എന്‍.ബി. രമേഷ്
ദേശീയപാത 47ല്‍ മണ്ണുത്തി-അങ്കമാലി റൂട്ടിലെ പാലിയേക്കരയില്‍ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ ചുങ്കപ്പുരക്ക് എതിരായ ജനകീയസമരം അനുദിനം ശക്തിപ്രാപിക്കുമ്പോള്‍ സമാനതകള്‍ ഒട്ടുമില്ലാത്ത ഒരു സമരാനുഭവത്തിന് രാഷ്ട്രീയകേരളം സാക്ഷ്യംവഹിക്കുകയാണ്. അതേസമയം ദേശീയപാതയുടെ സ്വകാര്യവത്കരണത്തിനും ചുങ്കപ്പിരിവ് എന്ന പകല്‍ക്കൊള്ളക്കുമെതിരെ പാലിയേക്കരയില്‍ ഏതാനും മാസങ്ങളായി നടന്നുവരുന്ന ജനകീയസമരം അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിലാണ് ഭരണവര്‍ഗ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും കോര്‍പ്പറേറ്റ് കുത്തകകളും ഒത്തുചേര്‍ന്ന ബി.ഒ.ടി ലോബി. സംയുക്ത സമരസമിതി നേതാക്കള്‍ രണ്ട് മാസക്കാലമായി നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തെ തീര്‍ത്തും അവഗണിച്ചും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പൂഴ്ത്തിയും അതിശക്തമായ ജനകീയ പ്രക്ഷോഭത്തെ തമസ്‌കരിച്ചുനിര്‍ത്തുന്നതില്‍ അവര്‍ ഏറെക്കുറെ വിജയം കാണുന്നുമുണ്ട്. കുത്തകക്കമ്പനി ആഗ്രഹിക്കുംവിധം മുദ്രാവാക്യങ്ങള്‍ രൂപപ്പെടുത്തി, ഇളവുകള്‍ക്കും സൗജന്യങ്ങള്‍ക്കുംവേണ്ടി യാചനാ സമരം നടത്തി സി.പി.എമ്മും ഇവര്‍ക്കൊപ്പമുണ്ട്. ദേശീയപാതകള്‍ക്കുപുറമെ, സംസ്ഥാന-ജില്ലാപാതകളിലും ബി.ഒ.ടി നവീകരണം നടപ്പാക്കുമെന്ന നയപ്രഖ്യാപനത്തോടെ ചുങ്കപ്പുരകളുടെ നാടായി കൊച്ചുകേരളം മാറുന്നതിന്റെ ആശങ്കാജനകമായ ചിത്രമാണ് മുന്നിലുള്ളത്.
കുടിയിറക്കപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലുകള്‍ സമരരംഗത്തുണ്ടായിരുന്നെങ്കിലും 2011 ജൂണ്‍ മാസത്തില്‍ കുടിയിറക്ക്-സ്വകാര്യവത്കരണ വിരുദ്ധ സമിതിയാണ് ദേശീയപാതയുടെ ബി.ഒ.ടിവത്കരണത്തിന് എതിരായ സമരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പൊതുവഴികള്‍ ജനങ്ങളുടെ മൗലികാവകാശമാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്താന്‍ ഒരു സര്‍ക്കാരിനും അവകാശമില്ലെന്നുമാണ് സമിതി ഉന്നയിച്ച വാദം. തുടര്‍ന്ന് നികുതിക്കു പുറമെ ചുങ്കം നല്‍കാനാവില്ല എന്ന മൗലികമായ മുദ്രാവാക്യത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി.പി.ഐയും ബി.ജെ.പിയും സി.പി.ഐ.എം.എല്‍ പാര്‍ട്ടികളും എ.ഐ.വൈ.എഫ്. സോളിഡാരിറ്റി, എസ്.എന്‍.ഡി.പി, കെ.പി.എം.എസ്, വ്യാപാരി-വ്യവസായി ഏകോപന സമിതി തുടങ്ങി മുപ്പതിലേറെ സംഘടനകളുമാണ് മുന്നോട്ടുവന്നത്. ഇതില്‍ ശാസ്ത്ര-സാഹിത്യ പരിഷത്തും തൊഴിലാളിയൂണിയനുകളും വിദ്യാര്‍ത്ഥി, യുവജനസംഘടനകളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഉള്‍പ്പെടും. വ്യത്യസ്തമായ ഉദ്ദേശ്യലക്ഷ്യങ്ങളും നയപരിപാടികളും നിലപാടുകളും വീക്ഷണങ്ങളും മുന്‍ഗണനകളും വെച്ചു പുലര്‍ത്തുന്ന വ്യക്തികളും സംഘടനകളും തങ്ങളുടെ അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് ജനപക്ഷമെന്ന് തീര്‍ത്തും അവകാശപ്പെടാവുന്ന ഒരു നിലപാടില്‍ ഐക്യപ്പെടുകയായിരുന്നു.
സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം
“”ദേശീയപാത സ്വകാര്യവത്കരണവും ചുങ്കം പിരിവും ഒരു വ്യവസ്ഥയാക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ദേശീയ പാതകള്‍ മാത്രമല്ല സംസ്ഥാന-ജില്ലാ പാതകളും ബി.ഒ.ടി വ്യവസ്ഥയില്‍ നവീകരിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ടമായി 1560 കിലോമീറ്ററോളം വരുന്ന ദേശീയപാതയും 1300 കിലോമീറ്ററോളം വരുന്ന സംസ്ഥാന-ജില്ലാപാതകളും കുത്തകകള്‍ക്ക് കൈമാറി ബി.ഒ.ടി. വത്കരിക്കുന്നതോടെ കേരളത്തില്‍ നൂറുകണക്കിന് ചുങ്കപ്പുരകളാണ് ഉയര്‍ന്നുവരുക. ചുങ്കം പിരിക്കാനുള്ള കുത്തകാവകാശം കൈക്കലാക്കുക അന്താരാഷ്ട്ര പിന്‍ബലമുള്ള വന്‍കിട കുത്തകകമ്പനികളാണ് .രാഷ്ട്രീയ നേതൃത്വത്തെയും ഉദ്യോഗസ്ഥവൃന്ദത്തെയും മാധ്യമ സംവിധാനത്തെയും എളുപ്പത്തില്‍ വരുതിയില്‍ നിര്‍ത്താന്‍ ഇവര്‍ക്ക് കഴിയും. ഇവരുടെ ഏതുതരം ആവശ്യങ്ങള്‍ അംഗീകരിക്കാനും ഭരണകൂടം തയ്യാറാവും. വരാന്‍പോകുന്ന പകല്‍ ക്കൊള്ളക്കെതിരെ കക്ഷി-രാഷ്ട്രീയഭേദമെന്യേ ഒന്നിച്ചണിനിരക്കുകയല്ലാതെ ജനങ്ങള്‍ക്കു മുന്നില്‍ മറ്റൊരു പോംവഴിയുമില്ലാതായിരിക്കുന്നു””. സമരസമിതി നേതാക്കളില്‍ ഒരാളായ ടി.എല്‍. സന്തോഷ് പറയുന്നു.
2011 ജൂണ്‍ മുതല്‍ പാലിയേക്കരയില്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സമരസമിതി രൂപവത്കരിക്കപ്പെടുകയും ട്രേഡ് യൂണിയനുകളും യുവജനസംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമുദായസംഘടനകളും ടോള്‍വിരുദ്ധ പ്രക്ഷോഭത്തില്‍ അണിനിരക്കുകയും ചെയ്തു. എണ്ണമറ്റ പ്രതിഷേധമാര്‍ച്ചുകളും കാമ്പയിനുകളുമാണ് അന്നുമുതലേ സംഘടിപ്പിക്കപ്പെട്ടത്. ഈ സമയത്തൊന്നും സി.പി.എമ്മോ പോഷകസംഘടനയായ ഡി.വൈ.എഫ്.ഐയോ ചെറുവിരലനക്കാന്‍ തയ്യാറാവാതെ ഒഴിഞ്ഞുമാറി നില്‍ക്കുകയായിരുന്നു. എന്നാല്‍, സമരം ശക്തിപ്പെടുകയും അണികളുടെയും ജനങ്ങളുടെയും ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയാനാവാതെ വരുകയും ചെയ്തപ്പോള്‍ പൊടുന്നനെ ഒരു പ്രഹസനസമരവുമായി അവര്‍ രംഗപ്രവേശം ചെയ്യുകയായിരുന്നു. വിവിധ സംഘടനകളും ടോള്‍വിരുദ്ധ സംയുക്ത സമരസമിതിയും ഉയര്‍ത്തുന്ന “പൊതുവഴികളില്‍ ചുങ്കം പിരിവു പാടില്ല” എന്ന ആവശ്യത്തെ അട്ടിമറിക്കാന്‍ പ്രദേശവാസികള്‍ക്ക് ഇളവുനല്‍കണം എന്ന കുതന്ത്രം പയറ്റിക്കൊണ്ടാണ് സി.പി.