|

സഞ്ജു സർപ്രൈസായി അവതരിക്കും! വമ്പൻ താരങ്ങളുമായി കേരളത്തിന്റെ 'ഐ.പി.എൽ' അണിയറയിൽ ഒരുങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണ്‍ ആരംഭിക്കാന്‍ പോവുന്നതിന്റെ ആവേശത്തിലാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍. സെപ്റ്റംബര്‍ ഒന്നുമുതലാണ് കേരളത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം കുറിക്കുന്നത്. ടൂര്‍ണമെന്റില്‍ ആറ് ടീമുകളാണ് കിരീടത്തിനായി മാറ്റുരക്കുന്നത്.

ഇപ്പോഴിതാ ആരാധകരെ കൂടുതല്‍ ആവേശത്തിലാഴ്ത്തിക്കൊണ്ട് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആറ് ടീമുകളുടെ പേരും ഓരോ ടീമിന്റെയും ഐക്കണ്‍ താരങ്ങളുടെയും വിവരങ്ങളാണ് പുറത്തുനിരിക്കുന്നത്.

ആലപ്പി റിപ്പിള്‍സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റേഴ്‌സ്, ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയ്ലേഴ്‌സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ് എന്നിങ്ങനെയാണ് ടീമുകളുടെ പേരുകള്‍. ഓരോ ടീമിനും ഓരോ ഐക്കണ്‍ താരങ്ങളും ഉണ്ട്.

പി.എ. അബ്ദുള്‍ ബാസിത്തിനെയാണ് ട്രിവാന്‍ഡ്രം റോയല്‍സിന്റെ ഐക്കണ്‍ താരമായി തെരഞ്ഞെടുത്തത്. സൂപ്പര്‍ താരം സച്ചിന്‍ ബേബി ഏരീസ് കൊല്ലം സെയ്ലേഴ്‌സിന്റെയും പേസര്‍ ബേസില്‍ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെയും ഐക്കണ്‍ താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

മുഹമ്മദ് അസറുദ്ദീന്‍ ആലപ്പി റിപ്പിള്‍സിന്റെയും വിഷ്ണു വിനോദ് തൃശൂര്‍ ടൈറ്റന്‍സിന്റെയും രോഹന്‍ എസ് കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റേഴ്‌സിന്റെയും ഐക്കണ്‍ താരങ്ങളായി കളിക്കും.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഏത് ടീമിന്റെ ഭാഗമാകും എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. സഞ്ജുവിനെ ലേലത്തിലൂടെയായായിരിക്കും ടീമുകള്‍ സ്വന്തമാക്കുക. ലേലത്തില്‍ ഓരോ ഫ്രാഞ്ചൈസികള്‍ക്കും ഒരു കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുള്ളത്. ഓഗസ്റ്റ് പത്തിന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍വച്ചാണ് താരലേലം നടക്കുക.

തിരുവനന്തപുരം കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ്ബിൽ വെച്ചായിരിക്കും ലീഗിലെ എല്ലാ മത്സരങ്ങളും നടക്കുക. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ 33 മത്സരങ്ങളാണ് ഉണ്ടായിരിക്കുക. ആറ് ടീമുകള്‍ പരസ്പരം രണ്ട് വീതം മത്സരങ്ങള്‍ കളിക്കുന്ന രീതിയിലാണ് ലീഗിന്റെ ഫിക്ച്ചര്‍.സ്റ്റാര്‍ സ്പോര്‍ട്സാണ് മത്സരങ്ങളുടെ സംരക്ഷണാവകാശം ഏറ്റെടുത്തിട്ടുള്ളത്. വൈകിട്ട് മൂന്ന് മണിക്കും ഏഴ് മണിക്കും ആയിരിക്കും മത്സരങ്ങള്‍ നടക്കുക.

ഇന്ത്യയില്‍ ഇതിനോടകം തന്നെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള ടി-20 ലീഗുകള്‍ നടക്കുന്നുണ്ട്. തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് ലീഗുകള്‍ ഏറെ ശ്രദ്ധേയമാണ്. കേരളത്തിലെ കഴിവുള്ള യുവതാരങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കിക്കൊണ്ട് പുത്തന്‍ താരങ്ങളെ വളര്‍ത്തിയെടുക്കാനും ഈ ടൂര്‍ണ്ണമെന്റ് സഹായകമാകും.

Content Highlight: Kerala Super League Announced The Team Names and Icon Players

Video Stories