കണ്ണൂര്‍: കായികാധ്യാപകരുടെ സമരം സംസ്ഥാന സ്‌കൂള്‍ കായിക മേളയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ജെ.മേഴ്സിക്കുട്ടന്‍. കുട്ടികളുടെ പരിശീലനം മുടങ്ങിയിട്ടില്ല. അധ്യാപരുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍, ചട്ടപ്പടി സമരം തുടരുമെന്നു തന്നെയാണ് കായികാധ്യാപകരുടെ തീരുമാനം. കായികാധ്യാപകരുടെ പ്രതിഷേധം ബാധിക്കില്ലെന്നാണ് നിലവിലുള്ള വിലയിരുത്തല്‍.
അതേസമയം, സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂരില്‍ തുടക്കം കുറിച്ചു. മേളയില്‍ ആദ്യ സ്വര്‍ണം എറണാകുളം സ്വന്തമാക്കി. കോതമംഗലം മാര്‍ബേസിലിന്റെ അമിത് എന്‍.കെയാണ് ആദ്യ സ്വര്‍ണം നേടിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് സ്വര്‍ണം. ആദ്യദിനം പതിനെട്ട് ഫൈനലുകളാണ് നടക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഉച്ചയ്ക്ക് ശേഷം നടക്കുന്ന 400 മീറ്റര്‍ ഫൈനലുകളാണ് ഇന്നത്തെ പ്രധാന ആകര്‍ഷണം. വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി ഇപി ജയരാജന്‍ കായികമേള ഉദ്ഘാടനം ചെയ്യും. ഒളിംപ്യന്‍ ടിന്റു ലൂക്ക മീറ്റിന്റെ ദീപം തെളിയിക്കും. പി.ടി ഉഷ, എം.ഡി വത്സമ്മ തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കും.
മത്സരങ്ങള്‍ക്കായി സിന്തറ്റിക് ട്രാക്ക് തയ്യാറാക്കിയിട്ടുണ്ട്. സ്ഥലപരിമിതിയെ തുടര്‍ന്ന് ട്രാക്കിലും ഫീല്‍ഡിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. പാലായിലുണ്ടായ ഹാമര്‍ ത്രോ അപകടം കൂടി കണക്കിലെടുത്തുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം തന്നെ പവലിയനും വാം അപ്പ് ട്രാക്കുമടക്കം ആവശ്യത്തിനുള്ള മികച്ച സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