എമ്മിന്റെ രംഗപ്രവേശം. എന്നാല്‍, ടോള്‍പിരിവ് തടയുമെന്ന് പ്രഖ്യാപിച്ച് സംയുക്തസമരസമിതി അതിശക്തമായി മുന്നോട്ടുപോയതോടെ ഇവര്‍ അടവൊന്നുമാറ്റി. പണിപൂര്‍ത്തിയായിട്ടില്ല. രാഷ്ട്രീയപാര്‍ട്ടികളോട് ചര്‍ച്ചചെയ്തില്ല തുടങ്ങിയ ലളിതമായ പ്രതിഷേധ പ്രസ്താവനകള്‍ തയ്യാറാക്കി പത്രക്കാര്‍ക്ക് വിതരണം ചെയ്തും ജാഥനടത്തിയും ചടങ്ങുതീര്‍ത്തു. എന്നാല്‍ ജനുവരി 17ന് അര്‍ധരാത്രിയിലും 18ന് രാവിലെയും സംയുക്ത സമരസമിതി നേതൃത്വത്തില്‍ നടത്തിയ വന്‍ ജനമുന്നേറ്റത്തില്‍ ടോള്‍പിരിവ് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെട്ടു. ജനുവരി 19നും 23നും സംയുക്ത സമരസമിതി നേതാക്കളുമായും ജനപ്രതിനിധികളുമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രണ്ടുവട്ടം ചര്‍ച്ചനടത്തുകയുണ്ടായി. ഈ ചര്‍ച്ചകളില്‍ മുഖ്യമന്ത്രിതന്നെ നടത്തിയ ചില വെളിപ്പെടുത്തലുകള്‍ സി.പി.എം എന്ന രാഷ്ട്രീയ കക്ഷിയുടെ വിശ്വാസ്യത പൂര്‍ണമായും ഇല്ലാതാക്കി. ഇളവുകള്‍ അനുവദിച്ചാല്‍ ഒരു തടസ്സവും കൂടാതെ ടോള്‍പിരിക്കാമെന്ന് ആലുവയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍ ഉറപ്പുതന്നിരുന്നത് മറന്നുപോയോ എന്നാണ് ഉമ്മന്‍ചാണ്ടി ചോദിച്ചത്. അതോടെ, സി.പി.എം നേതൃത്വം വെട്ടിലായി. എന്നാല്‍, ഈ ചര്‍ച്ചകളില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ ഒന്നുംതന്നെ പാലിക്കപ്പെട്ടില്ല. ടോള്‍ റോഡിന് സമാന്തരമായി ടോള്‍ ഫ്രീ സര്‍വ്വീസ് റോഡുകള്‍ ഉണ്ടാകുമെന്നും ജനങ്ങള്‍ക്ക് നാളിതുവരെ ലഭ്യമായ എല്ലാ സൗകര്യങ്ങളും ജനാധിപത്യ അവകാശങ്ങളും ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടു. ഫെബ്രുവരി 9ന് തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ രീതിയില്‍ വമ്പിച്ച പൊലീസ് സേനയെ കാവല്‍നിര്‍ത്തി ടോള്‍ പിരിവിന് തുടക്കംകുറിച്ചു.
സ്വകാര്യവത്കരണം
കേരളത്തില്‍ പൊതുനിരത്തുകള്‍ രൂപംകൊള്ളുന്നതിനുപിന്നില്‍ പതിറ്റാണ്ടുകളുടെ സമരചരിത്രമുണ്ട്. ദലിത്-പിന്നാക്ക അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് പൊതുവഴിയിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു. 1893ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തോടെയാണ് ഒരു “പൊതുബോധം” ശക്തമാകുന്നത് എന്ന് കാണാം. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ രൂപംകൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങളും ഇടതുപക്ഷ പുരോഗമന ശക്തികളും ഈ “പൊതുബോധ”ത്തെ അതിശക്തമായി മുന്നോട്ട് നയിച്ചു. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യസംരക്ഷണം, പൊതുവിതരണ സമ്പ്രദായം എന്നിങ്ങനെ കൂടുതല്‍ കൂടുതല്‍ പൊതു ഇടങ്ങള്‍ രൂപപ്പെടുത്താനുളള പോരാട്ടങ്ങളിലേക്ക് അവ മുന്നേറുകയും ചെയ്തു.
