| Friday, 11th October 2019, 3:22 pm

ഇന്ത്യയില്‍ ശിശു പോഷകാഹാരം ഉറപ്പാക്കുന്നതില്‍ കേരളം മുന്നില്‍; ദേശീയ ശരാശരിയേക്കാള്‍ അഞ്ചു മടങ്ങ് നേട്ടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ ദേശീയ സര്‍വേ റിപ്പോര്‍ട്ടിലും കേരളം ഒന്നാമതായെന്ന റിപ്പോര്‍ട്ടിനുപിന്നാലെ ദേശീയ തലത്തില്‍ കേരളത്തില്‍ രണ്ടുവയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിലും കേരളം മുന്നില്‍. ദേശീയ സമഗ്ര പോഷകാഹാര സര്‍വേയിലാണ് ഇത് വ്യക്തമാക്കുന്നത്. രാജ്യത്ത് ഈ പ്രായ പരിധിയിലുള്ള കുഞ്ഞുങ്ങള്‍ക്ക് 6.4 ശതമാനം മാത്രമാണ് മതിയായ പോഷകാഹാരം ലഭിക്കുന്നതെന്നും സര്‍വേയില്‍ പറയുന്നു.

എന്നാല്‍ ഇത് കേരളത്തിലേക്കു വരുമ്പോള്‍ 32.6 ശതമാനമായി ഉയരുന്നു. 35.9 ശതമാനം പോഷകാഹാരം ലഭിക്കുന്ന സിക്കിം ആണ് മുന്നില്‍ നില്‍ക്കുന്നത്. ദേശീയ ശരാശരിയേക്കാള്‍ അഞ്ചുമടങ്ങ് കൂടുതലാണ് കേരളത്തിന്റെ നേട്ടം.

രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് കേരളം. കേരളത്തില്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ വിളര്‍ച്ച (അനീമിയ)യുണ്ടെന്ന് സര്‍വേയില്‍ പറയുന്നു.

കേരളത്തില്‍ ശിശു സംരക്ഷണത്തിലും സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതയുടെ ഭാഗമായാണ് ഈ നേട്ടംകൈവരിക്കാനായതെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ ദേശീയ സര്‍വേ റിപ്പോര്‍ട്ടിലും കേരളം ദേശീയ തലത്തില്‍ ഒന്നാമതായിരുന്നെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

‘ശിശുക്ഷേമത്തിലും സംരക്ഷണത്തിലും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമാണ് ഈ നേട്ടം. ആരോഗ്യമുള്ള ഒരു ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ നടപ്പാക്കുന്ന പദ്ധതികള്‍ വിജയം കാണുന്നതിന്റെ സൂചന കൂടിയാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ  ആരോഗ്യ മേഖലകളിലെ ദേശീയ സര്‍വ്വെ റിപ്പോര്‍ട്ടിലും കേരളം ദേശീയ തലത്തില്‍ നമ്പര്‍ വണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു’. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നാലു വയസില്‍ താഴെയുള്ള കുട്ടികളില്‍ 35 ശതമാനവും മതിയായ ഉയരമില്ല എന്നും 17 ശതമാനം പേര്‍ക്ക് ഉയരത്തിന് ആനുപാതികമായ ഭാരമില്ല എന്നും സര്‍വേയില്‍ പറയുന്നു. ഇതില്‍ തന്നെ 33 ശതമാനം പേര്‍ക്ക് പ്രായത്തിനനുസരിച്ച ഭാരമില്ല.

ആറുമാസത്തിനും നാലര വയസ്സിനും ഇടയിലുള്ളവരില്‍ 11 ശതമാനം കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ളവരില്‍ 22 ശതമാനം പേര്‍ മതിയായ പൊക്കമില്ലാത്തവരാണ്. അതില്‍ തന്നെ 10 ശതമാനം പേര്‍ ആവശ്യത്തിന് ഭാരമില്ലാത്തവരാണ്.
സ്‌കൂള്‍ വിദ്യാര്‍ഥികളിലും കൗമാരക്കാരിലും 10 ശതമാനം പ്രമേഹപൂര്‍വ അവസ്ഥയിലാണ്. സ്‌കൂള്‍ പ്രായത്തിനു മുകളിലുള്ളവരില്‍ 41 ഉം, സ്‌കൂള്‍ പ്രായത്തിലുള്ളവരില്‍ 24 ശതമാനവും കൗമാരക്കാരില്‍ 28 ശതമാനവും വിളര്‍ച്ച അനുഭവിക്കുന്നവരാണെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.

