|

'ബിന്‍ ലാദന്റെ ചുവര്‍ച്ചിത്രമുള്ള ക്യാമ്പസ്, മാളില്‍വെച്ച് പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നത് കണ്ടുനില്‍ക്കുന്ന മലയാളികള്‍'; ഇതേത് കേരളം?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളികള്‍ക്ക് തീരെ പരിചയമില്ലാത്ത കേരളത്തെയാണ് സുദീപ്‌സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറി എന്ന സിനിമയില്‍ ചീത്രീകരിക്കാന്‍ ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോട്ടെ ഒരു കോളേജില്‍ നേഴ്സിങ് പഠിക്കാന്‍ പോകുന്ന ശാലിനി ഉണ്ണികൃഷ്ണനിലൂടെ കഥപറയുന്ന ചിത്രത്തില്‍ വിഷ്വല്‍സിലൂടെയും സംഭാഷണങ്ങളിലൂടെയും കേരളത്തെ ഭീകരവാദികള്‍ കയ്യടക്കിയ പ്രത്യേക ടെറിറ്ററിയായിട്ടാണ് അവതിരിപ്പിക്കുന്നത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ശാലിനി ഉണ്ണികൃഷ്ണന്‍ കാസര്‍ഗോട്ടെ നേഴ്‌സിങ്ങ് കോളേജില്‍ ആദ്യ ദിവസം വന്നിറങ്ങുന്ന ഓട്ടോയുടെ പേര് മാഷ അള്ളാ എന്നാണ്. കോളേജ് ക്യാമ്പസില്‍ കാണിക്കുന്ന ചുമരില്‍ ഒസാമ ബിന്‍ ലാദന്റെ ചിത്രമാണുള്ളത്. കേരളത്തിലെ ഏത് ക്യാമ്പസിലാണ് ബിന്‍ ലാദന്റെ ചിത്രം വെച്ചട്ടുള്ളതെന്ന് സിനിമ കാണുന്ന മലയാളി പ്രേക്ഷകന്‍ ഒരുവേള ചിന്തിച്ചുപോകും.

പിന്നെയുള്ളത് കശ്മീരിനെ സ്വതന്ത്രമാക്കണം എന്ന് ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ ചുവരെഴുത്താണ്. ഇതിനെയൊക്കെ കഥാപാത്രങ്ങളുടെ മുഖഭാവത്തിലൂടെയും ബാക്ക്ഗ്രൗണ്ട് സ്‌കോറിലൂടെയും ഭയപ്പെടുത്തിയാണ് സിനിമ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ കാണിക്കുന്ന കേരളീയരായ മുസ്‌ലിം കഥാപാത്രങ്ങള്‍ക്കൊക്കെ ഒരു ഭീകരമുഖമാണ് സംവിധായകന്‍ നല്‍കുന്നത്. വസ്ത്രങ്ങളുടെ പുതിയ മോഡലുകളുടെ കാര്യത്തില്‍ ആദ്യം ഇറങ്ങാറള്ള കാസര്‍ഗോഡും കോഴിക്കോടുമൊക്കെ കാണിക്കുമ്പോള്‍
അഫ്ഗാന്‍, പാകിസ്ഥാനി മോഡല്‍ വസ്ത്രം ധരിക്കുന്ന മുസ്‌ലിം ചെറുപ്പക്കാരെ വരെ സിനിമ കാണിക്കുന്നുണ്ട്.

ചിത്രത്തിലെ മതപരിവര്‍ത്തനത്തിന്റെ ഘട്ടങ്ങള്‍ കാണിക്കുന്ന സീനില്‍ ‘നാഷണലിസം ഹറാമാണ്, ഇസ്‌ലാമാണ് നിങ്ങളുടെ ഐഡന്റിറ്റി, അവിശ്വാസികളായ ആളുകളുടെ മനസിലേക്ക് തീവ്രവാദം കുത്തിവെക്കണം’ തുടങ്ങിയവ എഴുതിയ ബോര്‍ഡുകളും പല സീനുകളിലും ബാക്ക്ഗ്രൗണ്ടില്‍ കാണാം. ചിത്രത്തില്‍ കാണിക്കുന്ന കോഴിക്കോട് ശരിഅത്ത് നിയമം നടപ്പിലാക്കുന്ന മുസ്‌ലിം സ്ത്രീകളെ മതം മാറ്റി വിദേശത്തേക്ക് അയക്കുന്ന ഇടമായിട്ടാണ്.

നിരീശ്വരവാദിയായ ഗീതാഞ്ജലിയുടെ രക്ഷിതാക്കള്‍ കമ്മ്യൂണിസ്റ്റുകാരാണെന്ന് ഇത്തരം സിംബലുകളിലൂടെ അവതരിപ്പിക്കാനും സംവിധായകന്‍ കുറച്ച് കഷ്ടപ്പെടുന്നുണ്ട്.
ഇങ്ങനെയുള്ള ഒരു സീനില്‍ വലിയ ചിത്രത്തില്‍ ലെനിനെയും സ്റ്റാലിനെയും മാര്‍ക്‌സിനെയും കാണിക്കുന്നുണ്ട്.

വലിയ ചുവന്ന കൊടി കുത്തിയ വീടാണ് ഗീതാഞ്ജലിയുടേത്. അച്ഛന്‍ കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടാണ് മതതീവ്രവാദികളുടെ കെണിയില്‍പ്പെടുന്നതെന്നതായിട്ടാണ് സിനിമയില്‍ ഗീതാഞ്ജലി എന്ന കഥാപാത്രത്തിന്റെ നിര്‍മിതി തന്നെ.

ഇതുകൂടാതെ, ശാലിനി ഉണ്ണികൃഷ്ണനും സുഹൃത്തുക്കളായ നിമ, ആസിഫ ഗീതാഞ്ജലി എന്നിവര്‍ കാസര്‍ഗോട്ടെ ഒരു മാളില്‍ നടന്ന് പോകുമ്പോള്‍ അതില്‍ ഒരാളെ ഒരു ചെറുപ്പക്കാരന്‍ ഉപദ്രവിക്കുന്ന ഒരു സീനുണ്ട്. ചോദ്യം ചെയ്ത ഈ പെണ്‍കുട്ടികളെ കൂടുതല്‍ ആളുകള്‍ വന്ന് വസ്ത്രമടക്കം കീറി ക്രൂരമായി അക്രമിക്കിമ്പോള്‍ നോക്കിനില്‍ക്കുന്ന മലയാളികളെയാണ് സംവിധായകന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഹിജാബ് ധരിച്ചാല്‍ സുരക്ഷിതരാകും എന്ന സന്ദേശം ശുത്രപക്ഷത്തുള്ളവര്‍ ഈ കുട്ടികളെ ബോധ്യപ്പെടുത്താനാണ് ഇങ്ങനെ ഒരു രംഗം ക്രിയേറ്റ് ചെയ്തതെന്നത് തന്നെ. അങ്ങനെ മലയാളിയായി ജനിച്ച ഒരാള്‍ക്ക് പോലും ഒരുതരത്തിലും റിലേറ്റ് ചെയ്യാനാകാത്ത കേരളമാണ് കേരള സ്‌റ്റോറിയിലുള്ളത്.

Content Highlight: Kerala Story, tries to portray Kerala, which is not very familiar to the Malayalees

Video Stories