2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ജൂലൈ 19ന് പ്രഖ്യാപിക്കും. രാവിലെ 11 ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തുക. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകള്‍ വിലയിരുത്തിയത്.
മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ നന്‍പകല്‍ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട്, തരുണ്‍ മൂര്‍ത്തി ഒരുക്കിയ സൗദി വെള്ളക്ക, പുഴു, അപ്പന്‍ അടക്കമുള്ള ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളതെന്നാണ് സൂചന.
അതേസമയം സോഷ്യല്‍ മീഡിയയില്‍ ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിനെ പറ്റിയുള്ള ചര്‍ച്ചകളും കൊഴുക്കുകയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചര്‍ച്ചകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
റോഷാക്ക്, പുഴു, നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് തന്നെ അവാര്‍ഡ് ലഭിക്കുമെന്നാണ് ഏറ്റവുമധികം ആളുകള്‍ അഭിപ്രായപ്പെടുന്നത്.
ന്നാ താന്‍ കേസ് കൊടിലെ കള്ളന്റെ നീതിക്കായുള്ള പോരാട്ടം തന്മയത്വത്തോടെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന്‍ മമ്മൂട്ടിക്ക് കടുത്ത വെല്ലുവിളിയാകുമെന്ന വിലയിരുത്തലുകളുമുണ്ട്.
ഇതിന് പുറമേ പട, അറിയിപ്പ് എന്നീ ചിത്രങ്ങളിലെ പ്രകടനവും കുഞ്ചാക്കോ ബോബന് മുതല്‍ക്കൂട്ടാവും. കുഞ്ചാക്കോ ബോബന്‍ തന്നെ മികച്ച നടനുള്ള അവാര്‍ഡ് കൊണ്ടുപോകുമെന്ന് ഉറപ്പിക്കുന്നവരും കുറവല്ല.
ജന ഗണ മനയിലെ പ്രകടനത്തിന് പൃഥ്വിരാജും അവാര്‍ഡ് ചര്‍ച്ചകളില്‍ ഇടം നേടിയിട്ടുണ്ട്. അപ്പന്‍ സിനിമയിലെ പ്രകടനവുമായി അലന്‍സിയറും, സണ്ണി വെയ്‌നും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്.
ഉടലിലെ പ്രകടനവുമായി ഇന്ദ്രന്‍സും ചര്‍ച്ചകളിലുണ്ട്. പൂക്കാലത്തില്‍ 100 വയസിന് മുകളില്‍ പ്രായമുള്ള വൃദ്ധനെ അവതരിപ്പിച്ച വിജയ രാഘവനും അവാര്‍ഡിന് അര്‍ഹരാണെന്നും ചിലര്‍ പറയുന്നു.
മികച്ച നടിമാരുടെ സ്ഥാനത്തേക്ക് റോഷാക്കിലെ സീതയായെത്തിയ ബിന്ദു പണിക്കര്‍ അപ്പനിലെ അമ്മയായ പൗളി വല്‍സണ്‍ എന്നിവരുടെ പേരുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
Content Highlight: Kerala state film award announcing on july 19