ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ദുഖാചരണം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു
Movie Day
ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ദുഖാചരണം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th July 2023, 11:22 am

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലുള്ള ദുഖാചരണത്തിന്റെ ഭാഗമായാണ് ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെക്കുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. പുരസ്‌കാരങ്ങള്‍ ജൂലൈ 21ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ജൂലൈ 19ന് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകള്‍ വിലയിരുത്തിയത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ നന്‍പകല്‍ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട്, തരുണ്‍ മൂര്‍ത്തി ഒരുക്കിയ സൗദി വെള്ളക്ക, പുഴു, അപ്പന്‍ അടക്കമുള്ള ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളതെന്നാണ് സൂചന. മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് മികച്ച നടനുള്ള അവാര്‍ഡിനുള്ള സാധ്യതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

അതേസമയം ഇന്ന് പുലര്‍ച്ചയാണ് ഉമ്മന്‍ ചാണ്ടി (79) അന്തരിച്ചത്. പുലര്‍ച്ചെ 4.25ന് ബെംഗളൂരുവില്‍ വെച്ചായിരുന്നു മരണം. ഏറെ നാളായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയില്‍ വെച്ച് നടക്കും.

1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി പന്ത്രണ്ട് തവണ എം.എല്‍.എയായ ഉമ്മന്‍ ചാണ്ടി രണ്ട് ടേമിലായി ഏഴ് വര്‍ഷം മുഖ്യമന്ത്രിയായിട്ടുണ്ട്. 50 വര്‍ഷം നിയമസഭാംഗമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോഡ്.

സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു.

19.07.2023ന് രാവിലെ 11 മണിക്ക് നടക്കാനിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഖാചരണത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചു. പുരസ്‌കാരങ്ങള്‍ 21-07-23 ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും.

Content Highlight: Kerala State Film Awards Announcement Postponed