തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ അന്തസിനും അഭിമാനത്തിനും ക്ഷതമുണ്ടാക്കുന്ന തരത്തിലുള്ള ദേഹപരിശോധന, ബാഗ് പരിശോധന എന്നിവ കര്‍ശനമായി നിരോധിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവ്.
വിദ്യാര്‍ത്ഥികള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല. ഫോണ്‍ അഡിക്ഷനില്‍ നിന്നും ദുരുപയോഗത്തില്‍ നിന്നും കുട്ടികളെ മോചിപ്പിക്കുന്നതിന് ശാസ്ത്രീയ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
കുട്ടികള്‍ മൊബൈല്‍ സ്‌കൂളില്‍ ഉപയോഗിക്കേണ്ടതില്ല. ഇനി കുട്ടികള്‍ക്ക് മൊബൈല്‍ സ്‌കൂളില്‍ കൊണ്ടുവരേണ്ട സാഹചര്യമുണ്ടായാല്‍ ഓഫാക്കി സൂക്ഷിക്കാനുള്ള സൗകര്യം സ്‌കൂള്‍ അധികൃതര്‍ ഒരുക്കണമെന്നും ബാലാവകാശ കമ്മീഷന്‍ പറഞ്ഞു.
വടകരയിലെ ജെ.എന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് രക്ഷിതാവ് നല്‍കിയ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ ശ്രദ്ധേയമായ ഉത്തരവ്.
പരാതിക്കാരന്റെ മകന്റെ ബാഗില്‍ നിന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഫോണ്‍ പ്രിന്‍സിപ്പല്‍ പിടിച്ചുവെക്കുകയായിരുന്നു.
എന്നാല്‍, പി.ഡി.എഫ് പ്രിന്റെടുക്കാനായി മകന്റെ കൈയില്‍ താന്‍ ഫോണ്‍ കൊടുത്തുവിട്ടതാണെന്ന് രക്ഷിതാവ് പ്രിന്‍സിപ്പലിനെ അറിയിച്ചിരുന്നു.
ഭാര്യയുടെ ചികിത്സക്ക് പോകേണ്ടതിനാലാണ് പ്രിന്റെടുക്കാന്‍ മകന്റെ കൈവശം ഫോണ്‍ കൊടുക്കേണ്ടിവന്നത്. ചികിത്സ സംബന്ധിച്ച വിവരങ്ങളും ബാങ്കിങ് വിവരങ്ങളും ഫോണിലാണുള്ളതെന്നും ഫോണ്‍ തിരികെ നല്‍കണമെന്നും രക്ഷിതാവ് ആവശ്യപ്പെട്ടെങ്കിലും തിരിച്ച് നല്‍കാന്‍ പ്രിന്‍സിപ്പല്‍ തയാറായില്ല.
ഈ പ്രശ്‌നങ്ങള്‍ മകനെ മാനസികമായി തളര്‍ത്തിയെന്നും വിഷയത്തില്‍ ഇടപെടണമെന്നും കാണിച്ചാണ് രക്ഷിതാവ് ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്.
പിന്നാലെ, മുന്‍ ഉത്തരവുകളും വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറുകളും ബാലാവകാശ കമീഷന്‍ പരിശോധിച്ചു. തുടര്‍ന്ന്, വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്ന് പിടികൂടുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടാമെന്ന 2010ലെ സര്‍ക്കുലര്‍ കാലഹരണപ്പെട്ടതാണെന്നും വിവരസാങ്കേതിക വിദ്യ വളരെയേറെ മുന്നോട്ടുപോയ ഈ കാലഘട്ടത്തിന് യോജിച്ചതല്ലെന്നും കമ്മീഷന്‍ വിലയിരുത്തുകയായിരുന്നു.
പരാതിക്കാരന്റെ മൊബൈല്‍ ഫോണ്‍ മൂന്ന് ദിവസത്തിനകം തിരിച്ചുനല്‍കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് കമ്മീഷന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ കെ.വി. മനോജ് കുമാര്‍, ബി. ബബിത, റെനി ആന്റണി എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം.
കേരളത്തിലെ ഒട്ടുമിക്ക സ്‌കൂളുകളിലും ഇത്തരം സംഭവങ്ങള്‍ പതിവായതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെയും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെയും കേസില്‍ എതിര്‍ കക്ഷികളായി ബാലാവകാശ കമ്മീഷന്‍ ഉള്‍പ്പെടുത്തിയിരുന്നു.