[share]
[] തിരുവനന്തപുരം: ലോട്ടറി വില്‍പനയ്ക്കുള്ള അനുമതി നിഷേധിച്ചതിനെ ചോദ്യം ചെയ്ത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ സമര്‍പ്പിച്ച ഹരജി നിലനില്‍ക്കില്ലെന്നും ഇത് പരിഗണിക്കാന്‍ അസം ഹൈക്കോടതിയിക്ക് അധികാരമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍.
ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മാര്‍ട്ടിന്‍ നല്‍കിയ ഹരജിയ്ക്ക് സാധുതയില്ലെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. നാഗലാന്റ് ലോട്ടറി കേരളത്തില്‍ വില്‍ക്കുന്നതില്‍ നിന്ന് സാന്റിയാഗോ മാര്‍ട്ടിന്റെ പഴയ കമ്പനിയായ ഫ്യൂച്ചര്‍ ഗെയിമിങി്‌ന് അനുമതി നിഷേധിച്ചിരുന്നു.
ഇതിനെ ചോദ്യം ചെയ്താണ് മാര്‍ട്ടിന്റെ കമ്പനി ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചത്. ഫ്യൂച്ചര്‍ ഗെയിമിങ്ങിന്റെ ഡയറക്ടര്‍മാര്‍ക്ക് എതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നും കേരള സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. മാര്‍ട്ടിന്റെ ഹരജി ചെവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
നാഗാലാന്റ് സര്‍ക്കാരുമായി ലോട്ടറി വില്‍പനയ്ക്ക് മാര്‍ട്ടിന്‍ ഉണ്ടാക്കിയ കരാറില്‍ വ്യാപകക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി നികുതി വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലോട്ടറി വില്‍പ്പനയ്ക്കുള്ള അനുമതി നിഷേധിച്ചത്.
ഒരു സംസ്ഥാനത്തെ ലോട്ടറി മറ്റൊരു സംസ്ഥാനത്ത് വില്‍ക്കണമെങ്കില്‍ സംസ്ഥാന ഗവര്‍ണറുടെ പേരിലാണ് കരാര്‍ എഴുതേണ്ടത്. ഗവര്‍ണര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥനാണ് കരാറില്‍ ഒപ്പിടേണ്ടത്. ലോട്ടറി കമ്പനിയ്ക്ക് വേണ്ടി ഉടമസ്ഥന്‍ നിര്‍ദ്ദേശിക്കുന്ന ആളായിരിക്കണം ഒപ്പിടേണ്ടത്. ഇവിടെ കമ്പനിയ്ക്ക് വേണ്ടി കരാര്‍ ഒപ്പിട്ടിരിക്കുന്നത് ലോട്ടറിയുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ്. ഇതുള്‍പ്പെടെ നിരവധി ചട്ടങ്ങള്‍ കരാറില്‍ ലംഘിച്ചതായി കണ്ടെത്തിയിരുന്നു.