തിരുവനന്തപുരം:ഉത്തരേന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി പ്രത്യേക ട്രെയിന്‍ വേണ്ടെന്ന് കേന്ദ്രത്തോട് കേരളം. എല്ലാവര്‍ക്കുമായി ട്രെയിന്‍ അനുവദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനോട് ആവശ്യപ്പെട്ടു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് കേരളെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള നടപടി ക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് അംഗീകാരം നല്‍കിയ റെയില്‍വേ മന്ത്രാലയം വെള്ളിയാഴ്ച മുതല്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാനിരിക്കെയാണ് കേരളം പ്രത്യേക ട്രെയിന്‍ വേണ്ടെന്നും എല്ലാവര്‍ക്കുമായി ട്രെയിന്‍ അനുവദിച്ചാല്‍ മതിയെന്നും അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍നിന്നും നോര്‍ക്കയെ ഒഴിവാക്കി ഐ.ആര്‍.ടി.സി തന്നെ നേരിട്ട് ചെയ്യണമെന്നും കേരളം റെയില്‍വേ മന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രത്യേക ട്രെയിനിനുള്ള തുക സംസ്ഥാനം തന്നെ നല്‍കും. സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെങ്കില്‍ അതിന്റെ നഷ്ടം കെട്ടിവെക്കുന്ന തുകയില്‍നിന്നും ഈടാക്കാമെന്ന നിര്‍ദ്ദേശവും കേരളം കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദല്‍ഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുമാണ് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വ്വീസ് നടത്തണെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.