| Monday, 13th April 2020, 2:35 pm

പ്ലാസ്മാദാനം വഴി കൊവിഡിനോട് പൊരുതാന്‍ കേരളം ,എന്താണ് കണ്‍വലസെന്റ് പ്ലാസ്മ ചികിത്സ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള നൂതനമാര്‍ഗമായ കണ്‍വാലസന്റ് പ്ലാസ്മ ചികിത്സ സജ്ജമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാവുകയാണ് കേരളം. രോഗമുക്തി നേടിയവരുടെ രക്തത്തില്‍ നിന്നുള്ള ആന്റിബോഡി വേര്‍തിരിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്ന കണ്‍വലസെന്റ് സീറ ചികിത്സക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അംഗീകാരവും ലഭിച്ചു കഴിഞ്ഞു.

അമേരിക്കയില്‍ ഈ രീതി അംഗീകരിക്കുന്നതിന് മുമ്പുതന്നെ കേരളം ഇതിനുവേണ്ടി പ്രോട്ടോക്കോള്‍ തയ്യാറാക്കി ഐ.സി.എം.ആര്‍ന്റെ അനുമതി നേടിയിരുന്നു. ആളുകളില്‍ പ്രായോഗിക പരീക്ഷണം നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടാണ് പഠനം നടത്തുന്നത്. ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി കൂടി ലഭിച്ചാല്‍ മെഡിക്കല്‍ കോളെജുകളില്‍ ഉള്‍പ്പെടെ ഈ ചികിത്സ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ അതിനെ പ്രതിരോധിക്കാന്‍ ശരീരം ആന്റിബോഡികള്‍ നിര്‍മിക്കും. രോഗമുക്തമായാലും ഈ ആന്റിബോഡികള്‍ രക്തത്തില്‍ ശേഷിക്കും. വൈറസ് വീണ്ടും ബാധിക്കാതിരിക്കാനുള്ള പ്രതിരോധമൊരുക്കുന്നത് ഈ ആന്റിബോഡികളാണ്.

പ്ലാസ്മയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഇവയെ അടിസ്ഥാനപ്പെടുത്തി രോഗ നിര്‍ണയത്തിനും ചികിത്സക്കുമുള്ള പരീക്ഷണത്തിനാണ് നിലവില്‍ അനുമതി ലഭിച്ചിരിക്കുന്നത്.

കണ്‍വാലസന്റ് ചികിത്സാരീതിയെക്കുറിച്ചും പ്ലാസ്മാ ദാനം ചെയ്യുന്നതിലെ സുരക്ഷിതത്വത്തെക്കുറിച്ചും ഡോ.മുഹമ്മദ് അഷീല്‍ ഡൂള്‍ ന്യൂസിനോട് സംസാരിക്കുന്നു.

ഡൂള്‍ന്യൂസ് ഡെസ്‌ക്