വെെരാഗ്യം വളര്‍ത്തുന്ന ക്ലാസ്മുറികള്‍
അന്ന കീർത്തി ജോർജ്

ഹൈസ്‌കൂള്‍ കാലത്ത് അധ്യാപകന്‍ ശിക്ഷിച്ചതിന്റെ വൈരാഗ്യത്തില്‍ ഒരു കുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം ആ അധ്യാപകനെ ആക്രമിച്ച വാര്‍ത്ത എല്ലാവരും ശ്രദ്ധിച്ചു കാണും. ഈ സംഭവം നടന്നതിന് ശേഷം വരുന്ന ചര്‍ച്ചകളും ശ്രദ്ധിച്ചിട്ടുണ്ടാകും. കുട്ടിയുടെ പ്രവൃത്തിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്നതിനും, വിമര്‍ശിക്കുന്നതിനുമൊപ്പം പലരും സ്‌കൂള്‍ കാലത്ത് അധ്യാപകര്‍ വിദ്യാര്‍ത്ഥികളിലുണ്ടാക്കുന്ന ട്രോമയെ കുറിച്ച് സംസാരിക്കുന്നുണ്ട്, അത്തരം അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്. കടുത്ത പകയിലേക്ക് വരെ വിദ്യാര്‍ത്ഥികളെ തള്ളിവിടുന്ന അവസ്ഥയെ കുറിച്ച് പറയുന്നുണ്ട്.

ഒരാള്‍ ആക്രമിക്കപ്പെട്ട സമയത്തും അക്രമം ചെയ്തയാളെ ന്യായീകരിക്കുകയാണോ എന്ന് ചോദിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ അങ്ങനെയല്ല എന്ന് ആദ്യമേ തന്നെ പറയട്ടെ. കുട്ടിയുടെ ഭാഗത്തു നിന്നുമുണ്ടായത് വളരെ എക്സ്ട്രീം ആന്റ് വയലന്റായ ആക്ഷന്‍ തന്നെയാണ്. ന്യായീകരണങ്ങളുമില്ല. പക്ഷെ അതേസമയം സ്‌കൂള്‍ കാലത്ത് ശിക്ഷിച്ചതിന്റെ ദേഷ്യം തീര്‍ക്കാനാണ് മാഷിന്റെ തലക്കടിച്ചതെന്ന് ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി പറയുമ്പോള്‍ ആ വൈരാഗ്യം രൂപപ്പെട്ട പരിസരം കൂടി ചര്‍ച്ച ചെയ്തേ മതിയാകൂ.

ചാക്കോ മാഷ് മണലില്‍ മുട്ടു കുത്തിച്ച് നിര്‍ത്തുന്നതും തോലുരിഞ്ഞ് പോകുന്നതു വരെ നുള്ളുന്നതും ചോര പൊട്ടുന്നതു വരെ അടിക്കുന്നതും മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ വെച്ച് അപമാനിക്കുന്നതുമെല്ലാം വളരെ നോര്‍മലായി കാണുന്ന ഒരു സൊസൈറ്റിയില്‍ ഇത്തരം അസാധാരണ സംഭവങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് ചാക്കോ മാഷുമാരെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പോലും തോന്നുന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്.

പൊലീസുകാര്‍ ലോക്കപ്പില്‍ വെച്ച് നടത്തുന്ന മൂന്നാം മുറയേക്കാള്‍ വലിയ പീഡനമാണ് ചിലപ്പോഴെല്ലാം ക്ലാസ് മുറികളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്നതെന്ന് ആരോ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. കാരണം പെട്ടെന്ന് കാണാനാകുന്ന മുറിവുകളേക്കാള്‍, ആഴമുള്ള ജീവിതവസാനം വരെ ഒരാളെ വേട്ടയാടുന്ന ക്രൂരമായ മാനസിക പീഡനങ്ങളാണ് പലപ്പോഴും ക്ലാസ്മുറികളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്നത്.

