തിരുവനന്തപുരം: തിരുവനന്തപുരം- കാസര്‍കോട് കെ. റെയില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്. കേരളത്തിലെ ജനങ്ങളുടെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ടത് സമഗ്രമായ ഗതാഗത നയവും അതിനനുസൃതമായ പ്രവര്‍ത്തനങ്ങളുമാണ്. പൊതുഗതാഗതത്തെ കേന്ദ്രമാക്കിയാവണം അത്തരമൊരു നയം ആസൂത്രണം ചെയ്യേണ്ടതെന്ന് പരിഷത്ത് ആവശ്യപ്പെട്ടു.
റെയില്‍ ഗതാഗതം ആകണം അതിന്റെ കേന്ദ്ര സ്ഥാനത്ത്. കേരളത്തിലങ്ങോളമിങ്ങോളം പാളം ഇരട്ടിപ്പിക്കലും പൂര്‍ണമായ ഇലക്ട്രോണിക്‌സ് സിഗ്‌നലിങ് സംവിധാനവും നടപ്പാക്കിക്കഴിഞ്ഞാല്‍ കേരളത്തിലെ ട്രെയിന്‍ ഗതാഗതത്തിന്റെ ശേഷി വലിയ തോതില്‍ വര്‍ധിപ്പിക്കാനും കൂടുതല്‍ വണ്ടികള്‍ ഓടിക്കാനും കഴിയുമെന്നും പരിഷത്ത് നിരീക്ഷിച്ചു.
‘ബ്രോഡ്‌ഗേജില്‍ തന്നെ സമാന്തരമായി മൂന്ന്, നാല് ലൈനുകള്‍ ആദ്യം എറണാകുളം- ഷൊര്‍ണൂര്‍ റൂട്ടിലും പിന്നിട് തിരുവനന്തപുരം- മാംഗളൂര്‍ റൂട്ടിലും വന്നാല്‍ അതനുസരിച്ച് തിരുവനന്തപുരത്തു നിന്ന് കാസര്‍കോടു വരെ 5- 6 മണിക്കൂറില്‍ എത്താന്‍ കഴിയും വിധം വേഗം കൂടിയ വണ്ടികളും ഓടിക്കാന്‍ കഴിയും,’പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് എ.പി. മുരളീധരന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ റെയില്‍ യാത്രക്കാരില്‍ ഭൂരിഭാഗവും അന്തര്‍ സംസ്ഥാന യാത്രക്കാരും, അന്തര്‍ ജില്ലാ യാത്രക്കാരുമാണ്. ഇത്തരം കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് കേരളത്തിലെ റെയില്‍ ഗതാഗതം മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദവും ബഹുജന പ്രക്ഷോഭങ്ങളും ഉണ്ടാകണം.