ഇത്ര സമുചിതമായ രീതിയില്‍ അടിയന്തിരാവസ്ഥ വാര്‍ഷികം ആഘോഷിക്കാവുന്ന വിധം രാജ്യം മാറിയിരിക്കുന്നു; ടീസ്ത സെതല്‍വാദിന്റെയും ബി.ആര്‍. ശ്രീകുമാറിന്റെയും അറസ്റ്റില്‍ കേരള സ്പീക്കര്‍
Kerala News
ഇത്ര സമുചിതമായ രീതിയില്‍ അടിയന്തിരാവസ്ഥ വാര്‍ഷികം ആഘോഷിക്കാവുന്ന വിധം രാജ്യം മാറിയിരിക്കുന്നു; ടീസ്ത സെതല്‍വാദിന്റെയും ബി.ആര്‍. ശ്രീകുമാറിന്റെയും അറസ്റ്റില്‍ കേരള സ്പീക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th June 2022, 5:26 pm

തിരുനവന്തപുരം: സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെയും മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധവുമായി കേരള നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്. ക്രൂരമായ ഫലിതം എന്നാണ് ഈ നടപടിയെ വിശേഷിപ്പിക്കേണ്ടതെന്നും ഈ രീതിയില്‍ അടിയന്തരാവസ്ഥ ആഘോഷിക്കുന്ന രീതിയിലേക്ക് രാജ്യം മാറിയെന്നും അദ്ദേഹം പറഞ്ഞു.

ടീസ്ത സെതല്‍വാദിനെയും ആര്‍.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത പത്രവാര്‍ത്തയുടെ ചിത്രത്തിനൊപ്പം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘അടിയന്തിരാവസ്ഥയുടെ വാര്‍ഷികദിനത്തില്‍ വന്ന വാര്‍ത്ത നോക്കൂ. നീതിപീഠത്തിനു മുന്നില്‍ നീതി യാചിച്ച രണ്ട് മനുഷ്യരെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടു പോയിരിക്കുന്നു. അവരിനി വെളിച്ചം കാണുമോ എന്ന് പ്രവചിക്കുന്നതിന് പോലും ഇന്നത്തെ ഇന്ത്യയില്‍ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.

ഇത്ര ‘സമുചിത’മായി അടിയന്തിരാവസ്ഥ വാര്‍ഷികം ആഘോഷിക്കാവുന്ന വിധം രാജ്യം മാറിയിരിക്കുന്നു. യഥാര്‍ഥത്തില്‍ വാര്‍ഷികത്തിന് പ്രത്യേക പ്രാധാന്യമൊന്നുമില്ലാത്ത വിധം അടിയന്തിരാവസ്ഥ സാധാരണ വ്യവസ്ഥയായി മാറിയിട്ട് കുറച്ചായല്ലോ. അതിനെയല്ലേ പുതിയ ഇന്ത്യയെന്ന് വിളിക്കുന്നത്?,’ പോസ്റ്റില്‍ അദ്ദേഹം പറയുന്നു.

നീതിക്കു വേണ്ടി സൗമ്യമായി യാചിക്കുന്നത് പോലും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ കാലത്ത് കുറ്റകൃത്യമായിത്തീരുന്നുവെന്നും നീതിക്കുവേണ്ടി മുട്ടിയാല്‍ വീടിന്റെ വാതില്‍ക്കല്‍ ഭരണകൂടത്തിന്റെ മുട്ട് കേള്‍ക്കേണ്ടിവരുന്നതാണോ ജനാധിപത്യമെന്നും അദ്ദേഹം ചോദിക്കുന്നു.

നീതിയുടെ വാതിലുകള്‍ക്കു പകരം കല്‍ത്തുറുങ്കിന്റെ വാതിലുകള്‍ തുറക്കുന്നത് എത്ര ഭീദിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

‘ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്നത് തൂണുകളാണ്. എന്നാല്‍ തൂണുകളില്‍ മാത്രം ആശ്രയം അര്‍പ്പിച്ചുറങ്ങിയാല്‍ നാളെയൊരു ജനാധിപത്യപ്പുലരിയിലേക്ക് ഉണരാനാവണമെന്നില്ല. ആനയുടെ നാല് കാലുകള്‍ക്കു കീഴില്‍ കിടന്നുറങ്ങുന്ന പാപ്പാന്‍മാരെപ്പോലെയാവുമത് (പ്രകോപനമില്ലാതെ ആന ഉപദ്രവിക്കാറില്ലെങ്കിലും ).