മാതാ പിതാ ഗുരു ദൈവം എന്ന് ചൊല്ലി പഠിപ്പിച്ച്, ദൈവത്തിന്റെ തൊട്ടടുത്തും മാതാപിതാക്കളേക്കാള്‍ ഒരു പടി മേലെയുമാണ് അധ്യാപകരെന്ന് കുട്ടികളില്‍ ഒരു ബോധം ചെറുപ്പം മുതലേ സൃഷ്ടിച്ചിട്ടുണ്ട്. എന്തൊക്കെ ചെയ്താലും എന്നെന്നും ബഹുമാനിക്കപ്പെടേണ്ടവരായും അപ്രമാദിത്വം അനുവദിച്ചു കൊടുക്കപ്പെട്ടവരുമായാണ് അധ്യാപകരെ പ്രതിഷ്ഠിച്ചു വെച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ക്ലാസിനകത്തെ അവരുടെ പ്രവര്‍ത്തനങ്ങള്‍ മിക്കപ്പോഴും ഓഡിറ്റിങ്ങിന് പുറത്താണ്.

ടീച്ചേഴ്സ് എന്നാല്‍ ഫെസിലിറ്റേറ്റര്‍ ആണെന്നുള്ള മാറിയ ഡെഫിനിഷനെ അംഗീകരിക്കാന്‍ വളരെ ചെറിയൊരു വിഭാഗം അധ്യാപകര്‍ മാത്രമാണ് ഇന്നും തയ്യാറായിട്ടുള്ളത്. മാറി മാറി വരുന്ന വിദ്യാഭ്യാസ പദ്ധതികള്‍ക്കനുസരിച്ച് സ്വയം പുതുക്കാന്‍ തയ്യാറാകുന്ന അധ്യാപകര്‍ ഇവിടെയുണ്ടെങ്കിലും വലിയൊരു വിഭാഗം പേരും ഇന്നും അധ്യാപകര്‍ എന്നതിന്റെ ചോദ്യം ചെയ്യപ്പെടാനാകാത്ത അധികാരത്തെ അകമഴിഞ്ഞ് പുല്‍കുന്നവരാണ്.

കുട്ടികളുടെ വ്യക്തിത്വ സ്വാഭാവ രൂപീകരണത്തില്‍ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് സ്‌കൂള്‍ കാലഘട്ടം. വീടുകളേക്കാള്‍ ഒരുപക്ഷെ തന്നേ കുറിച്ചും ചുറ്റുമുള്ള സമൂഹത്തെ കുറിച്ചും ഒരാളില്‍ ബോധ്യങ്ങളും കാഴ്ചപ്പാടുകളും രൂപപ്പെടുത്തിയെടുക്കുന്നതില്‍ അധ്യാപകരെന്ന സോഷ്യല്‍ ഏജന്‍സി വലിയ പങ്കുവഹിക്കുന്നുണ്ട്.

എന്നാല്‍ ഇതേ സ്പേസില്‍ വെച്ചു തന്നെയാണ് കുട്ടികളില്‍ ഏറ്റവും പിന്തിരിപ്പനായ ആശയങ്ങളും കടന്നുകൂടുന്നത്. നിറത്തിന്റെയും ശരീരഘടനയുടെയും ജാതിയുടെയും മതത്തിന്റെയും പണത്തിന്റെയും ജോലിയുടെയും പേരിലുള്ള അധിക്ഷേപങ്ങള്‍ പലപ്പോഴും ക്ലാസില്‍ പാഠം പഠിപ്പിക്കാനെത്തുന്നവരില്‍ നിന്നാണ് കുട്ടികള്‍ ആദ്യം പഠിക്കുന്നത്.

