കോഴിക്കോട്: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. പാരിസ്ഥിതിക പ്രാധാന്യമുള്ള നിര്‍മ്മാണ രഹിത മേഖല കയ്യേറി നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു.
വേമ്പനാടു കായലിനേയും കായലോരത്തേയും സംരക്ഷിക്കുന്നതില്‍ അവിടെ നടന്ന അനധികൃത കയ്യേറ്റങ്ങളില്‍ ചിലതെങ്കിലും ഒഴിപ്പിച്ച് പൂര്‍വ്വസ്ഥിതിയിലാക്കണമെന്നുള്ള സുപ്രീംകോടതി വിധി ഒരു നല്ല തുടക്കമാണെന്നും പരിഷത്ത് പറഞ്ഞു.
എത്ര കോടതിവിധി വന്നാലും ഉത്തരവ് നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണ് പരിസ്ഥിതി നിയമങ്ങളുടെ കാര്യത്തില്‍ കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും പരിഷത്ത് ആരോപിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘വേമ്പനാടു കായല്‍ നികത്തി നിര്‍മിച്ച മിനി മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 59 ലക്ഷ്വറി വില്ലകള്‍ വിധി വന്ന് നാലു വര്‍ഷങ്ങള്‍ക്ക് ശേഷവും പൊളിച്ചു നീക്കാന്‍ കഴിയാത്തതും മറ്റൊരു ലക്ഷ്വറി ഫ്‌ളാറ്റ് സമുച്ചയത്തിന് ഒരു കോടി രൂപ പിഴ നിശ്ചയിച്ച് പൊളിക്കലൊഴിവാക്കി കൊടുത്തതും പ്രത്യക്ഷ ഉദാഹരണങ്ങള്‍. കയ്യേറ്റക്കാരിലധികവും പണവും സ്വാധീനവും ഉള്ളവരാണെന്നത് നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നുണ്ടോ?’- പരിഷത്ത് ചോദിക്കുന്നു.
അതേസമയം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
ഫ്‌ളാറ്റിനെ സംബന്ധിച്ച കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ എന്തെല്ലാം നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. ഫ്‌ളാറ്റ് പൊളിക്കാന്‍ കോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫ്‌ളാറ്റുടമകള്‍ക്ക് പൂര്‍ണ പിന്തുണയാണ് സര്‍വകക്ഷി യോഗത്തില്‍ ലഭിച്ചത്. യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം കക്ഷികളും ഫ്‌ളാറ്റുടമകള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചു. അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും കെട്ടിട നിര്‍മാതാക്കള്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.
അതേസമയം, മരട് ഫ്‌ളാറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ശബരിമല വിധി നടപ്പാക്കിയെങ്കില്‍ എന്തുകൊണ്ട് ഈ വിധി നടപ്പാക്കിക്കൂടെന്നും കാനം ചോദിച്ചു.