1940 കളിലാണ് അഖിലേന്ത്യാതലത്തില്‍ റോഡുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കൊളോണിയല്‍ സര്‍ക്കാര്‍ നടത്തുന്നത്. നിലവിലുള്ള പാതകളെ ദേശീയപാതകള്‍, സംസ്ഥാനപാതകള്‍, ജില്ലാപാതകള്‍, വില്ലേജ് റോഡ് എന്നിങ്ങനെ തരംതിരിക്കുകയും പ്രാദേശികമായ ആവശ്യങ്ങള്‍ കണക്കിലെടുത്ത് റോഡുകളുടെ എണ്ണവും സ്വഭാവവും നിര്‍ണ്ണയിക്കുകയും ചെയ്തു. 1947ലെ അധികാര കൈമാറ്റത്തിനുശേഷം ദേശീയപാതകള്‍ കേന്ദ്രം ഏറ്റെടുത്തു. ചെറുതും വലുതുമായ ജനവാസ കേന്ദ്രങ്ങളെ പരസ്പരം യോജിപ്പിച്ചും രാജ്യത്തെ ബന്ധിപ്പിച്ചും രാജ്യപുരോഗതി സാധ്യമാക്കുക എന്ന ദൗത്യം സര്‍ക്കാര്‍ ഏറ്റെടുത്തു.
ഒരു ജനസമൂഹത്തിന്റെ ആവശ്യങ്ങളെ മുഴുവനായും ഉള്‍ക്കൊണ്ടുകൊണ്ടുള്ള റോഡ് പദ്ധതികളാണ് അക്കാലങ്ങളില്‍ വിഭാവനം ചെയ്യപ്പെട്ടത്. ജനസമൂഹങ്ങളെ വിഭജിക്കാനല്ല മറിച്ച്, ബന്ധിപ്പിക്കാനാണ് അക്കാലത്തെ റോഡ് വികസന പദ്ധതികളെല്ലാം രൂപംകൊണ്ടിരുന്നത്. എന്നാല്‍, 1990കളോടെ ഈ അവസ്ഥ അട്ടിമറിക്കപ്പെട്ടു. ജനങ്ങളെ ബന്ധിപ്പിക്കാനായി രൂപംകൊണ്ട പാതകള്‍ നഗരങ്ങളെ ബന്ധിപ്പിക്കാനുള്ള ഉപാധിമാത്രമായി മാറുകയായിരുന്നു. നിരത്തുകളും തെരുവുകളും വാഹനഗതാഗത്തിനുമാത്രമായ ഇടങ്ങളായി പരിവര്‍ത്തിപ്പിക്കപ്പെട്ടു. ജനങ്ങള്‍ പൊതുനിരത്തില്‍ നിന്ന് ആട്ടിയകറ്റപ്പെട്ടു. 1995ല്‍ കേന്ദ്ര സര്‍ക്കാര്‍ നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിന് രൂപംകൊടുക്കുന്നത് ഈ നയം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ്. പ്രദേശവാസികളുടെ ജീവിതത്തെ ഒട്ടും പരിഗണിക്കാതെയുള്ള അന്തര്‍ദേശീയ റോഡുവികസനപദ്ധതികളാണ് അവ നടപ്പിലാക്കുന്നത്. 1988ല്‍ അധികാരത്തിലേറിയ വാജ്‌പേയി തന്റെ സ്വപ്നപദ്ധതി എന്ന പേരില്‍ അവതരിപ്പിച്ച വിവേകശൂന്യമായ റോഡ് വികസന നടപടികള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുന്നവയായിരുന്നു. ബൃഹത്തായ റോഡ് പദ്ധതിയില്‍ എക്‌സ്പ്രസ് വേകള്‍, ഗോള്‍ഡന്‍ കോറിഡോര്‍ തുടങ്ങി വ്യത്യസ്ത പാതകള്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. ഐ.എം.എഫ്, ലോകബാങ്ക് തുടങ്ങിയ സാമ്രാജ്യത്വ ധനകാര്യ ഏജന്‍സികളില്‍നിന്ന് പദ്ധതിക്കുവേണ്ട പണം കണ്ടെത്താനും വാജ്‌പേയി സര്‍ക്കാര്‍ തീരുമാനിച്ചു. നാഷനല്‍ ഹൈവേ അതോറിറ്റി മുഖാന്തരമാണ് ഇതിനുള്ള കരാര്‍ ഒപ്പുവെച്ചത്.
