| Friday, 20th September 2024, 9:55 am

രണ്ട് ടീമിന്റെയും ഹോം സ്‌റ്റേഡിയം, രണ്ട് ടീമിനും ഇന്ന് ഹോം മാച്ച്; മഞ്ചേരി ഇന്ന് കത്തും

സ്പോര്‍ട്സ് ഡെസ്‌ക്

അലകടലായ് എത്തുന്ന മലപ്പുറം എഫ്.സിയുടെ ആരാധകക്കൂട്ടം ‘അള്‍ട്രാസിന്’ ഹോം ഗ്രൗണ്ടില്‍ ഒരു ആവേശവിജയം സമ്മാനിക്കാനാണ് ടീം ഇന്ന് ഇറങ്ങുകയെന്ന് ഗോള്‍കീപ്പര്‍ വി മിഥുന്‍. മലപ്പുറം എഫ്.സിയും തൃശൂര്‍ മാജിക് എഫ്.സിയും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ കേരളത്തിന്റെ ഇതിഹാസ ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ മിഥുനിന് പ്രതീക്ഷയേറെ.

ഫോര്‍സ കൊച്ചിയെ അവരുടെ ഗ്രൗണ്ടില്‍ തോല്പിച്ചുകൊണ്ടാണ് മലപ്പുറം എഫ്.സി മഹീന്ദ്ര സൂപ്പര്‍ ലീഗില്‍ അരങ്ങേറിയത്. പക്ഷേ, രണ്ടാം അങ്കത്തില്‍ കാലിക്കറ്റ് എഫ്.സിയോട് മൂന്ന് ഗോളിന്റെ തോല്‍വി വഴങ്ങേണ്ടിവന്നത് ഏവരെയും ഞെട്ടിച്ചു.

ആ ഷോക്കില്‍ നിന്ന് തിരിച്ചുകയറാനാണ് മലപ്പുറം എഫ്.സി ബൂട്ട് കെട്ടുന്നത്. ആദ്യ രണ്ടു കളികളിലും സുല്ലിട്ട തൃശൂര്‍ വിജയത്തില്‍ കുറഞ്ഞ ഒന്നിലും സംതൃപ്തരാവില്ല. അതുകൊണ്ട് തന്നെ ഒരു യുദ്ധത്തിനാവും ഇന്ന് മഞ്ചേരി സ്റ്റേഡിയം സാക്ഷിയാവുക.

മഞ്ചേരി: കണ്ണൂര്‍ക്കാരന്റെ ലക്കി ഗ്രൗണ്ട്

കണ്ണൂര്‍ക്കാരന്‍ മിഥുന് മഞ്ചേരി എന്നത് ഭാഗ്യമൈതാനമാണ്. ടച്ച് ലൈനില്‍ വരെ കാണികളെ നിര്‍ത്തി 2022ല്‍ കേരളം അവസാനമായി സന്തോഷ് ട്രോഫി ജയിക്കുന്നത് ഇവിടെ വെച്ചാണ്. ബംഗാളിന്റെ വമ്പ് ഷൂട്ടൗട്ടില്‍ മറികടന്ന് കേരളം കിരീടം നേടുമ്പോള്‍ പോസ്റ്റിന് കാവല്‍ നിന്നത് ഈ കണ്ണൂര്‍ക്കാരനാണ്.

2018ല്‍ കൊല്‍ക്കത്ത സോള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെച്ച് ബംഗാളിനെ തോല്‍പ്പിച്ച് കേരളം ദേശീയ ചാമ്പ്യന്മാരാകുമ്പോഴും മിഥുന്‍ തന്നെ ഹീറോ. അന്ന് ഷൂട്ടൗട്ടില്‍ രണ്ട് ബംഗാളി കിക്കുകള്‍ സേവ് ചെയ്താണ് മിഥുന്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം കേരളത്തിലേക്ക് സന്തോഷ് ട്രോഫി കിരീടമെത്തിച്ചത്. എട്ട് തവണ കേരളത്തെ സന്തോഷ് ട്രോഫിയില്‍ പ്രതിനിധീകരിച്ച മിഥുന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനാണ്.

കണ്ണൂരിന്റെ മുത്ത്, മലപ്പുറത്തിന്റെ സ്വത്ത്

മുഴുപ്പിലങ്ങാട് ബീച്ചിലും കണ്ണൂര്‍ എസ്.എന്‍ കോളേജിലും കളിച്ചുതെളിഞ്ഞ മിഥുന്‍ സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്.സിയുടെ ഗോള്‍കീപ്പറായി എത്തുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

നിര്‍ണായക ഘട്ടങ്ങളില്‍ ടീമിന് തുണയായി മിഥുന്‍ എന്ന ഗോള്‍കീപ്പര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം. കേരള പോലീസ് താരമായിരുന്ന മുരളിയുടെ മകനായി ജനിച്ച മിഥുന് ആരാധകരുടെ ആവേശം വളരെ വേഗം തിരിച്ചറിയാന്‍ കഴിയും. അവരുടെ വികാരങ്ങളെ ഉള്‍ക്കൊള്ളാന്‍ പറ്റും.

തൃശൂര്‍ ഗഡികള്‍ എത്തും

ഇന്ന് മലപ്പുറം എഫ്.സിയുടെ ആരാധകര്‍ മാത്രമാവില്ല മഞ്ചേരി സ്റ്റേഡിയത്തില്‍ ആരവം മുഴക്കുക. മലപ്പുറത്തിനൊപ്പം തൃശൂര്‍ ടീമിന്റെയും ഹോം ഗ്രൗണ്ടാണ് മഞ്ചേരി സ്റ്റേഡിയം. ഇവിടെ നടന്ന തൃശൂര്‍ – കണ്ണൂര്‍ മത്സരത്തിന് നിരവധി തൃശൂര്‍ ഗഡികള്‍ എത്തിയിരുന്നു. കൂടുതല്‍ കരുത്തോടെ അവര്‍ വീണ്ടും ഗ്യാലറിയില്‍ ഉണ്ടാവും. ക്ലാസിക് പോരാട്ടത്തിന്റെ ടിക്കറ്റ് കഴിഞ്ഞ ദിവസം ഉച്ചയോടെ തന്നെ 60 ശതമാനം വിറ്റുതീര്‍ന്നിട്ടുണ്ട്.

ഇനിയുമുണ്ട് ടിക്കറ്റ്

ഗ്യാലറി ടിക്കറ്റ് പരിമിതമാണ് എങ്കിലുംപേടിഎം വഴി ഇനിയും ലഭ്യമാണ്. മത്സര ദിവസം സ്റ്റേഡിയത്തിലും ടിക്കറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കളികളുടെ തത്സമയ സംപ്രേഷണം സ്റ്റാര്‍ സ്‌പോര്‍ട്‌സ് വണ്ണിലാണ്. വെബ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മിഡില്‍ ഈസ്റ്റില്‍ ഉള്ളവര്‍ക്ക് മനോരമ മാക്‌സിലും മഹീന്ദ്ര സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ കാണാം.

Content highlight: Kerala Super League: Malappuram FC will face Thrissur Magic FC

We use cookies to give you the best possible experience. Learn more