ന്യൂദല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും പശ്ചിമ ബംഗാളിനും മഹാരാഷ്ട്രക്കും പുറമെ കേരളവും പുറത്ത്. മൂന്നാം ഘട്ട പരിശോധനയിലാണ് കേരളത്തിന്റെ ടാബ്ലോ പുറത്തായത്. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശക്തമാവുകയാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തന്നെ നടക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. ഇരു സംസ്ഥാനങ്ങളുടെയും ടാബ്ലോകള്‍ റിപ്പബ്ലിക് ദിന പരേഡിനില്ല. മഹാരാഷ്ട്രയും നേരത്തെ ഒഴിവാക്കപ്പെട്ടിരുന്നു.
ജനുവരി 26 ലെ റിപ്പബ്ലിക് ദിന പരേഡില്‍ പശ്ചിമബംഗാളില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള ടാബ്ലോ ഒഴിവാക്കതിന് പിന്നാലെ പ്രതികരണവുമായി ശിവസേനാ നേതാവ് സജ്ഞയ് റാവത്ത് രംഗത്ത് വന്നിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ ഈ നീക്കം രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണെന്ന് സജ്ഞയ് റാവത്ത് ആരോപിച്ചു.
മഹാരാഷ്ട്രയുടേയും പശ്ചിമബംഗാളിന്റേയും ടാബ്ലോ ഒഴിവാക്കിയത് സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയല്ലാത്തത് കൊണ്ടാണെന്നും സജ്ഞയ് റാവത്ത് ആരോപിച്ചു.
കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടമേളം തുടങ്ങി കേരളത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളില്‍ ചിലത് അടങ്ങുന്ന ടാബ്ലോ മാതൃകയായിരുന്നു കേരളം സമര്‍പ്പിച്ചത്. വികസന പ്രവര്‍ത്തനങ്ങളും ജലം സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു ബംഗാളിന്റേത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന 16 ടാബ്ലോകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. 56 അപേക്ഷകളായിരുന്നു റിപ്പബ്ലിക് ദിന പരേഡിലെ ടാബ്ലോകള്‍ അവതരിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ എത്തിയിരുന്നത്.
DoolNews Video
പ്രതിരോധ വകുപ്പാണ് അപേക്ഷകള്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത്. അഞ്ച് ഘട്ടങ്ങളിലായാണ് അപേക്ഷകള്‍ പരിശോധിക്കുക. മൂന്നാം ഘട്ടത്തിലാണ് കേരളം പുറത്തായത്. ബംഗാളും മഹാരാഷ്ട്രയും രണ്ടാം ഘട്ടത്തില്‍ പുറത്തായിരുന്നു.
ബംഗാളി കലാകാരന്‍ ബാപ്പ ചക്രിവര്‍ത്തിയാണ് കേരളത്തിന്റെ ടാബ്ലോ ഒരുക്കിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളം നാല് തവണ പരേഡില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്.
പക്ഷെ 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 2018ല്‍ മാത്രമാണ് കേരളത്തിന് പരേഡില്‍ പങ്കെടുക്കാന്‍ പോലുമായത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വിദഗ്ദ്ധ സമിതിയാണ് അപേക്ഷകള്‍ പരിശോധിച്ച് ടാബ്ലോകള്‍ തെരഞ്ഞെടുത്തതെന്ന് പ്രതിരോധ മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ടാബ്ലോകളുടെ ആശയവും ഡിസൈനും ആണ് വിദഗ്ദ്ധര്‍ വിലയിരുത്തിയതെന്നും സമയപരിധി മൂലം ടാബ്ലോകള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഏറ്റവും മികച്ചത് തെരഞ്ഞെടുക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്ന് പരിശോധന ജൂറി അംഗമായ പ്രശസ്ത നര്‍ത്തകി ജയപ്രദ മോനോന്‍ പറഞ്ഞു.