നാഷണല്‍ ന്യുട്രീഷന്‍ സര്‍വേ പ്രകാരം കേരളം മുന്നില്‍ എത്തിയിരിക്കുന്നത് തീര്‍ത്തും അഭിമാനകരമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. കെ ശൈലജ പറഞ്ഞു. രാജ്യത്ത് ഈ പ്രായപരിധിയിലുള്ള കുഞ്ഞുങ്ങളില്‍ 6.4 ശതമാനം പേര്‍ക്ക് മാത്രം മതിയായ പോഷകാഹാരം ലഭിക്കുമ്പോള്‍ കേരളത്തില്‍ ഇത് 32.6 ശതമാനമാണെന്നത് ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു മന്ത്രി.

‘ഗര്‍ഭിണിയായിരിക്കുന്ന കാലം മുതല്‍ കുഞ്ഞിന് രണ്ടു വയസാകുന്നതു വരെയുള്ള ആയിരം ദിനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പദ്ധതികളാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചുവരുന്നതെന്നും ഇത്തരമൊരു നേട്ടം കൈവരിക്കാനായത് അതുകൊണ്ടുകൂടിയാണെന്നുമാണ് വിഷയത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രതികരിച്ചത്.

‘ഗര്‍ഭിണിയായിരിക്കുന്ന കാലം മുതല്‍ കുഞ്ഞിന് രണ്ടു വയസാകുന്നതു വരെയുള്ള ആയിരം ദിനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പദ്ധതികളാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചുവരുന്നത്. അതാണ് ഈ നേട്ടം കൈവരിക്കാനായത്. സമ്പുഷ്ട കേരളം സംസ്ഥാന വ്യാപകമാക്കുന്നതോടെ ഇതിനേക്കാള്‍ അഭിമാനിക്കാവുന്ന നേട്ടം കൈവരിക്കാനാകും.’ കെ. കെ ശൈലജ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സമ്പുഷ്ട കേരളം പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും സ്മാര്‍ട് ഫോണുകള്‍ നല്‍കി വരികയാണ്. ഈ ഫോണിലെ പ്രത്യേക അപ്ലിക്കേഷനിലൂടെ (ഐ.സി.ഡി.എസ്.-സി.എ.എസ്. സോഫ്റ്റുവെയര്‍) ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരങ്ങളും യഥാസമയം അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ഗുണഭോക്താക്കളുടെ വിവരങ്ങളും പ്രശ്നങ്ങളും തത്സമയം നിരീക്ഷിക്കുകയും അതിലൂടെ ആവശ്യാനുസരണം സേവനം ലഭ്യമാക്കുവാനും സാധിക്കും. പദ്ധതി പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാകുന്നതോടെ സ്ത്രീകളുടേയും കുട്ടികളുടേയും പോഷകാഹാര കാര്യത്തില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സര്‍വേ ഫലം  പരിശോധിക്കുമ്പോള്‍ ആന്ധ്രപ്രദേശും മഹാരാഷ്ട്രയും മിസോറാമുമാണ് ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങള്‍.ആന്ധ്രാ പ്രദേശില്‍ 1.3 ശതമാനം, മഹാരാഷ്ട്രയില്‍ 2.2 ശതമാനം, മിസോറാമില്‍ 2.8 ശതമാനം  എന്നിങ്ങനെയാണ് കണക്ക്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2016 മുതല്‍ 18 വരെയുള്ള 19 വയസ്സുവരെയുള്ള 1,20,000 കുട്ടികളില്‍ നടത്തിയ ചണ്ഡീഗഢ് മെഡിക്കല്‍ പി.ജി ഇന്‍സ്റ്റിറ്റ്യൂട്ട്, ന്യൂദല്‍ഹിയിലെ കാലാവതി സരണ്‍ ആശുപത്രി എന്നിവയുടെ സഹായത്തോടെ യൂണിസെഫാണ് പഠനം നടത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more