| Tuesday, 13th August 2019, 8:32 am

നമുക്ക് തോല്‍ക്കാനാവില്ല; സര്‍ക്കാര്‍ ആവശ്യപ്പെടാതെ തന്നെ ഒറ്റ ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയത് 2.55 കോടി രൂപ!

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംസ്ഥാന സര്‍ക്കാര്‍ ധനസമാഹരണ അഭ്യര്‍ഥന നടത്താതെ തന്നെ ഒറ്റ ദിവസം കൊണ്ടു വന്നെത്തിയതു 2.55 കോടി രൂപ. സര്‍ക്കാരിനു സംഭാവന നല്‍കരുതെന്ന തരത്തിലുള്ള തെറ്റായ പ്രചാരണത്തിനെതിരെ പ്രമുഖരും രംഗത്തെത്തിയതോടെ കേരളം മഴക്കെടുതിയെ ഒറ്റക്കെട്ടായി അതിജീവിക്കുകയാണ്.

സാമൂഹിക മാധ്യമങ്ങള്‍ വഴി തുടക്കമിട്ട സംഭാവന ചാലഞ്ചാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വീണ്ടും പണമൊഴുക്കു കൂട്ടിയത്. സാധാരണ 25 മുതല്‍ 35 ലക്ഷം രൂപ വരെയാണ് ദുരിതാശ്വാസ നിധിയിലേക്കു ദിവസേന എത്തുക. എന്നാല്‍, ഞായറാഴ്ച രാത്രി മുതല്‍ ഇന്നലെ വൈകിട്ടുവരെ 15,029 പേര്‍ ചെറുതും വലുതുമായ തുക സംഭാവന നല്‍കിയതോടെ ഒറ്റ ദിവസത്തെ വരവ് 1.60 കോടി കവിഞ്ഞു.

റിമ കല്ലിങ്കല്‍, ബിജിബാല്‍, ആഷിഖ് അബു, ടോവിനോ തോമസ് തുടങ്ങി സിനിമാ മേഖലയിലെ നിരവധി പേരാണ് രണ്ട് ദിവസമായി സോഷ്യല്‍ മീഡിയ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്. ദുരന്തബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കഥാകൃത്ത് ടി.പത്മനാഭന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി.

‘പത്തെങ്കില്‍ പത്ത്, നൂറെങ്കില്‍ നൂറ്. കരുതലിന് അങ്ങനെ കണക്കൊന്നുമില്ല, എന്ന് പറഞ്ഞാണ് ബിജിബാല്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ ആഷിക് അബു, റിമ കല്ലിങ്കല്‍, ഷഹബാസ് അമന്‍, ജസ്റ്റിന്‍ വര്‍ഗീസ് എന്നീ സിനിമാ പ്രവര്‍ത്തകരെ ടാഗ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ചാലഞ്ച് ഏറ്റെടുത്ത ആഷിക്, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ ചാലഞ്ച് ചെയ്യുകയും ചെയ്തു.

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് നടന്‍ ആര്യനും ഫേസ്ബുക്കില്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിനും മുകളില്‍ സുതാര്യമായ, വിശ്വാസ യോഗ്യമായ മറ്റൊരു ഇടം ഇല്ലെന്നും അദ്ദേഹം പറഞ്ഞു

അതേസമയം, മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന വ്യാപകമായ പ്രചരണം സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരുടെ വിഹിതമായ സാലറി ചാലഞ്ചും ഇതര സംസ്ഥാന സര്‍ക്കാരുകളുടെയും ജനങ്ങളുടെയും വിഹിതമായ തുകയും ചേര്‍ത്ത് ആകെ 4,356 കോടി രൂപയാണ് ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിയത്. വീടു വയ്ക്കാനും ചികില്‍സയ്ക്കും ആശ്വാസധനമായും ഒക്കെ ആകെ വിതരണം ചെയ്തതു 2008 കോടി രൂപയാണ്.

ഈ വര്‍ഷത്തെ മഴയിലും ഉരുള്‍പൊട്ടലിലും എത്ര കോടിയുടെ നഷ്ടം സംഭവിച്ചെന്നു സര്‍ക്കാര്‍ തിട്ടപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനത്തിനു ദുരിതാശ്വാസത്തിനുമായി 22 കോടി രൂപ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കാം

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ തുടങ്ങിയ സൗകര്യങ്ങളുപയോഗിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കാം. >ഈ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക: https://donation.cmdrf.kerala.gov.in

ധന സെക്രട്ടറിയുടെ ഒപ്പോടു കൂടിയ രസീത് ഉടന്‍ ലഭിക്കും. ഈ രസീത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചാണു പലരും സംഭാവന ചാലഞ്ചില്‍ പങ്കെടുക്കുന്നത്. സംഭാവന ചെയ്യുന്ന തുകയ്ക്കു മുഴുവന്‍ ആദായ നികുതി കിഴിവ് ലഭിക്കും.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more