national news
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് കേരളം: നീതി ആയോഗ് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 18, 02:38 am
Tuesday, 18th February 2025, 8:08 am

ന്യൂദല്‍ഹി: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്ത് ഏറ്റവും കുടുതല്‍ പണം മുടക്കുന്ന സംസ്ഥാനം കേരളമാണെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങളെ നീതി ആയോഗ് പ്രശംസിക്കുകയും ചെയ്തു. Expanding Quality Higher Education through States and State Public Universitise (സംസ്ഥാനങ്ങളിലൂടെയും സംസ്ഥാന പൊതു സര്‍വകലാശാലകളിലൂടെയും നിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ വ്യാപനം) എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് നീതി ആയോഗ് കേരളത്തിന്റെ നേട്ടങ്ങളെ പ്രശംസിച്ചത്.

കേരളം നടപ്പിലാക്കിയ ഡിജിറ്റല്‍ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെ നീതി ആയോഗ് പ്രത്യേകം പ്രശംസിക്കുന്നുണ്ട്. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാതനത്തിന്റെ 3.46 ശതമാനം കേരളം വിദ്യാഭ്യാസ മേഖലയില്‍ വിനിയോഗിക്കുന്നെന്നും അതില്‍ തന്നെ 0.53 ശതമാനം ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് വിനിയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം കഴിഞ്ഞാല്‍ സൗത്ത് ഇന്ത്യയില്‍ നിന്നു തന്നെയുള്ള തെലങ്കാന, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ പണം ചെലവഴിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവേശന അനുപാതത്തിലും കേരളം ദേശീയ ശരാശരിയേക്കാള്‍ മുകളിലാണെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. 28.4 ആണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആകെ പ്രവേശന അനുപാതത്തിന്റെ ദേശീയ ശരാശരി. എന്നാല്‍ കേരളത്തിലിത് 41.3 ശതമാനമാണ്.

കേരളത്തില്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവേശനം നേടുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവേശനത്തിന്റെ ലിംഗസമത്വ സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാമതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സൂചികയില്‍ ദേശീയ ശരാശരി 1.01 ആണ്. കേരളത്തിലിത് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പ്രസ്തുത സൂചികയില്‍ കേരളത്തിന്റെ പോയിന്റ് 1.44 ആണ്.

സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നികുതി വിഹിതത്തിലുണ്ടായ വര്‍ദ്ധനവ് ആനുപാതികമായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ മുതല്‍ മുടക്കില്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ഏജന്‍സിയായ നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

CONTENT HIGHLIGHTS: Kerala spends the most on higher education: NITI Aayog report