ജനാധിപത്യത്തിലെ പരമാധികാരികള്‍ ജനങ്ങളാണ്. സൗധവും തൂണുകളുമെല്ലാം നിര്‍മിച്ചത് ജനങ്ങളാണ്. അവര്‍ക്കു വേണ്ടിയാണ്. ഭരണഘടന ‘നാം ഇന്ത്യയിലെ ജനങ്ങള്‍’ (We the people of India) എന്ന വാക്കുകളാല്‍ തുടങ്ങുന്നത് യാദൃശ്ഛികമല്ല. അവരാണ് അടിയന്തിരാവസ്ഥയെ തോല്‍പിച്ചത്. അന്നത്തേതു പോലെ ജനങ്ങള്‍ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും കാവലാളാകേണ്ട കാലമാണിത്,’ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു മുംബൈയിലെ ജുഹുവിലെ വസതിയില്‍ നിന്ന് ഗുജറാത്ത് പൊലീസിന്റെ ആന്റി ടെറര്‍ സ്‌ക്വാഡ് ടീസ്തയെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇവരെ പിന്നീട് അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത തന്നെ ഗുജറാത്ത് പൊലീസിന്റെ ആന്റി ടെറര്‍ സ്‌ക്വാഡ് മര്‍ദ്ദിച്ചുവെന്ന് വൈദ്യപരിശോധനക്കായി അഹമ്മദാബാദ് ആശുപത്രിയിലെത്തിച്ചപ്പോള്‍ ടീസ്ത പ്രതികരിച്ചിരുന്നു.

2002ല്‍ നടന്ന ഗുജറാത്ത് മുസ്‌ലിം വംശഹത്യയില്‍ തെറ്റായ വിവരങ്ങള്‍ പൊലീസിന് ടീസ്ത നല്‍കിയെന്ന് അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടീസ്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇതിന് പിന്നാലെ ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയ്ക്കെതിരെ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.

മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെയും സമാന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതാണ്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഗുജറാത്ത് വംശഹത്യ കേസില്‍ കൃത്രിമമായി തെളിവുകളുണ്ടാക്കി അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചു, എന്ന രീതിയില്‍ മൂവര്‍ക്കുമെതിരെ ഗുജറാത്ത് പൊലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സിലും ടീസ്തയുടെയും ശ്രീകുമാറിന്റെയും അറസ്റ്റിനെ അപലപിച്ചും ഗുജറാത്ത് പൊലീസിന്റെ നടപടിയെ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്.

ഗുജറാത്ത് വംശഹത്യ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ ഏജന്‍സി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കലാപം നടക്കുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി.

ഗുജറാത്ത് വംശഹത്യ നടക്കുന്ന സമയത്ത് ഗുജറാത്ത് എ.ഡി.ജി.പിയായിരുന്ന ശ്രീകുമാറും വംശഹത്യയിലെ മോദി സര്‍ക്കാറിന്റെ പങ്ക് തുറന്നുകാട്ടിയ ഇന്റലിജന്‍സ് ചുമതലയുള്ള ഡെപ്യൂട്ടി കമീഷണറായിരുന്ന സഞ്ജീവ് ഭട്ടും മോദി സര്‍ക്കാറിനെതിരായ വെളിപ്പെടുത്തലുകളുടെയും നിലപാടുകളുടെയും പേരില്‍ നോട്ടപ്പുള്ളികളായിരുന്നു. സഞ്ജീവ് ഭട്ട് 2011 മുതല്‍ ജയിലിലാണ്.

ഏത് പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനേക്കാളും ഭരണകൂടം ഇവരെ ഭയപ്പെടുന്നു; രാജ്യത്തിന് വേണ്ടിയുള്ള 20 വര്‍ഷത്തെ ഇവരുടെ പോരാട്ടം നന്ദികെട്ട ഒരു ജനത മറന്നു: ഹരീഷ് വാസുദേവന്‍

2002ല്‍ അഹമ്മദാബാദില്‍ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപത്തില്‍ 790 മുസ്‌ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും, 2,500ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്.

Content highlight: Kerala Speaker about the arrest of Teesta Setalvad and RB Sreekumar by Gujarat police