| Sunday, 7th May 2023, 5:30 pm

മോശം പ്രതികരണം; 'ദി കേരള സ്റ്റോറി'യുടെ പ്രദര്‍ശനം നിര്‍ത്തിവെച്ച് തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം നിര്‍ത്തിവെച്ച് തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍. ചിത്രത്തിന് ലഭിച്ച മോശം പ്രതികരണവും ക്രമസമാധാന പ്രശ്‌നവും ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശനം നിര്‍ത്തിവെച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെ നാം തമിഴര്‍ കച്ചി ശനിയാഴ്ച ചെന്നൈയില്‍ പ്രതിഷേധം നടത്തിയിരുന്നു. നാം തമിഴര്‍ കച്ചിയുടെ സംഘാടകനും നടനുമായ സീമാന്റെ നേതൃത്വത്തില്‍ ചെന്നൈയിലെ സ്‌കൈവാക്ക് മാളിന് സമീപത്തായിരുന്നു പ്രതിഷേധം നടന്നത്.

സീമാന്റെ പ്രതിഷേധ ആഹ്വാനത്തിന് പിന്നാലെ കേരള സ്റ്റോറിയുടെ പ്രദര്‍ശനത്തിനെതിരെ എന്‍.ടി.കെ പ്രവര്‍ത്തകര്‍ തിയേറ്ററിനുള്ളില്‍ പ്രതിഷേധം നടത്തുകയും പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

സിനിമ നിരോധിക്കണമെന്ന് മുദ്രാവാക്യം വിളിച്ച് കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. തിയേറ്റര്‍ ഉടമകളോട് സിനിമ പ്രദര്‍ശിപ്പിക്കരുതെന്നും ആളുകളോട് കാണരുതെന്നും സീമാന്‍ ആവശ്യപ്പെട്ടതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ, ചിത്രം മുസ്‌ലിം സമുദായത്തിന് എതിരാണെന്നും പുതുച്ചേരി, തമിഴ്നാട് സര്‍ക്കാരുകള്‍ പ്രദര്‍ശനം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സീമാന്‍ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു.

സുദീപ്‌സെന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ദി കേരള സ്റ്റോറി’. ഐ.എസ്.റിക്രൂട്ട്‌മെന്റിനായി ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന കേരളത്തിലെ നാല് സ്ത്രീകളെ പിന്തുടര്‍ന്നാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചിത്രം വിവാദത്തില്‍പ്പെടുന്നത്. 32,000 പെണ്‍കുട്ടികളെ കേരളത്തില്‍ നിന്നും കാണാതാകുകയും പിന്നീട് ഇവര്‍ ഐ.എസില്‍ ചേരുകയും ചെയ്‌തെന്നായിരുന്നു ട്രെയ്‌ലറില്‍ ഉണ്ടായിരുന്നത്.

അതേസമയം കേരള സ്റ്റോറിയുടെ പ്രദര്‍ശനം കേരളത്തില്‍ തുടരുകയാണ്. കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും മതേതര സ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിച്ച് കൊള്ളുമെന്നും ഹൈക്കോടതി പറഞ്ഞു. ഇതൊരു ചരിത്ര സിനിമ അല്ലല്ലോയെന്നും കോടതി ചോദിച്ചു.

Content highlight: kerala story not screened in multiplex theatre in tamilnad

Latest Stories

We use cookies to give you the best possible experience. Learn more