| Friday, 6th January 2023, 5:38 pm

നോണ്‍ ഫിക്ഷന്‍ സിനിമകള്‍ക്ക് കഞ്ഞി കുമ്പിളില്‍ തന്നെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡോക്യുമെന്ററി സിനിമകള്‍ക്കെന്താ സംസഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ അയിത്തമുണ്ടോ. ചോദിക്കുന്നത് വേറെയാരുമല്ല, വര്‍ഷങ്ങളായി തങ്ങള്‍ ചെയ്തത് ഡോക്യുമെന്ററി സിനിമയായതിന്റെ പേരില്‍ സംസഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്നും തഴയപ്പെട്ടിട്ടുള്ള ആളുകളാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി നാമ നിര്‍ദേശം നല്‍കാനുള്ള അവസാന തീയതി പ്രഖ്യപിച്ചിരിക്കുകയാണ്. ഫെബ്രുവരി പത്താണ് അവസാന തീയതി. എല്ലാ വര്‍ഷത്തേയും പോലെ തന്നെ മാറ്റമില്ലാത്ത ആചാരമായി ഇത്തവണയും ഡോക്യുമെന്ററി സിനിമകളെ ഒഴിവാക്കിയിരിക്കുകയാണ്.

അതിന്റെ കാരണമെന്താണ്, ചലച്ചിത്ര അക്കാദമിയോട് ചോദിച്ചാല്‍ എല്ലാ കാലത്തും പറയാന്‍ ഒറ്റ ഉത്തരം മാത്രമേയുള്ളു. ഡോക്യുമെന്ററി സിനിമകള്‍ ടെലിവിഷന്‍ അവാര്‍ഡുകളുടെ കൂടെ പരിഗണിക്കുന്നുണ്ട് എന്നതാണ്. എത്ര വിചിത്രമായ വാദം. അങ്ങനെയാണ് ഡോക്യുമെന്ററികളെ പരിഗണിക്കുന്നതെങ്കില്‍ ഒറ്റ ചോദ്യം അക്കാദമിയോട് ചോദിക്കാനുണ്ട്. ഇന്ന് ഈ കേരളത്തില്‍ എത്ര ടെലിവിഷന്‍ ചാനലുകള്‍ ഡൊക്യുമെന്ററികള്‍ നിര്‍മിക്കുന്നുണ്ട്.

അഥവാ ഉണ്ടെങ്കില്‍ തന്നെ , അതത് ചാനലുകളുടെ സ്വന്തം പ്രൊഡക്ഷനല്ലാതെ, പുറത്തു നിന്നുള്ള ഒരു ഫീച്ചര്‍ ലെങ്ത് സിനിമ മലയാളത്തിലെ ഏതെങ്കിലും ടെലിവിഷന്‍ ചാനലുകള്‍ ഇന്ന് സംപ്രേഷണം ചെയ്യാന്‍ തയ്യാറാവാറുണ്ടോ. സംപ്രക്ഷണം ചെയ്യുന്നവയുടെ ദൈര്‍ഘ്യമാകട്ടെ ഏറിയാല്‍ ഇരുപതോ ഇരുപത്തിയഞ്ചോ മിനിട്ട് മാത്രമാണുള്ളത്. അതിനുമപ്പുറം , ഡോക്യുമെന്ററി സിനിമയെന്നാല്‍ ടെലിവിഷനില്‍ കാണിക്കാനായി ഉണ്ടാക്കുന്ന ഒരു സാധനം എന്നാണോ അക്കാദമി പോലും ധരിച്ചു വച്ചിരിക്കുന്നത്.

ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് മറ്റാരുമല്ല ഡോക്യുമെന്ററി സിനിമ ചെയ്തതിന്റെ പേരില്‍ കാലാകാലങ്ങളായി പടിക്ക് പുറത്ത് നില്‍ക്കേണ്ടി വരുന്ന ചില സിനിമാ പ്രവര്‍ത്തകര്‍ തന്നെയാണ്.

ലോകത്ത് ഒരിടത്തുമില്ലാത്ത വിവേചനമാണ് ഇവിടെ കേരളത്തില്‍ ഡോക്യുമെന്ററി സിനിമകളോട് സര്‍ക്കാരും ചലച്ചിത്ര അക്കാദമിയും നടത്തുന്നത് എന്നാണ് അവര്‍ ഉന്നയിക്കുന്ന വാദം. എന്തുകൊണ്ടാണ് ഇത്തരം സിനിമകളെ അവാര്‍ഡിനായി പരിഗണിക്കുമ്പോള്‍ ഒഴുവാക്കുന്നത്. ഡോക്യുമെന്ററി എന്നത് സിനിമാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഒന്നല്ലേ. ഫിക്ഷന്‍ സിനിമകളും സൂപ്പര്‍ താരങ്ങളുടെ സിനിമകളും മാത്രമാണോ സിനിമയായി പരിഗണിക്കപ്പെടുന്നവ.

