ഭോപ്പാൽ: യു.ജി, പി.ജി പ്രവേശനത്തിനുള്ള ഓപ്പൺ കൗൺസിലിങ്ങിന് എത്തിയ മലയാളി വിദ്യാർത്ഥികളോട് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയുമായി മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി. ക്യാമ്പസിൽ പ്രവേശിക്കണമെങ്കിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നാണ് നിർദേശം.
സെപ്റ്റംബർ 14, 15 ദിവസങ്ങളിലായി നടക്കുന്ന കൗൺസിലിങ്ങിനായി അമ്പതോളം മലയാളി വിദ്യാർത്ഥികളാണ് എത്തിയിട്ടുള്ളത്.
അതേസമയം ഐ.സി.എം.ആർ അംഗീകൃത ലാബുകൾക്ക് മാത്രമാണ് നിപ പരിശോധന സർട്ടിഫിക്കറ്റുകൾ നൽകാനാകുക. രാജ്യത്ത് ഇത്തരം ലാബുകൾ വളരെ വിരളമാണ്.
രാജ്യത്തെ സർവകലാശാലകളിലെ മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ നാഷണൽ സ്റ്റുഡന്റസ് കളക്റ്റീവും എം.പിമാരും വിഷയത്തിൽ ഇടപെട്ടു. വിദ്യാർത്ഥികളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡോ. വി. ശിവദാസൻ എം.പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സർവകലാശാല ഉത്തരവ് പിൻവലിക്കണമെന്നും വിദ്യാർത്ഥികൾക്ക് നിപ പരിശോധന നടത്തുക പ്രയോഗികമല്ലെന്നത് മനസ്സിലാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
മലയാളി വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. നിരവധി മലയാളി വിദ്യാർത്ഥികൾ പഠിക്കുന്ന കേന്ദ്ര സർവകലാശാലയാണ് ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി.
Content Highlight: Kerala students asked to submit Nipah negative certificate at IGNTU