തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്താന്‍ തീരുമാനം.
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷകളും നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദൂരീകരണവും ജനുവരി ഒന്നു മുതല്‍ സ്‌കൂള്‍തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും.
കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നു മുതല്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ പഴയതുപോലെ തന്നെ തുടരും.
മാതൃകാപരീക്ഷകളും വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിങ്ങും സ്‌കൂള്‍തലത്തില്‍ നടത്തും.
ഇതിനു വേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ സ്‌കൂളില്‍ പോകാം. നിലവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇക്കാര്യങ്ങള്‍ നിര്‍വഹിക്കും.
കോളേജ് തലത്തില്‍ അവസാന വര്‍ഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം മുതല്‍ ആരംഭിക്കും. പകുതി വീതം വിദ്യാര്‍ത്ഥികളെ വെച്ചാണ് ക്ലാസുകള്‍ നടത്തുക. ആവശ്യമെങ്കില്‍ കാലത്തും ഉച്ചയ്ക്കുശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തും.
കാര്‍ഷിക സര്‍വകലാശാലയിലെയും ഫിഷറീസ് സര്‍വകലാശാലയിലെയും വിദ്യാര്‍ത്ഥികള്‍ക്കും ജനുവരി ആദ്യം ക്ലാസുകള്‍ ആരംഭിക്കും. മെഡിക്കല്‍ കോളേജുകളില്‍ രണ്ടാം വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക