സ്വന്തം മണ്ണില്‍ ഇനി തോല്‍ക്കാന്‍ വയ്യ, ജയം മാത്രം ലക്ഷ്യമിട്ട് മലപ്പുറം; മഞ്ചേരിയില്‍ ഇന്ന് സൂപ്പര്‍ ക്ലാസിക്കോ
Sports News
സ്വന്തം മണ്ണില്‍ ഇനി തോല്‍ക്കാന്‍ വയ്യ, ജയം മാത്രം ലക്ഷ്യമിട്ട് മലപ്പുറം; മഞ്ചേരിയില്‍ ഇന്ന് സൂപ്പര്‍ ക്ലാസിക്കോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th September 2024, 7:14 am

ആരാധകരുടെ പ്രിയ മൈതാനമായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഇന്ന് സൂപ്പര്‍ ക്ലാസിക്കോ. മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരത്തില്‍ മലപ്പുറം എഫ്.സി കണ്ണൂര്‍ വാറിയേഴ്‌സുമായി കൊമ്പുകോര്‍ക്കും. കിക്കോഫ് രാത്രി 7.30ന്.

കേരള ഫുട്‌ബോളിലെ പരമ്പരാഗത ശക്തികളായ മലപ്പുറവും കണ്ണൂരും ഏറെ നിര്‍ണായകമായ മത്സരത്തിനാണ് ഇന്ന് ബൂട്ടണിയുന്നത്.

 

വേണം ഗോളും വിജയവും, കാത്തിരിപ്പ് തുടര്‍ന്ന് അള്‍ട്രാസ്

ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ ഫോഴ്‌സ കൊച്ചിക്ക് അവരുടെ തട്ടകത്തില്‍ ഇരട്ടപ്രഹരം നല്‍കിയാണ് മലപ്പുറം എഫ്.സി തുടങ്ങിയത്. പിന്നീട് രണ്ടു മത്സരങ്ങള്‍ സ്വന്തം മൈതാനത്ത് കളിച്ചെങ്കിലും വിജയമോ ഒരു ഗോളോ സ്‌കോര്‍ ചെയ്യാന്‍ മലപ്പുറത്തിന് കഴിഞ്ഞില്ല.

കാലിക്കറ്റ് എഫ്‌സിയോട് മൂന്ന് ഗോളിന് തകര്‍ന്നപ്പോള്‍ തൃശൂര്‍ മാജിക് എഫ്.സിയോട് ഗോള്‍രഹിത സമനില വഴങ്ങി. ഫിനിഷിങ് പോരായ്മകളാണ് ടീമിനെ ഗോളില്‍ നിന്നകറ്റുന്നത്.

ഐ ലീഗ് സൂപ്പര്‍ താരം അലക്‌സ് സാഞ്ചസ്, ഉറൂഗ്വേക്കാരന്‍ പെഡ്രോ മന്‍സി എന്നിവരെ മുന്നേറ്റനിരയില്‍ കെട്ടഴിച്ചുവിട്ടാവും ഇന്ന് ഇംഗ്ലീഷ് കോച്ച് ജോണ്‍ ഗ്രിഗറി മലപ്പുറത്തിന്റെ ഗോള്‍ ദാരിദ്ര്യത്തിന് പരിഹാരം തേടുക.

സ്പാനിഷ് താരങ്ങളായ റൂബന്‍, ജോസബ എന്നിവര്‍ക്കൊപ്പം കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തുകളിച്ച ബുജൈറും ഫസലുവും ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും. നായകന്‍ അനസ് എടത്തൊടിക ഫോമിലേക്ക് ഉയര്‍ന്നതും ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

ഫിനിഷിങ് കുറവുകള്‍ പരിഹരിച്ച് ആരാധകര്‍ മോഹിച്ച വിജയം സമ്മാനിക്കാനാണ് ടീം ഒരുങ്ങുന്നതെന്ന് നായകന്‍ അനസ് എടത്തൊടിക പറഞ്ഞു. ലീഗിലെ ഏറ്റവും വലിയ ആരാധക സംഘമാണ് ‘അള്‍ട്രാസ്’ അവര്‍ ടീമിന് നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും മുന്‍ ഇന്ത്യന്‍ താരം കൂട്ടിച്ചേര്‍ത്തു.

കളി പിടിക്കാന്‍ വടക്കന്‍ പട

മൂന്ന് കളികളില്‍ അഞ്ച് പോയന്റുള്ള കണ്ണൂര്‍ നാല് പോയന്റുള്ള മലപ്പുറത്തെ നേരിടുമ്പോള്‍ തകര്‍പ്പന്‍ വിജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് കയറാനാണ് വടക്കന്‍ പടയുടെ പോരാളികള്‍ കച്ചമുറുക്കുന്നത്. പയ്യനാട് സ്റ്റേഡിയത്തില്‍ തൃശൂര്‍ മാജിക് എഫ്.സിക്കെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടുഗോള്‍ തിരിച്ചടിച്ച് ജയിച്ച അനുഭവം കണ്ണൂര്‍ ടീമിന് കരുത്താകും.

മികവോടെ പന്ത് തട്ടുന്ന ടീമില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വരുത്താതെയാവും സ്പാനിഷ് ബോസ് മനോലോ സാഞ്ചസ് ഇന്ന് ടീമിനെ വിന്യസിക്കുക. അജ്മല്‍ വല കാക്കുമ്പോള്‍ വികാസും അല്‍വാരോയും കോട്ടകെട്ടും.

റിഷാദും അക്ബറും പാര്‍ശ്വങ്ങളിലൂടെ ആക്രമണം നയിക്കും. സ്പാനിഷ് താരങ്ങളായ അഡ്രിയാന്‍ സെര്‍ദിനെറോയും ഐസിയര്‍ ഗോമസും ഗോളടിക്കാന്‍ കാത്തിരിക്കും. തകര്‍പ്പന്‍ ഷോട്ടുകളും പാസുകളുമായി കാമറൂണ്‍ക്കാരന്‍ ലവ്‌സാംബ മധ്യനിര ഭരിക്കും.

തോല്‍വിയറിയാത്ത കുതിപ്പ് തുടരാന്‍ കണ്ണൂരും സ്വന്തം ഗ്രൗണ്ടില്‍ ആദ്യ ജയം എന്ത് വില നല്‍കിയും നേടാന്‍ മലപ്പുറവും അള്‍ട്രാസ് എന്ന ആരാധക കൂട്ടത്തെ സാക്ഷിനിര്‍ത്തി പോരിനിറങ്ങുമ്പോള്‍ പയ്യനാട് സ്റ്റേഡിയം ഒരു ക്ലാസിക് കാല്‍പന്ത് പോരാട്ടത്തിനാവും ഇന്ന് സാക്ഷ്യം വഹിക്കുക.

തത്സമയം

മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിലും (ഫസ്റ്റ്) ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും ലഭിക്കും. ഗള്‍ഫ് മേഖലയിലുള്ളവര്‍ക്ക് മനോരമ മാക്‌സില്‍ ലൈവ് സ്ട്രീമിങ് കാണാം.

 

Content highlight: Kerala Super League: Malappuram FC vs Kannur Warriors