ഓര്‍മ്മശക്തി കുറഞ്ഞവരെ പഠിക്കാന്‍ കഴിവില്ലാത്തവരെന്ന് മുദ്ര കുത്തി, എന്നാല്‍ നീ വല്ല കൂലിപ്പണിക്ക് പോടാ അല്ലെങ്കില്‍ പറ്റുന്നില്ലെങ്കില്‍ കല്യാണം കഴിച്ചു പോകാന്‍ നോക്കെടി എന്നെല്ലാം പറയുന്ന എത്രയോ അധ്യാപകരെ നമ്മള്‍ കണ്ടിരിക്കുന്നു. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചു ഇരുന്നാലോ സംസാരിച്ചാലോ ഹാലിളകുന്ന, മോറല്‍ പൊലീസിങ്ങിന്റെ ഏറ്റവും വൃത്തികെട്ട രൂപങ്ങള്‍ പുറത്തെടുക്കുന്ന അധ്യാപകര്‍ ഇന്നും വിരളമല്ല. ചോദ്യങ്ങളുയര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനേക്കാള്‍ അവരെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു വരുത്തി പേടിപ്പിച്ചു വായടപ്പിക്കുന്നവരും എത്രയോ ഉണ്ട്.

ഇതെല്ലാം കുട്ടികളിലുണ്ടാക്കുന്ന അപകര്‍ഷതാബോധം ചെറുതല്ല. മറ്റൊരു സ്‌കൂളിലേക്ക് പോകുമ്പോഴും പഠനശേഷം ജോലിക്ക് കയറിയാലും വ്യക്തിജീവിതത്തിലുമെല്ലാം അന്ന് ഉള്ളില്‍ കയറിക്കൂടിയ അപകര്‍ഷതാബോധം പുറത്തുവരാറുണ്ട്. മറ്റു ചിലപ്പോള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിനും പുറത്തുമുള്ള ബുള്ളിയിങ്ങിനും റാഗിങ്ങിനുമൊക്കെ അധ്യാപകരുടെ ഈ അധികാര പ്രയോഗങ്ങളും കാരണമാകാറുണ്ട്. അധ്യാപകരുടെ നിരന്തരമായ അധിക്ഷേപങ്ങള്‍ ഒന്നും മിണ്ടാതെ സഹിക്കേണ്ടി വരുന്ന പലരും പുറത്തിറങ്ങുമ്പോഴോ വിദ്യാഭ്യാസ കാലം കഴിയുമ്പോഴോ അതിന്റെ കലിപ്പ് മുഴുവന്‍ മറ്റുള്ളവരോട് തീര്‍ക്കാറുണ്ട്.

സ്‌കൂളുകളില്‍ ചൂരല്‍ ഉപയോഗിച്ച് അടിക്കാന്‍ പാടില്ല എന്ന രീതിയെല്ലാം ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്നിരുന്നെങ്കിലും മാനസികമായി വിദ്യാര്‍ത്ഥികളെ തളര്‍ത്തരുതെന്ന് കൂടി പരിശീലന കളരികളില്‍ അധ്യാപകരോട് പറയേണ്ടതുണ്ട്. ഒമ്പതാം ക്ലാസ് വരെ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികളെ തോല്‍പ്പിക്കാതിരിക്കുക എന്ന ഒറ്റബുദ്ധി നയംകൊണ്ട് മാത്രം കുട്ടികളെ മാനസികമായി തളര്‍ത്താതിരിക്കാം എന്ന് കരുതുന്നതും അബദ്ധ ധാരണയാണ്.

അധ്യാപകരുടെ മനുഷ്യത്വരഹിതവും ഒട്ടും പുരോഗമനപരമല്ലാത്തതുമായ പല ശിക്ഷാരീതികളെയും മാതാപിതാക്കള്‍ പലപ്പോഴും പ്രോത്സാഹിപ്പിക്കാറുണ്ട്. പി.ടി.എ മീറ്റിങ്ങുകളില്‍ സ്ഥിരം കേള്‍ക്കുന്ന ചില വാചകങ്ങളുണ്ട്, നിങ്ങള്‍ എന്റെ മകനെയോ മകളെയോ തല്ലുകയോ ബെഞ്ചില്‍ കയറ്റി നിര്‍ത്തുകയോ എന്തുവേണമെങ്കിലും ചെയ്തോളൂ, അവരെ ഒന്ന് നന്നായി കണ്ടാല്‍ മതി. ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല സാറേ നിങ്ങള്‍ ഒന്ന് പേടിപ്പിച്ചു പറയണം. എന്നിങ്ങനെ പലതും. ഇത്തരം അനുചിതമായ പ്രോത്സാഹനങ്ങള്‍ സത്യത്തില്‍ തികച്ചും കുറ്റകരമായ പ്രവര്‍ത്തികളെയാണ് ചിലപ്പോഴെങ്കിലും പിന്തുണക്കുന്നത്.