2004 ഒക്‌ടോബര്‍ 21 ലോകബാങ്കിന്റേതായി പുറത്തുവന്ന ഒരു പഠനറിപ്പോര്‍ട്ട് ഇന്ത്യയുടെ റോഡ് നയം എങ്ങനേയായിരിക്കണം എന്ന നിര്‍ദേശമായിരുന്നു മുന്നോട്ടുവെച്ചത്. റോഡ് പൊതുസ്വത്ത് എന്ന പരമ്പരാഗത ധാരണതിരുത്തി വിപണിയധിഷ്ഠിത (Commercial Approach) സമീപനം കൈക്കൊള്ളാന്‍ അത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അത് പൊതു, സ്വകാര്യ, പങ്കാളിത്തം (PPP), പണിത്, പ്രവര്‍ത്തിച്ച് കൈമാറ്റം (BOT) എന്നീ ആശയങ്ങളെല്ലാം മുന്നോട്ടു വെക്കപ്പെട്ടു. തുടര്‍ന്ന് അധികാരത്തിലേറിയ മന്‍മോഹന്‍ സര്‍ക്കാര്‍ പ്രസ്തുത തീരുമാനം തീവ്രമായി നടപ്പാക്കുകയായിരുന്നു. വാസ്തവത്തില്‍ എക്‌സ്പ്രസ് വേകളും ഗോള്‍ഡന്‍ കോറിഡോറുകളുമെല്ലാം രാജ്യാന്തര കച്ചവടപാതകള്‍ നിര്‍മിക്കാനുള്ള എ.ഡി.ബി. തന്ത്രമാണ്. ഏഷ്യന്‍ രാജ്യങ്ങളെ കരവഴി ബന്ധിപ്പിക്കുകയും അവിടങ്ങളിലെ സമ്പന്നമായ ധാതുസമ്പത്തും സുലഭമായ വനവിഭവങ്ങളും ശുദ്ധജലവുമെല്ലാം കച്ചവടച്ചരക്കാക്കി കൊള്ളയടിക്കാനുള്ള നിഗൂഢനീക്കങ്ങളാണ് ഇവരുടെ “വികസന” തന്ത്രങ്ങള്‍ക്ക് പിന്നിലുള്ളത്.
ലോകബാങ്കും എ.ഡി.ബിയും മുന്നോട്ടുവെച്ച പദ്ധതികളാണ് പൊതു, സ്വകാര്യ, പങ്കാളിത്തവും (Public-Private-Participation) പണിത്, പ്രവര്‍ത്തിച്ച്, കൈമാറ്റവും (Build Operate Transfer). റോഡടക്കമുള്ള പശ്ചാത്തല സംവിധാനങ്ങളും സേവന മേഖലകളും സ്വകാര്യവത്കരിക്കാനായി നവലിബറല്‍ മുതലാളിത്ത ബുദ്ധികേന്ദ്രങ്ങള്‍ വിഭാവനംചെയ്ത പ്രസ്തുത പദ്ധതികള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ ഇന്ന് വ്യാപകമായി പരീക്ഷിക്കപ്പെടുന്നുണ്ട്. ബി.ഒ.ടി വ്യവസ്ഥ പ്രകാരം നമ്മുടെ പൊതുനിരത്തുകള്‍ കുത്തകകള്‍ക്ക് കൈമാറുന്നത് സുദീര്‍ഘമായ ഒരു കാലയളവിലേക്കാണ്. മൂന്നോ നാലോ ദശാബ്ദങ്ങള്‍ നീളുന്ന പകല്‍ക്കൊള്ളയിലൂടെ ആയിരക്കണക്കിന് കോടിരൂപയാണ് കുത്തകകള്‍ കൊയ്‌തെടുക്കുക.
