| Monday, 11th November 2013, 10:02 am

ഇടതുപാര്‍ട്ടികള്‍ക്കും സ്ത്രീവിരുദ്ധ സമീപനമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കുടുംബം, മതം തുടങ്ങിയ തലങ്ങളില്‍ സ്ത്രീവിരുദ്ധ സമീപനം നിലനില്‍ക്കുന്നതില്‍ ഒരു പരിധിവരെ ഇടതുപക്ഷമടക്കമുളള രഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും പങ്കുണ്ടെന്ന് ശാസത്ര സാഹിത്യ പരിഷത്ത്.

പരിഷത്ത് സംഘടിപ്പിച്ച കേരളവികസന സംഗമത്തോടനുബന്ധിച്ച് നടത്തിയ സ്ത്രീകളും ആധുനികതയും എന്ന സെമിനാറിലാണ് ഇടത് പാര്‍ട്ടികള്‍ക്കും സ്ത്രീവിരുദ്ധ സമീപനമാണെന്ന വിമര്‍ശനമുയര്‍ന്നത്.

എല്ലാ കാര്യത്തിലും ആധുനികത പിന്തുടരുമ്പോഴും ലിംഗ പദവിയില്‍ ഇന്നും ഫ്യൂഡല്‍ മനോഭാവം തന്നെയാണ് നിലനില്‍ക്കുന്നതെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.

ഇത് കൂടാതെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പൊതു പ്രശ്‌നങ്ങള്‍, തൊഴില്‍ രംഗത്തെ പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളെ സംബന്ധിച്ചും സംഗമത്തില്‍ സെമിനാറുകള്‍ നടന്നു.
പാഠ്യപദ്ധതി രൂപവത്ക്കരണം, അദ്ധ്യാപക പരിശീലനം തുടങ്ങിയ വിദ്യാഭ്യാസ നിര്‍മ്മിതിയില്‍ മതേതര കാഴ്ചപ്പാട് നഷ്ടമാകുന്നു.

മാതൃഭാഷയുടെ നിലനില്‍പ്പ് നഷ്ടമാകുന്നു. ക്യാമ്പസുകള്‍ അരാഷ്ട്രീയ വത്കരിക്കപ്പെടുകയും വര്‍ഗ്ഗീയ വത്കരിക്കപ്പടുകയും ചെയ്യുന്നു. ഉന്നത വിദ്യഭ്യാസ രംഗത്ത് ഗുരുതര പ്രതിസന്ധിയുണ്ട്. തുടങ്ങിയ അഭിപ്രായങ്ങളാണ് വിദ്യഭ്യാസ  മേഖലയെകുറിച്ചുള്ള സെമിനാറില്‍ ഉരുത്തിരിഞ്ഞ് വന്നത്.

അഭ്യസ്തവിദ്യരെ കൂട്ടമായി വിലയ്‌ക്കെടുക്കുന്ന സംസ്‌ക്കാരമാണ് നിലവിലുള്ളതെന്നും അത് സംഘടിത തൊഴില്‍ മേഖലയെ ഇല്ലാതാക്കുകയും തൊഴില്‍ സുരക്ഷയ്ക്കും സാമൂഹിക സുരക്ഷയ്ക്കും ഭീഷണിയാവുകയും ചെയ്യുമെന്ന  ആശങ്കയാണ് തൊഴില്‍ രംഗത്തെ സംബന്ധിച്ച സെമിനാറില്‍ പ്രധാനമായും ഉയര്‍ന്നു വന്നത്.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സംസ്ഥാനം നേരിടുന്ന ഗുരുതര വെല്ലുവിളികള്‍ വിശദീകരിച്ചാണ് ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂരില്‍ രണ്ട് ദിവസത്തെ കേരളവികസന സംഗമം സംഘടിപ്പിച്ചത്.

We use cookies to give you the best possible experience. Learn more