| Tuesday, 2nd April 2019, 10:21 pm

നിലമ്പൂര്‍ ആശ്രമം സ്‌കൂളിലെ ആദിവാസി വിദ്യാര്‍ഥി പീഡനം; സംഭവത്തില്‍ ഇടപെട്ട ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍.എസ് സ്‌കൂളിലെ ആദിവാസി വിദ്യാര്‍ഥികള്‍ അധ്യാപകരില്‍ നിന്നും ലൈംഗിക-ശാരീരിക പീഡനങ്ങള്‍ നേരിട്ട സംഭവത്തില്‍ ഇടപെട്ടതിന് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ടിനെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി.

തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള നീക്കങ്ങള്‍ തങ്ങള്‍ നീരിക്ഷിക്കുന്നുണ്ടെന്നും ഫ്രറ്റേണിറ്റി ഭരണകൂടത്തേയും നിയമ സംവിധാനത്തേയും വെല്ലുവിളിച്ചാല്‍ അത് അന്വേഷിക്കേണ്ടതുണ്ടെന്നും വീട്ടില്‍ വന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അജീഷ് പറയുന്നു.


ഐ.ഡി കാര്‍ഡുകള്‍ കാണിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ലെന്നും ചോദ്യം ചെയ്യുന്ന രീതിയിലാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്നും അജീഷ് പറഞ്ഞു.

“പൊലീസാണെങ്കില്‍ ഐ.ഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ “ഞങ്ങള്‍ എന്തൊക്കെ അന്വേഷിക്കണമെന്ന് നീയാണോ തീരുമാനിക്കുന്നതെന്നും ചോദിച്ചതിന് മാത്രം മറുപടി പറഞ്ഞാല്‍ മതിയെന്നും” പറഞ്ഞ് ഉദ്യോഗസ്ഥര്‍ ദേഷ്യപ്പെട്ടു. നിലമ്പൂര്‍ എം.ആര്‍.എസ് വിഷയത്തില്‍ തെളിവെടുപ്പ് നടക്കുമ്പോള്‍ സ്‌കുളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെയുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നീരിക്ഷിക്കുന്നുണ്ട്. ഫ്രറ്റേണിറ്റി ഇവിടത്തെ ഭരണകൂടത്തിനെതിരേയും നിയമസംവിധാനെത്തേയും വെല്ലുവിളിച്ചാല്‍ ഞങ്ങള്‍ക്ക് അത് അന്വേഷിക്കേണ്ടതുണ്ട്” എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അജീഷ് പറയുന്നു.


“നീ വല്ലാണ്ട് നെഗളിക്കേണ്ട, നിന്നെ കൊണ്ടു പോകാനൊക്കെ ഞങ്ങള്‍ക്കറിയാം. നീ ആദിവാസികളുടെ ഇടയില്‍ തീവ്ര ചിന്തകള്‍ പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിന്നെ പൊക്കാന്‍ ഞങ്ങള്‍ക്കറിയാം” എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടോ എന്ന് ചോദിച്ചതായും അജീഷ് പറയുന്നു.

We use cookies to give you the best possible experience. Learn more