രാഷ്ട്രീയ കക്ഷികളുടെ നിലപാട്
ലോകബാങ്ക്, എ.ഡി.ബി തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളുടെ വികസന കാഴ്ചപ്പാടുകള്‍ പിന്‍പറ്റുന്നവരാണ് മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ എല്ലാവരുംതന്നെ. യു.പി.എ, എന്‍.ഡി.എ സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ ഒരേ തൂവല്‍പക്ഷികളാണ്. ഇടതുപക്ഷം ഇരട്ടത്താപ്പും ഒളിച്ചുകളികളുമാണ് പിന്തുടരുന്നത്. പാലിയേക്കരയിലെ സി.പി.എം സമീപനം എത്ര അപഹാസ്യമാണെന്ന് നോക്കുക. പാര്‍ലമെന്റ് പാസാക്കിയ നിയമം എന്ന നിലയില്‍ തങ്ങള്‍ ബി.ഒ.ടിക്കെതിരെ സമരം ചെയ്യുന്നില്ല എന്നാണവര്‍ പറയുന്നത്. പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങളെല്ലാം കൈയ്യടിച്ച് പാസാക്കുന്നതാണോ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം? ടോള്‍ നിരക്കുകളില്‍ ഇളവുകളും സൗജന്യങ്ങളും വേണം എന്ന ആവശ്യം മാത്രമാണ് അവര്‍ ഉന്നയിക്കുന്നത്. പത്തോ ഇരുപതോ കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശത്തെ ജനങ്ങളുടെ പ്രശ്‌നം മാത്രമാണോ പാലിയേക്കരയിലേത്? പുതുക്കാട്ടുകാര്‍ക്കും ആമ്പല്ലൂരുകാര്‍ക്കും ഇളവുകിട്ടിയാല്‍ മതി ഒരു ജനദ്രോഹനയം അക്രമാസക്തമായി നടപ്പാക്കിയാലും വിരോധമില്ല എന്നാണോ? ഫലത്തില്‍ ജനങ്ങളുടെ ഭൂമിയും ജീവനോപാധികളും കവര്‍ന്നെടുത്ത് കുത്തകകള്‍ക്ക് കൊള്ളയടിക്കാന്‍ രൂപപ്പെടുത്തിയ ഒരു നയത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായി സി.പി.എം മാറി. വമ്പിച്ച ജനരോഷത്തിന്റെ അണപൊട്ടിയൊഴുക്കിനെ തടഞ്ഞുനിര്‍ത്താനായി ഒരു സേഫ്റ്റി വാല്‍വുപോലെ പ്രവര്‍ത്തിക്കുക. പാലിയേക്കരയില്‍ സി.പി.എം ചെയ്യുന്ന പണി അതാണ്. പ്രദേശവാസികളെ സൗജന്യങ്ങള്‍കൊണ്ടും ഇളവുകള്‍കൊണ്ടും ഇക്കിളിപ്പെടുത്തിയാല്‍ സമരപോരാട്ടങ്ങള്‍ക്ക് പിന്നോട്ടടിയുണ്ടാകും എന്ന കണക്കുകൂട്ടലിലാണ് അവരിതു ചെയ്യുന്നത്.
