| Thursday, 4th April 2024, 1:09 pm

പ്രൊപ്പഗണ്ടകള്‍ ഏറ്റെടുക്കാന്‍ ഒടുവില്‍ ദൂരദര്‍ശനും; കേരളാ സ്റ്റോറി ടെലികാസ്റ്റ് ഡേറ്റ് പ്രഖ്യാപിച്ച് രാജ്യത്തിന്റെ സ്വന്തം ചാനല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2023ല്‍ ഏറെ വിവാദമുണ്ടാക്കിയ ചിത്രമാണ് കേരളാ സ്റ്റോറി. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത സിനിമ കേരളത്തില്‍ നിന്ന് ഐ.എസിലേക്ക് പോകുന്ന യുവതികളുടെ കഥയാണ് പറഞ്ഞത്. 32000 സ്ത്രീകള്‍ ഐ.എസ്സില്‍ ചേര്‍ന്നിട്ടുണ്ടെന്നും, കേരളം തീവ്രവാദത്തിന്റെ ഹബ്ബാണെന്നുമുള്ള വാദത്തോടെയുമായിരുന്നു സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയത്. ഇതിനെതിരെ പല വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ബംഗാളില്‍ വിലക്കിയ ചിത്രത്തിന് ബി.ജെ,പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ടാക്‌സ് ഇളവ് നല്‍കിയതും, കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേരള സ്റ്റോറി എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതും വലിയ ചര്‍ച്ചയായിരുന്നു.

ഏറ്റവുമൊടുവില്‍, ചിത്രത്തിന്റെ ടെലിവിഷന്‍ സംപ്രേഷണത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഗവണ്മെന്റിന് കീഴിലുള്ള ദൂരദര്‍ശനിലാണ് ചിത്രത്തിന്റെ സംപ്രേഷണം. ഏപ്രില്‍ അഞ്ചിന് രാത്രി എട്ട് മണിക്കാണ് സിനിമയുടെ ടെലികാസ്റ്റ്. ‘ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങള്‍ക്കു മുന്നില്‍’ എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്.

രാജ്യം പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഗവണ്മെന്റിന്റെ സ്വന്തം ചാനല്‍ ഇത്തരത്തിലുള്ള ഒരു പ്രൊപ്പഗണ്ട സിനിമ ടെലികാസ്റ്റ് ചെയ്യുന്നതിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ട് പലരും കമന്റ് ഇടുന്നുണ്ട്. ദൂരദര്‍ശനെ വിമര്‍ശിച്ച് കമന്റിടുന്നവരെ തീവ്രവാദി ചാപ്പയടിച്ചു കൊടുക്കുന്നതും കമന്റ് ബോക്‌സില്‍ കാണാന്‍ സാധിക്കും.

സിനിമ റിലീസായി ഒരുമാസം കഴിഞ്ഞപ്പോള്‍ ഒറ്റ ഒ.ടി.ടി പ്ലാറ്റ്‌ഫോമും ഈ സിനിമ ഏറ്റെടുക്കുന്നില്ലെന്ന് പറഞ്ഞ് സവിധായകന്‍ സുദിപ്‌തോ സെന്‍ പത്രസമ്മേളനം നടത്തിയിരുന്നു. ഒടുവില്‍ പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടക്കുന്ന ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന്റെയും, ടെലിവിഷന്‍ സംപ്രേഷണത്തിന്റെയും പിന്നിലുള്ള ഗൂഢലക്ഷ്യത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Content Highlight: Kerala Story television telecast on Dooradarshan

We use cookies to give you the best possible experience. Learn more