സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തം; വന്‍ നാശനഷ്ടം
Cyclone Tauktae
സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തം; വന്‍ നാശനഷ്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th May 2021, 9:14 am

തിരുവനന്തപുരം: അറബിക്കടലില്‍ ടൗട്ടെ ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം. തിരുവനന്തപുരത്തിനും കൊല്ലത്തിനും പിന്നാലെ മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലും കടലാക്രമണം ശക്തമാണ്.

തൃശ്ശൂരില്‍ എറിയാട്, ചാവക്കാട്, കൈപ്പമംഗലം എന്നിവിടങ്ങളില്‍ ശക്തമായ കടലാക്രമണം ഉണ്ടായി. നൂറിലധികം വീടുകളില്‍ വെള്ളം കയറി. 105 പേരെ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു.

മലപ്പുറം പൊന്നാനിയില്‍ പലയിടങ്ങളിലും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. തണ്ണിത്തുറ, പത്തുമുറി, അജ്മീര്‍ നഗര്‍, കാപ്പിരിക്കാട്, പൊന്നാനി ലൈറ്റ് ഹൗസ് മേഖലകളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്.

വെളിയംകോട് വില്ലേജില്‍ 60 കുടുംബങ്ങളെയും പെരുമ്പടപ്പ് വില്ലേജില്‍ 26 കുടുംബങ്ങളെയും പൊന്നാനി നഗരം വില്ലേജില്‍ 68 കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

പൊന്നാനി താലൂക്കില്‍ 3 ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്.

ആലപ്പുഴയില്‍ ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഒറ്റമശ്ശേരി, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലയില്‍ കടലേറ്റം രൂക്ഷമാണ്. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍ കൂടുതല്‍ വീടുകളില്‍ വെള്ളം കയറി.

എറണാകുളം ജില്ലയില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി നാനൂറിലധികം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

കോട്ടയത്ത് രാത്രി മുഴുവന്‍ ശക്തമായ മഴ പെയ്തു. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നു. പടിഞ്ഞാറന്‍ മേഖലയിലേക്ക് കൂടുതല്‍ വെള്ളമെത്തുന്ന സ്ഥിതിയാണ്. രാത്രിയില്‍ ശക്തമായ കാറ്റില്‍ കുമരകം മേഖലയില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. കൊയിലാണ്ടി, ബേപ്പൂര്‍, തോപ്പയില്‍, കോതി എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു.

കടലുണ്ടി, ചാലിയം തീരങ്ങളില്‍ കടലാക്രമണം ശക്തമാണ്. ജനവാസ കേന്ദ്രങ്ങളിലേക്ക് ഇവിടങ്ങളില്‍ വെള്ളം കയറുന്നുണ്ട്.

ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കനത്തമഴയും കാറ്റും വെള്ളിയാഴ്ച പലയിടത്തും നാശംവിതച്ചു. ന്യൂനമര്‍ദം വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ തീരത്തുനിന്ന് 300 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു. അതിനാല്‍ വടക്കന്‍ കേരളത്തിലാണ് മഴയും കാറ്റും കൂടുതല്‍ ലഭിച്ചത്.

വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Taukte Cyclone Sea Shore Arabian Sea Ponnani Kadalundy