അധ്യാപനത്തെ കൂടുതല്‍ ശാസ്ത്രീയമായും മനുഷ്യത്വപരമായും സമീപിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് കൂടിയാണ് ഇപ്പോള്‍ നടന്ന സംഭവവും അതേ തുടര്‍ന്ന് പുറത്തുവന്ന തുറന്നു പറച്ചിലുകളും സൂചിപ്പിക്കുന്നത്. പാഠ്യപദ്ധതിയിലെയും പാഠപുസ്തകളിലെയും മാറ്റങ്ങള്‍ക്കൊപ്പം തന്നെ വിദ്യാര്‍ത്ഥികളോടുള്ള അധ്യാപകരുടെ സമീപനത്തിലും മാറ്റം വരുത്തേണ്ടതുണ്ട്.

ഇത് മുഴുവന്‍ അധ്യാപക സമൂഹത്തെയും അടച്ചാക്ഷേപിക്കാന്‍ വേണ്ടി പറയുന്നതല്ല. പഠിപ്പിച്ച വിദ്യാര്‍ത്ഥികളുടെ ജീവിതത്തിന് പുതിയ മാനങ്ങളും വഴികളും നല്‍കിയ, ലക്ഷ്യബോധത്തോടെ കൈപിടിച്ച് നടത്തിയ അനേകം അധ്യാപകര്‍ ഇവിടെയുണ്ട്.

അധ്യാപകരും മനുഷ്യരാണെന്നും വ്യക്തിപരമായ പ്രശ്നങ്ങളുണ്ടാകാമെന്നും നമ്മള്‍ ഇന്ന് കഴിയുന്ന സൊസൈറ്റിയുടെ മൂല്യബോധങ്ങളുടെ പ്രതിഫലനങ്ങള്‍ അവരില്‍ കാണുമെന്നുമുള്ള എല്ലാ യാഥാര്‍ത്ഥ്യബോധത്തോടും കൂടിയാണ് ഇത് പറയുന്നത്. മാനേജ്മെന്റിന്റെയും സര്‍ക്കാരിന്റെയും സമ്മര്‍ദങ്ങള്‍, ശമ്പളമില്ലാതെ പോലും പണിയെടുക്കേണ്ടി വരുന്ന അവസ്ഥ, ഒരിക്കലും ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റാത്ത കുട്ടികള്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ അധ്യാപകര്‍ നേരിടുന്നുണ്ടെന്നും മനസിലാക്കുന്നു.

അതുകൊണ്ട് തന്നെ, എല്ലാം തികഞ്ഞവര്‍ മാത്രമേ ഇനി അധ്യാപകരാകാന്‍ പാടുള്ളൂ എന്ന ഉട്ടോപ്യന്‍ ആശയങ്ങളൊന്നും അവതരിപ്പിക്കാനില്ല. പക്ഷെ അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍, ക്ലാസ്മുറികളില്‍ അവര്‍ കുട്ടികളോട് പെരുമാറുന്ന രീതി, ഇതെല്ലാം വിമര്‍ശിക്കപ്പെടേണ്ടതാണെങ്കില്‍ വിമര്‍ശിക്കപ്പെടണം. നടപടിയുണ്ടാകേണ്ടതാണെങ്കില്‍ നടപടിയുണ്ടാകണം. തിരുത്തപ്പെടേണ്ടതാണെങ്കില്‍ തിരുത്തപ്പെടണം. കുട്ടികള്‍ മാത്രം തെറ്റു തിരുത്തി മുന്നോട്ടുപോയാല്‍ പോരല്ലോ.

Content Highlight: Kerala teacher attacked by former student raises questions about the teaching system

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.