| Thursday, 20th February 2014, 12:08 pm

കൂടംകുളത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി കേരളത്തിന് ഉടന്‍ ലഭ്യമാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ചെന്നൈ: കൂടംകുളം ആണവ നിലയത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഏപ്രില്‍ മാസത്തോടെ കേരളത്തിന് ലഭ്യമാകുമെന്ന് ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ അറിയിച്ചു.

വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം തുടങ്ങുന്നതോടെ കേരളം, പുതുച്ചേരി, കര്‍ണ്ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി ലഭ്യമായി തുടങ്ങും.

അതേസമയം വൈദ്യുതി വിതരണത്തിനുള്ള ലൈനുകളുടെ പണി പൂര്‍ത്തിയാകാത്തത് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകും.

തമിഴ്‌നാടിന്റെ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇതുവരെ വാണിജ്യാടിസ്ഥാനത്തില്‍ ഉദ്പാദിപ്പിച്ചിരുന്ന വൈദ്യുതി നല്‍കിയിരുന്നത്.

നിലവില്‍ യൂണിറ്റിന് ഒരു രൂപ നിരക്കിലാണ് തമിഴ്‌നാടിന് വൈദ്യുതി നല്‍കുന്നത്. മറ്റു സംസ്ഥാനങ്ങള്‍ക്കും ഇതേ നിരക്ക് തന്നെ തുടരാനാണ് സാധ്യത.

എന്നാല്‍ ഈ നിരക്ക് അധികം വൈകാതെ ഉയര്‍ത്തുമെന്ന് ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

1000 മെഗാവാട്ട് വൈദ്യുതിയാണ് ആദ്യ യൂണിറ്റില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുക. ഇതില്‍ 562.5 മെഗാവാട്ട് വൈദ്യുതി തമിഴ്‌നാടിന് ലഭിക്കും.

കേരളത്തിന് 133 മെഗാവാട്ടും കര്‍ണ്ണാടകത്തിന് 221 മെഗാവാട്ടും പുതുച്ചേരിക്ക് 33.5 മൈഗാവാട്ട് വൈദ്യുതിയും ഇവിടെ നിന്ന് ലഭ്യമാകും. 50 മെഗാവാട്ട് വൈദ്യുതി കേന്ദ്രപൂളില്‍ മാറ്റിവച്ചിട്ടുമുണ്ട്.

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച വൈദ്യുതി യഥാസമയം എടുത്തില്ലെങ്കില്‍ ആ വിഹിതം കൂടി കേന്ദ്രപൂളിലേക്ക് പോകും.

We use cookies to give you the best possible experience. Learn more