|

കേന്ദ്രത്തിന്റെ വായ്പ ഔദാര്യത്തെ ആര്‍ജവത്തോടെ തിരസ്‌ക്കരിക്കാന്‍ കേരളം തയ്യാറാവണം: വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായുള്ള കേന്ദ്ര വായ്പയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ദുരന്തം നടന്ന് ആറ് മാസത്തിന് ശേഷം ഇപ്പോള്‍ വച്ചുനീട്ടുന്ന ഈ വായ്പാ ഔദാര്യത്തെ ആര്‍ജവത്തോടെ തിരസ്‌ക്കരിക്കാനാണ് കേരളം തയ്യാറാവേണ്ടതെന്ന് വി.ടി. ബല്‍റാം പറഞ്ഞു.

കേരളം ഇന്ത്യന്‍ യൂണിയന്റെ ഭാഗമാണെന്നും ഇവിടെ നിന്ന് പിരിച്ചെടുക്കുന്ന നികുതിയില്‍ പകുതിയും യൂണിയന്‍ സര്‍ക്കാരിന്റെ ഖജനാവിലേക്കെത്തുന്നുണ്ടെന്നും വി.ടി ബല്‍റാം പറഞ്ഞു.

എന്നിട്ടും ദുരിതമനുഭവിക്കുന്ന വയനാട് ചൂരല്‍മലക്കാരായ ഇന്ത്യന്‍ പൗരരെ അവഹേളിക്കുകയാണ് രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ സര്‍ക്കാരെന്നും പ്രതികരിച്ചു.

കേരളത്തിന് ഇന്ത്യാ സര്‍ക്കാര്‍ നല്‍കേണ്ടത് വായ്പയല്ലെന്നും നഷ്ടപരിഹാരമാണെന്നും വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

കനത്ത പ്രകൃതിദുരന്തത്തില്‍ നഷ്ടമുണ്ടായിരിക്കുന്നത് ഇന്ത്യന്‍ പൗരര്‍ക്കാണെന്നും അവര്‍ക്ക് വേണ്ടത് ആരുടേയും ഔദാര്യമല്ലെന്നും അഭിമാനത്തോടെയുള്ള പുനരധിവാസത്തിനുള്ള അവകാശമാണ് ലഭിക്കേണ്ടതെന്നും വി.ടി.ബല്‍റാം പറഞ്ഞു.

വയനാട് പുനരധിവാസത്തിനായി കേരളത്തിന് 530 കോടിയുടെ പലിശയില്ലാ വായ്പ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതിന് പിന്നാലെയാണ് വി.ടി ബല്‍റാമിന്റെ പ്രതികരണം. 50 വര്‍ഷം കൊണ്ട് സംസ്ഥാനം ഈ വായ്പ തിരിച്ചടക്കണമെന്നും ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്രം ഇതുസംബന്ധിച്ച് അയച്ച് കത്തില്‍ പരാമര്‍ശിച്ചിരുന്നു.

16 പദ്ധതികള്‍ക്കായാണ് കേന്ദ്രം വായ്പ അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പ് പദ്ധതിക്കായി കണ്ടെത്തുന്ന ഭൂമിയില്‍ പൊതുകെട്ടിടങ്ങള്‍, റോഡ് തുടങ്ങിയവയുടെ നിര്‍മാണത്തിനായാണ് വായ്പ തുക വിനിയോഗിക്കാന്‍ കഴിയുക.

മാര്‍ച്ച് 31നകം വായ്പ തുക ചെവഴിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. 529.50 കോടി രൂപയാണ് വായ്പ ഇനത്തില്‍ കേന്ദ്രം കേരളത്തിന് അനുവദിച്ചത്.

Content Highlight: Kerala should be ready to forcefully reject Centre’s loan bounty: V.T. Balram