ന്യൂദല്‍ഹി: പ്രളയകാലത്ത് കേരളത്തിനു നല്‍കിയ അധിക അരിയുടെ വില കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്ന് ഈടാക്കുമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍. സംസ്ഥാനത്തിന് കൂടുതല്‍ സഹായം ആവശ്യപ്പെട്ടെത്തിയ എം.പിമാരുടെ സംഘത്തെയാണ് അദ്ദേഹം നിലപാടറിയിച്ചത്.
പ്രളയക്കാലത്ത് ഒരു ലക്ഷം മെട്രിക് ടണ്‍ അരി സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും 9549 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. അനുവദിച്ച അരിക്ക് കിലോഗ്രാമിന് 25 രൂപ നിരക്കില്‍ നല്‍കണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു.
കേന്ദ്ര നിലപാടിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ തുക ഈടാക്കില്ലെന്ന് പാസ്വാന്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഉത്തരവ് ഇറക്കിയിരുന്നില്ല. അതേസമയം, പ്രളയദുരിതത്തില്‍ നിന്നും കരകയറുന്ന കേരളത്തിന് കേന്ദ്രം എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തതായി എ.കെ. ആന്റണി അറിയിച്ചിരുന്നു.
കൂടുതല്‍ കേന്ദ്ര ധനസഹായം അനുവദിക്കാനും വിദേശത്തു നിന്നുള്ള സാമ്പത്തികസഹായങ്ങള്‍ സ്വീകരിക്കാനുള്ള നടപടികളെടുക്കാനും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കേരളത്തിന് എല്ലാ വിധ സഹായങ്ങളും നല്‍കാമെന്നും സാധിക്കുന്ന എല്ലാ പിന്തുണയും നല്‍കുമെന്നും രാജ്നാഥ് സിംഗ് ഉറപ്പു നല്‍കിയിട്ടുണ്ട്” ആന്റണി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. കേരളത്തില്‍ നിന്നുള്ള എം.പിമാരോടൊപ്പം എ.കെ. ആന്റണി ആവശ്യങ്ങളുന്നയിച്ച് ആഭ്യന്തര മന്ത്രിയെ കണ്ടു സംസാരിച്ചിരുന്നു.