കോഴിക്കോട്: കുഞ്ഞാന്‍ പാണ്ടിക്കാട് എന്ന സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍ തങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് വീഡിയോയിലൂടെ ഉന്നയിച്ച ആരോപണം വ്യാജമെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്(K.S.E.B). പരാതി ഉന്നയിച്ച മുഹമ്മദ് അഫ്‌സല്‍ എന്നയാളുടെ വീട്ടിലെ വൈദ്യുതി ഉപഭോഗത്തിന്റെ വിവരങ്ങള്‍ അടക്കം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചായിരുന്നു കെ.എസ്.ഇ.ബിയുടെ പ്രതികരണം.
കെ.എസ്.ഇ.ബിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്നും കെ.എസ്.ഇ.ബി പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടിയോളം കറണ്ട് ബില്ല് ഇത്തവണ വര്‍ധിച്ചെന്നായിരുന്നു മുഹമ്മദ് അഫ്‌സല്‍ എന്നയാള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ച ആരോപണം. തന്റെ വീട്ടിലേയും മറ്റ് വീടുകളിലേയും ബില്ലുകള്‍ കാണിച്ചാണ് ഇയാള്‍ ആരോപണം ഉന്നയിച്ചിരുന്നത്.
എന്നാല്‍, ഇദ്ദേഹം വീഡിയോയില്‍ ഉന്നയിക്കുന്ന ബില്ലുകളുടെ വൈദ്യുതി ഉപയോഗത്തിന്റെ കണക്ക് താരതമ്യം ചെയ്താണ് കെ.എസ്.ഇ.ബി ഇതിന് മറുപടി നല്‍കുന്നത്.
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 2022 ജൂണിലാണ് കേരളത്തിലെ വൈദ്യുതി നിരക്ക് ഒടുവില്‍ പരിഷ്‌ക്കരിച്ചിരുന്നത്. ഇതിന് പിന്നാലെ ഒരു തരത്തിലുള്ള വര്‍ധനവും ഉണ്ടായിട്ടില്ലെന്നും കെ.എസ്.ഇ.ബി പറയുന്നു.
കഴിഞ്ഞ ദിവസം ‘കുഞ്ഞാന്‍ പാണ്ടിക്കാട്’ എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് ശ്രീ. മുഹമ്മദ് അഫ്‌സല്‍ എന്ന വ്യക്തി കെ.എസ്.ഇ.ബി ലിമിറ്റഡിനെതിരെ തയ്യാറാക്കിയ വീഡിയോയിലൂടെ ഗുരുതരമായ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കെ.എസ്.ഇ.ബി വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തി എന്നും അങ്ങനെ തന്റെ വൈദ്യുതി ബില്‍ ഇരട്ടിയായി എന്നുമാണ് ഇദ്ദേഹത്തിന്റെ ആരോപണം.
കെ.എസ്.ഇ.ബി പാണ്ടിക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്‍സ്യൂമര്‍ നമ്പര്‍ 1165XXXXXX648 ഉപഭോക്താവാണ് ഇദ്ദേഹം എന്ന് മനസിലാകുന്നു. 2023 ജനുവരിയില്‍ 344 യൂണിറ്റും മാര്‍ച്ചില്‍ 466 യൂണിറ്റുമായിരുന്നു ഇദ്ദേഹത്തിന്റെ വൈദ്യുതി ഉപയോഗം. 2023 മെയ് മാസത്തില്‍ എ.സിയുള്‍പ്പെടെ അധികമായി ഉപയോഗിച്ചതുകൊണ്ടാവാം ഉപയോഗം 728 യൂണിറ്റായി കുത്തനെ ഉയര്‍ന്നതും 6,316 രൂപ ബില്‍ വന്നതും.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഉപയോഗം 614 യൂണിറ്റായി കുറഞ്ഞതിനെത്തുടര്‍ന്ന് ബില്‍ 5,152 രൂപയായി കുറഞ്ഞിട്ടുമുണ്ട്. ഇത്തരത്തില്‍ ഉപയോഗം കുത്തനെ കൂടിയതുകൊണ്ടുമാത്രമാണ് ജൂലൈ മാസത്തെ വൈദ്യുതി ബില്ലില്‍ വര്‍ധനയുണ്ടായിട്ടുള്ളത്. ഈ വിവരങ്ങള്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസില്‍ നേരിട്ടെത്തി അദ്ദേഹം മനസിലാക്കിയതുമാണ്.
വീഡിയോയില്‍ മുഹമ്മദ് അഫ്‌സല്‍ ഉയര്‍ത്തിക്കാട്ടുന്ന ശ്രീമതി ഫാത്തിമ സുഹ്‌റ (116XXXXXX21032), എം. മുഹമ്മദാലി (116XXXXX6023), എം. മുഹമ്മദലി (116XXXXXX4146) എന്നിവരുടെ ബില്ലുകള്‍ സംബന്ധിച്ച വസ്തുതയും സമാനമാണ്. ഇവരാരും നാളിതുവരെ ബില്‍ സംബന്ധിച്ച് യാതൊരു പരാതിയും നല്‍കിയിട്ടുമില്ല.
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 2022 ജൂണിലാണ് കേരളത്തിലെ വൈദ്യുതി നിരക്ക് ഒടുവില്‍ പരിഷ്‌ക്കരിച്ചു നല്‍കിയത്. അതിനുശേഷം ഫ്യുവല്‍ സര്‍ചാര്‍ജ് പോലെയുള്ള നാമമാത്രമായ വ്യതിയാനമാണ് ബില്ലില്‍ വന്നിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.
ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ കെ.എസ്.ഇ.ബി ലിമിറ്റഡ് എന്ന പൊതുമേഖലാസ്ഥാപനത്തെ പൊതുജനമധ്യത്തില്‍ അപഹസിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുന്നതാണ്.
Content Highlight: Kerala State Electricity Board has said that the allegations leveled against it by a social media content creator named Kunjan Pandikkad