍ കേരളത്തിന്റെ മിക്കഭാഗവും വെള്ളത്തിനടിയില്‍ ആയപ്പോള്‍ അവര്‍ക്ക് ആര്‍.എസ്.എസില്‍ നിന്നും മറ്റ് സംഘികളില്‍ നിന്നും സഹായം തേടുന്നതിന് ഒരു കുഴപ്പവുമില്ല.” എന്നതായിരുന്നു മറ്റൊരു പ്രചരണം.

സംഘപരിവാറിന്റെ ഇത്തരം പ്രചരണങ്ങളെ ജാതിമതഭേദമന്യേ ഒറ്റക്കെട്ടായി ചെറുക്കുന്നതാണ് പ്രളയകാലത്ത് കേരളം കണ്ടത്. നേരത്തെ ചാലിയാറിലെ നമ്പൂരിപ്പൊടി മസ്ജിദുനൂര്‍ പള്ളി പ്രളയബാധിതര്‍ക്കായ അനേകം കുടുംബങ്ങള്‍ക്ക് അഭയമൊരുക്കിയിരുന്നു.

മതില്‍മൂലയിലെ ദുരന്തബാധിത മേഖലകളില്‍ നിന്നെത്തിയ 17 കുടുംബങ്ങള്‍ക്കാണ് ഈ മുസ്ലീം ആരാധനാലയം അഭയകേന്ദ്രമായത്. 28 സ്ത്രീകളും 28 പുരുഷന്‍മാരും 15 കുട്ടികളുമടക്കം 71 പേരാണ് പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.

ബുധനാഴ്ച വൈകീട്ടോടെ ദുരന്തമേഖലയിലുള്ളവരെ പല മേഖലകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചപ്പോള്‍ ഇവര്‍ക്ക് അഭയമൊരുക്കാന്‍ സന്നദ്ധതയുമായി പള്ളി ഭാരവാഹികള്‍ രംഗത്തെത്തുകയായിരുന്നു.

പള്ളികള്‍ വഴി ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ വിവിധ മുസ്‌ലിം സംഘടകള്‍ ആഹ്വാനം ചെയ്തിരുന്നു. പെരുന്നാള്‍ ദിവസമോ വെള്ളിയാഴ്ചയോ പള്ളിയില്‍ വച്ചു പരമാവധി പണം പിരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയക്കാന്‍ സമസ്ത നേതാക്കളായ ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ആലിക്കുട്ടി മുസലിയാര്‍ എന്നിവര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് ചില പള്ളികള്‍ വഴി ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിച്ചിരുന്നു. “നമസ്‌കാരം കഴിഞ്ഞ ഉടന്‍ തന്നെ, ഇമാം ചാടിയെണീക്കുകയും ദുരിതാശ്വാസത്തിലേക്ക് സഹായിക്കുക എന്നത് നാമൊരോരുത്തരുടെയും ബാധ്യത ആണന്നും പറഞ്ഞ് കൊണ്ട് അഞ്ച് ചാക്ക് അരി നല്‍കാന്‍ എത്ര പേര്‍ തയ്യാറുണ്ട് എന്ന് ചോദിക്കുകയും അത് പറ്റാത്തവര്‍ ഒരു ചാക്ക് അരി നല്കാന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു. ഓരോരുത്തര്‍ എണീറ്റ് പേര് പറയുകയും, ശേഷം ആയിരം രൂപ നല്‍കാന്‍ തയാറുള്ളവര്‍, അത് പറ്റിയില്ലെങ്കില്‍ അഞ്ഞൂറു രൂപ, പുതിയ പുതപ്പ്, വസ്ത്രം ഇതൊക്കെ നല്കാന്‍ സന്നദ്ധരായവരുടെ പേരുകള്‍ അവിടെ വച്ച് തന്നെ കളക്ട് ചെയ്ത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരു വലിയ തുകയും ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും അവിടെ വച്ച് ശേഖരിക്കപ്പെട്ടു.” തന്റെ അനുഭവം വിശദീകരിച്ച് മുഹമ്മദ് ഉനൈസ് പറയുന്നു.

“തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും കേന്ദ്രങ്ങളെന്ന് സംഘികള്‍ അരോപിക്കപ്പെടുന്ന പള്ളികളും മദ്രസകളും ഇത്തരത്തില്‍ മുന്നോട്ട് വരുന്നത് കണ്ണ് തുറന്ന് തന്നെ കാണേണ്ടതുണ്ട്.” അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more