2023ല്‍ ഏറെ വിവാദമുണ്ടാക്കിയ ചിത്രമാണ് കേരളാ സ്റ്റോറി. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത സിനിമ കേരളത്തില്‍ നിന്ന ഐ.എസിലേക്ക് പോകുന്ന യുവതികളുടെ കഥയാണ് പറഞ്ഞത്. 32000 സ്ത്രീകള്‍ ഐ.എസ്സില്‍ ചേര്‍ന്നിട്ടുണ്ടെന്നും, കേരളം തീവ്രവാദത്തിന്റെ ഹബ്ബാണെന്നുമുള്ള വാദത്തോടെയുമായിരുന്നു സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയത്. ഇതിനെതിരെ പലരും രംഗത്തിറങ്ങിയിരുന്നു.
ചിത്രത്തിന്റെ റിലീസ് ബംഗാളില്‍ വിലക്കിയിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ടാക്‌സ് ഇളവ് കൊടുത്തിരുന്നു. കേരളത്തെ താഴ്ത്തിക്കെട്ടാനുള്ള പ്രൊപ്പഗണ്ട സിനിമയാണ് കേരളാ സ്‌റ്റോറി എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരോടും ഈ സിനിമ കാണാന്‍ പറഞ്ഞതും വിവാദത്തിന് വഴിവെച്ചു.
സിനിമയിറങ്ങി ഒരു വര്‍ഷമാകുന്ന സമയത്ത് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രശസ്ത ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീഫൈവിലാണ് ചിത്രം സ്ട്രീം ചെയ്യുക. ഫെബ്രുവരി 16മുതല്‍ സിനിമ സ്ട്രീമിങ് ആരംഭിക്കും. ‘കാത്തിരിപ്പിന് അന്ത്യം. നിങ്ങള്‍ ഏറെ കാത്തിരിക്കുന്ന സിനിമയായ കേരളാ സ്റ്റോറി ഫൊബ്രുവരി 16 മുതല്‍ സീ ഫൈവില്‍’ എന്ന ക്യാപ്ഷനോടെയാണ് സീഫൈവ് അവരുടെ ട്വിറ്റര്‍ എക്‌സ് പേജില്‍ പോസ്റ്റ് ചെയ്തത്.
സിനിമ റിലീസായി ഒരു മാസം കഴിഞ്ഞപ്പോള്‍ സംവിധായകന്‍ സുദീപ്‌തോ സെന്‍, കേരളാ സ്‌റ്റോറി ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോമും ഏറ്റെടുക്കുന്നില്ലെന്നും, സിനിമയിലെ ഒരു ഗ്യാങ് ഞങ്ങളെ ശിക്ഷിക്കുന്നു എന്ന ആരോപണവുമായി വന്നിരുന്നു. പാര്‍ലമന്റ് ഇലക്ഷന്‍ നടക്കാനിരിക്കെ ഇത്രയും വിവാദമുണ്ടാക്കിയ ഒരു സിനിമ ഒ.ടി.ടി റിലീസ് ചെയ്യുന്നത് മറ്റൊരു രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്നുള്ള വാദങ്ങളും ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
Content Highlight: Kerala Story OTT release date announced