ഇത്തരത്തിലുള്ള താരതമ്യങ്ങള്‍ പ്രേക്ഷകരുടെ പക്ഷത്ത് നിന്നുണ്ടാവുന്നത് സ്വാഭാവികം. കാരണം ഭൂരിഭാഗം പ്രേക്ഷകരെയും സംബന്ധിച്ച് സിനിമ വെറും എന്റര്‍ടെയിന്‍മെന്റെ മെറ്റീരിയലാണ് എന്നാല്‍ സര്‍ക്കാരും , ചലച്ചിത്ര അക്കാദമിയും ഇതേ പൊതുബോധം തന്നെ കൊണ്ടു നടക്കുന്നത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.

ലോകത്ത് എല്ലായിടത്തും അവാര്‍ഡുകള്‍ക്കായി സിനിമകള്‍ പരിഗണിക്കുമ്പോള്‍ അവയോടൊപ്പം തന്നെ ഡോക്യുമെന്ററി സിനിമകളും ഉള്‍പ്പെടുത്താറുണ്ട്. എന്തിനേറെ പറയണം ഇന്ത്യയില്‍ വരെ ദേശീയ പുരസ്‌കാരത്തിനായി ഇത്തരം സിനിമകള്‍ പരിഗണിക്കുന്നു.

ഫിക്ഷന്‍ സിനിമകളോട് അക്കാദമിക്കും സര്‍ക്കാരിനുമുള്ള വരേണ്യ പരിഗണന തിരുത്തണമെന്ന് മണ്ണ് എന്ന ഡോക്യുമെന്ററി സിനിമയുടെ സംവിധായകനായ രാംദാസ് കടവള്ളൂര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്  മാര്‍ജിനലൈസ്ഡായ മനുഷ്യരുടെ സത്യസന്ധമായ ജീവിതാഖ്യാനങ്ങള്‍ , അനുഭവങ്ങള്‍ മുന്നോട്ടു വെക്കുന്ന എത്ര ഫിക്ഷന്‍ സിനിമകള്‍ എണ്ണാന്‍ കഴിയും.. ?

ആ രേഖപ്പെടുത്തല്‍ ഏറിയ പങ്കും നടന്നിട്ടുള്ളത് ഡോക്യുമെന്ററി സിനിമകളുടെ പേരിലാണ്. അവാര്‍ഡിന് പരിഗണിക്കപ്പെടാമെന്ന് വന്നാല്‍ പോലും , സര്‍ക്കാരുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത , ഒരു പക്ഷേ സര്‍ക്കാര്‍ പ്രൊമോഷന്‍ ഡോക്യുമെന്ററി സിനിമകള്‍ ഒക്കെ തന്നെയാകും അവാര്‍ഡ് നേടുക. ആ പഴുതുകള്‍ ഒക്കെ നില്‍ക്കുമ്പോഴും , ഡോക്യുമെന്ററി സിനിമകള്‍ സിനിമകളുടെ ശ്രേണിയില്‍ തന്നെ പരിഗണിക്കപ്പെടുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

ഇങ്ങനെയൊരു സിനിമാ സംസ്‌കാരെ രൂപപ്പെട്ട് വരുമ്പോള്‍ ഫിക്ഷന്‍ സിനിമകള്‍ക്ക് പുറത്തും സിനിമാ ആരാധകരെ രൂപപ്പെടുത്താന്‍ കഴിയും.

‘മണ്ണ് ‘ പ്രദര്‍ശിപ്പിച്ച ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ ഓപ്പണ്‍ ഫോറത്തില്‍ ക്ഷണിതാവായ സമയത്ത് ഈ വിഷയം രാംദാസ് പറഞ്ഞപ്പോള്‍ സദസിന്റെ ഭാഗത്ത് നിന്നും വലിയ അക്സെപ്റ്റന്‍സാണ് ഉണ്ടായതെന്നും, അന്ന് സദസിലുണ്ടായിരുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഇക്കാര്യം പരിഗണനക്കെടുക്കാമെന്നും, സര്‍ക്കാരിനെ കൊണ്ട് തിരുത്തിക്കാമെന്നും അവിടെ വെച്ചു തന്നെ വാഗ്ദാനം ചെയ്തിരുന്നുവെന്നും പറഞ്ഞു.

എന്നാല്‍ ഇന്ന് ചെയര്‍മാന്‍ മാറി , പുതിയ ചെയര്‍മാന്‍ വന്നു. വാഗ്ദാനങ്ങളെല്ലാം വെറും വാഗ്ദാനങ്ങളായി മാറി. വീണ്ടു സംസ്ഥാന പുരസ്‌കാരം വരുമ്പോള്‍ കളത്തിന് പുറത്താണ് ഡൊക്യുമെന്ററി സിനിമകള്‍ . ഈ വിഷയത്തില്‍ രാംദാസിന്റെ വാദം പ്രസക്തമാണ് പറഞ്ഞാല്‍ സിനിമയെ ഒരു കലാസൃഷ്ടിയായി പരിഗണിക്കുമ്പോള്‍ , ഫിക്ഷന്‍ സിനിമകള്‍ക്കു മാത്രമായി എന്തു വരേണ്യതയാണ് ഉള്ളത്.. ? ഫിക്ഷന്‍ സിനിമകള്‍ക്ക് പ്ലേറ്റിലും നോണ്‍ ഫിക്ഷന്‍ സിനിമകള്‍ക്ക് കുമ്പിളിലും കഞ്ഞിയെന്നതാണോ അക്കാദമി നയം.

CONTENT HIGHLIGHT: KERALA STATE AWARD ISSUES

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്