ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ലോക്സഭയില്‍ കേരള-തമിഴ്നാട് എം.പിമാര്‍ തമ്മില്‍ വാക്‌പോര്. നിലവിലെ അണക്കെട്ടിന്റെ സുരക്ഷിതത്വം ആശങ്കയിലാണെന്ന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് സഭയെ അറിയിച്ചതാണ് വാക്‌പോരിലേക്ക് നയിച്ചത്.
നിലവില്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്നായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന്റെ മറുപടി. ‘അണക്കെട്ട് സുരക്ഷിതമാണെന്നാണ് കമ്മീഷനുകളും കോടതിയും കണ്ടെത്തിയിരിക്കുന്നത്. ശക്തിപ്പെടുത്താനുള്ള നടപടികള്‍ കാലാകാലങ്ങളില്‍ സ്വീകരിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ അണക്കെട്ട് എന്ന നിര്‍ദേശം ജലവിഭവ മന്ത്രാലയത്തിനു മുന്നിലില്ല’, ഗജേന്ദ്ര സിങ് ശെഖാവത്ത് പറഞ്ഞു.
കേരള സര്‍ക്കാരിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി മന്ത്രാലയം ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അത് പരിശോധിച്ച് പരിസ്ഥിതി മന്ത്രാലയം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പുതിയ അണക്കെട്ട് എന്ന നിര്‍ദേശം നടപ്പിലാകണമെങ്കില്‍ കേരളവും തമിഴ്നാടും ഒരുമിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.