തിരുവനന്തപുരം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയ്ക്ക് ആവശ്യമായ സ്ഥലമേറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭയുടെ അനുമതി.
സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
നേരത്തെ പദ്ധതിക്ക് കേന്ദ്ര റെയില്‍വെ മന്ത്രാലയം, നീതി ആയോഗ് എന്നിവയുടെ അനുമതി ലഭിച്ചിരുന്നു. ഇതോടെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിയടക്കമുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പതിനൊന്ന് ജില്ലകളിലൂടെയായി കടന്നുപോകുന്നതായിരിക്കും റെയില്‍ പാത. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പുകള്‍.