തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം എന്‍.ഐ.എ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം.എല്‍.എമാര്‍ക്കൊപ്പം സെക്രട്ടറിയേറ്റില്‍ തീപിടുത്തമുണ്ടായ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗുരുതരമായ പ്രശ്‌നങ്ങളാണ് ഈ വന്‍ തീപിടുത്തത്തിലുണ്ടായിരിക്കുന്നത്. മൂന്ന് സെക്ഷനുകളിലാണ് തീപിടുത്തമുണ്ടായത്. പ്രധാനപ്പെട്ട ഫയലുകള്‍ കത്തിപ്പോയിട്ടുണ്ട്’,ചെന്നിത്തല പറഞ്ഞു.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ഫയലുകളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ യു.ഡി.എഫ് കരിദിനമാചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിനിടെ വ്യാപകമായ അക്രമത്തിന് യു.ഡി.എഫ്, ബി.ജെ.പി ശ്രമമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ഗ്രൗണ്ട് ഫ്‌ളോറില്‍ ഇ.ഐ.ഡി പൊളിറ്റിക്കല്‍ സെക്ഷനിലാണ് തീപിടുത്തമുണ്ടായതെന്നും പെട്ടെന്ന് തന്നെ നിയന്ത്രണവിധേയമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈയൊരു സംഭവം നടന്നതോടെ യു.ഡി.എഫിന്റേയും ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും നേതാക്കള്‍ സംഘടിതമായി കടന്നുവന്ന് വ്യാപകമായി അക്രമങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സെക്രട്ടറിയേറ്റിനകത്ത് ഒരു കലാപഭൂമിയാക്കി മാറ്റാന്‍ ആസൂത്രിതമായിട്ടുള്ള നടപടിയാണുണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
‘ഇവരുടെ സാന്നിധ്യവും ഇടപെടലും കാണുമ്പോള്‍ അക്രമങ്ങള്‍ക്ക് പിന്നില്‍ അവരുടെ കൈകള്‍ ഉണ്ടോയെന്ന് സംശയിച്ചുപോകും. സമഗ്രമായ അന്വേഷണം നടത്തും’, ഇ.പി ജയരാജന്‍ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രന്‍ സെക്രട്ടറിയേറ്റ് ഓഫീസിനകത്ത് കയറി അക്രമം കാണിച്ചുവെന്നും പൊലീസുകാരെ ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ യു.ഡി.എഫും ബി.ജെ.പിയും സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേസമയം പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത രംഗത്തെത്തിയിരുന്നു.
ചീഫ് സെക്രട്ടറി നേരിട്ടെത്തിയാണ് സമരക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കിയത്. മാധ്യമങ്ങളെ സംഭവസ്ഥലത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. അതേസമയം സെക്രട്ടറിയേറ്റിനുമുന്നിലെ പ്രതിഷേധം പൊലീസുമായി സംഘര്‍ഷത്തില്‍ കലാശിച്ചു.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ചീഫ് സെക്രട്ടറി നേരിട്ടെത്തി സമരക്കാരെ വിലക്കിയത്. സെക്രട്ടറിയേറ്റിനുള്ളില്‍ രാഷ്ട്രീയ പ്രസംഗവും സമരവും അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. തീപിടിത്തം നിഷ്പക്ഷമായി അന്വേഷിക്കുമെന്നും ഒന്നും മറച്ചു വെക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തില്‍ സുപ്രധാനമായ രേഖകളെല്ലാം സുരക്ഷിതമാണെന്ന് പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി ഹണി പറഞ്ഞു.
ജീവനക്കാരന് കൊവിഡ് ബാധിച്ചതിനാല്‍ മറ്റ് ഉദ്യോഗസ്ഥരെല്ലാം ക്വാറന്റീനിലായിരുന്നു. രണ്ട് ഉദ്യോഗസ്ഥരാണ് ഓഫീസില്‍ ഉണ്ടായിരുന്നത്.
ഗസ്റ്റ് ഹൗസ് റൂം ബുക്കിംഗിന്റെ ഫയലുകളാണ് നശിച്ചതെന്നും അവയൊന്നും പൂര്‍ണ്ണമായി നശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സുപ്രധാനമായ ഫയലുകളെല്ലാം സുരക്ഷിതമാണ്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല’, ഹണി പറഞ്ഞു.
ഇന്ന് വൈകീട്ട് 5 മണിയോടെയാണ് നോര്‍ത്ത് ബ്ലോക്കിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. അഗ്നിശമനസേന എത്തി തീ അണച്ചു.
കമ്പ്യൂട്ടറുകളില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kerala Secretariat Fire Ramesh Chennithala