വീതികൂടിയ, സുഗമമായി സഞ്ചരിക്കാവുന്ന റോഡുകള്‍ എക്കാലത്തും ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ബി.ഒ.ടിറോഡുകളെ എതിര്‍ക്കുന്നവരെയെല്ലാം വികസനവിരോധികളായി ചിത്രീകരിക്കുക താരതമ്യേന എളുപ്പവുമാണ്. സമയലാഭം, ഇന്ധനലാഭം, കുറഞ്ഞ യാത്രാക്ലേശം എന്നിങ്ങനെ മോഹനവാഗ്ദാനങ്ങളാണ് വികസനത്തിന്റെ വക്താക്കള്‍ ജനങ്ങള്‍ക്കു നല്‍കുന്നത്. എന്നാല്‍ നിലവിലുള്ള ഹൈവേകളിലൂടെ കടന്നുപോകുന്ന എഴുപതുശതമാനം വാഹനങ്ങള്‍ക്കും ബി.ഒ.ടിറോഡുകളിലൂടെ പ്രവേശനം ഇല്ല എന്നതാണ് വസ്തുത. മണിക്കൂറില്‍ 80 മുതല്‍ 120വരെ കി.മീ. വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കു മാത്രമാണ് ഇവിടെ പ്രവേശം. അതും അതിഭീമമായ ചുങ്കം നല്‍കിമാത്രം. കാറിന് 85ഉം ബസിന് 300ഉം കണ്ടെയ്‌നര്‍ ലോറിക്ക് 475ഉം രൂപ നല്‍കണം. കാലാകാലങ്ങളില്‍ നിരക്കുവര്‍ധനയുണ്ടാകും. ചുങ്കച്ചെലവ് ഇന്ധനവിലയിലും സാധനവിലകളിലും ഉണ്ടാക്കുന്ന വര്‍ധന നിസ്സാരമായിരിക്കില്ല. അതിവേഗ പാതയില്‍നിന്ന് പുറന്തള്ളപ്പെടുന്ന വാഹനങ്ങള്‍ സ്വാഭാവികമായും ആശ്രയിക്കുന്ന റോഡുകളുടെ അവസ്ഥ പരിതാപകരമായിരിക്കും. വാഹനപ്പെരുപ്പം, അപകടക്കുരുക്ക്, ഗുരുതരമായ മലിനീകരണം എന്നിവയാകും ഫലങ്ങള്‍. ഇവക്ക് ബി.ഒ.ടി പാത മുറിച്ച് എതിര്‍ ദിശയിലേക്ക് സഞ്ചരിക്കാന്‍ ഇരട്ടിയിലധികം ദൂരം സഞ്ചരിക്കേണ്ടതായി വരും. ഇത് സമയനഷ്ടത്തിനും യാത്രാദുരിതത്തിനും ഇടയാക്കും. വികസനത്തിന്റെ വക്താക്കളും ഭരണവര്‍ഗവുമെല്ലാം പ്രചരിപ്പിക്കുന്ന സുഖസൗകര്യങ്ങള്‍ കേവലം പത്തോ പതിനഞ്ചോ ശതമാനം വരുന്നവരുടെ സുഖവേഗങ്ങളുടെ കാര്യം മാത്രമാണ്.
ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ ആവേശോജ്ജ്വലമായ സമര പോരാട്ടങ്ങള്‍കൊണ്ട് ഇളകി മറിഞ്ഞു നിന്ന ചരിത്ര പാരമ്പര്യമുണ്ട് ആമ്പല്ലൂര്‍ -പുതുക്കാട് മേഖലക്ക്. തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിച്ചും പട്ടിണിക്കാരെയും പണിയില്ലാത്തവരെയും ചേര്‍ത്തുനിര്‍ത്തിയും തെളിച്ചമുള്ള ഒരു രാഷ്ട്രീയത്തിലേക്ക് ഉണര്‍ന്നുവന്ന ജനതയെന്ന പെരുമ
യുണ്ട് ഇവിടത്തുകാര്‍ക്ക്. ദേശവാസികള്‍ക്ക് നല്‍കിയ ചില്ലറ ഇളവുകളിലും സൗജന്യങ്ങളിലും കുരുങ്ങി സമരരംഗത്തു നിന്ന് പിന്മാറാന്‍ അവര്‍ തയ്യാറായില്ല എന്നത് അവരുടെ രാഷ്ട്രീയമായ ഉണര്‍വ്വിനെയും വ്യക്തതയെയും തെളിച്ചപ്പെടുത്തുന്നുണ്ട്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ദേശീയപാതകള്‍ക്കു പുറമെ സംസ്ഥാന- ജില്ലാ പാതകളും ബി.ഒ.ടി.വത്കരണത്തിന്റെ അപകടത്തിലാണ് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.
ചുങ്കപ്പുരകളുടെ നാടായി കേരളം പരിണമിക്കാന്‍ പോകുന്ന തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള തിരിച്ചറിവ്, പാലി
യേക്കര പ്രക്ഷോഭത്തെ കേരളീയ ജനത ഒന്നാകെ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
കോര്‍പ്പറേറ്റ് കുത്തകകള്‍ കല്‍പ്പിക്കുന്ന കപ്പം നല്‍കി അടിമകളെപ്പോലെ സഞ്ചരിക്കാന്‍ ആത്മാഭിമാനമുള്ള ജനതക്കാ
വില്ല.